മുംബൈ: എട്ട് പുതിയ കമ്പനികൾ ഓഗസ്റ്റ് 26 തിങ്കളാഴ്ചയ്ക്കും ഓഗസ്റ്റ് 30 വെള്ളിയാഴ്ചയ്‌ക്കും ഇടയിൽ പ്രാഥമിക പബ്ലിക് ഓഫറിംഗ് (ഐപിഒകൾ/ipo) വഴി ഓഹരി വിപണിയി(Stock Market)ലേക്കെത്തുകയാണ്.
ഇക്കോസ് മൊബിലിറ്റിയും പ്രീമിയർ എനർജീസുമാണ് മെയിൻബോർഡ് സെഗ്‌മെൻ്റിൽ ഉൾപ്പെടുന്നത്. എസ്എംഇ വിഭാഗത്തിൽ ആറ് കമ്പനികളുടെ ഐപിഒ അരങ്ങേറും.
നിക്ഷേപകർക്ക് തിരക്കുള്ള ദിവസങ്ങളാണ് വരുന്നതെന്ന് സാരം. അതുകൊണ്ടു തന്നെ ഐപിഒയുടെ കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
പ്രീമിയർ എനർജീസ്
രാജ്യത്തെ രണ്ടാമത്തെ വലിയ സോളാർ മൊഡ്യൂൾസ്, ബാറ്ററി നിർമാതാക്കളാണ് പ്രീമിയർ എനർജീസ്. ആഗസ്റ്റ് 27 മുതൽ 29 വരെയാണ് ഓഹരി വിൽപ്പന. 1291.4 കോടി രൂപയുടെ പുതിയ ഓഹരികൾ ആണ് വിറ്റഴിക്കുന്നത്. പ്രമോട്ടർമാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 3.4 കോടി ഓഹരികളുടെ ഓഫർ ഫോർ സെയിലും ഐപിഒയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓഹരി വില
ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 427 രൂപ മുതൽ 450 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 33 ഇക്വിറ്റി ഓഹരികൾക്കും തുർന്ന് 33ൻറെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. യോഗ്യരായ ജീവനക്കാർക്കായി മാറ്റി വെച്ചിരിക്കുന്ന ഓഹരികൾക്ക് ഒന്നിന് 22 രൂപ വീതം ഡിസ്കൗണ്ട് ലഭ്യമാകും.
കൊട്ടക് ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കിംഗ്, ജെപി മോർഗൻ, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവരാണ് ഇഷ്യുവിൻ്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാരായി പ്രവർത്തിക്കുന്നത്.
ഇക്കോസ് മൊബിലിറ്റി ആൻഡ് ഹോസ്പിറ്റാലിറ്റി
ഇന്ത്യയിലെ കോർപ്പറേറ്റ് കമ്പനികൾക്ക് 25 വർഷത്തിലധികമായി ആഡംബര, ബജറ്റ് യാത്രാ സൗകര്യമൊരുക്കുന്ന കമ്പനിയാണ് ഇക്കോസ് ഇന്ത്യ മൊബിലിറ്റി ആൻഡ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡ്. പ്രാരംഭ ഓഹരി വിൽപ്പന ഓഗസ്റ്റ് 28 ബുധനാഴ്ച പൊതു സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും ഓഗസ്റ്റ് 30 വെള്ളിയാഴ്ച അവസാനിക്കും.
ഓഹരി വില
പ്രമോട്ടര്‍മാരുടെ ഓഹരി ഒന്നിന് രണ്ട് രൂപ മുഖവിലയുള്ള 1.8 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 318 മുതൽ 334 രൂപ വരെയാണ് ഓഹരി വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 44 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 44 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഇക്വിറസ് ക്യാപിറ്റലും ഐഐഎഫ്എൽ സെക്യൂരിറ്റീസുമാണ് ഇഷ്യുവിൻ്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.
എസ്എംഇ വിഭാഗത്തിലെ ഐപിഒകൾ
ഇലക്ട്രിക്കൽ കൺട്രോൾ പാനലിൻ്റെയും ഓട്ടോമേഷൻ പാനലിൻ്റെയും നിർമ്മാതാക്കളായ വിഡീൽ സിസ്റ്റം ലിമിറ്റഡിന്‍റെ ഐപിഒ ഓഗസ്റ്റ് 27 മുതൽ 29 വരെയാണ്. 18.08 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 112 രൂപായാണ് ഓഹരി വില നിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യൻ ഫോസ്ഫേറ്റ് ഐപിഒ ഓഗസ്റ്റ് 26 തിങ്കളാഴ്ച ആരംഭിക്കും, ഇത് ഒരു ഷെയറിന് 94 രൂപ പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുണ്ട്. ജെയ് ബീ ലാമിനേഷൻസ് അതിൻ്റെ ഓഹരികൾ ഒന്നിന് 138-146 രൂപ നിരക്കിൽ വാഗ്‌ദാനം ചെയ്യുന്നു, പാരാമാട്രിക്‌സ് ടെക്‌നോളജീസ് ഐപിഒ യഥാക്രമം 110 രൂപയ്ക്കും എയറോൺ കോമ്പോസിറ്റ് 125 രൂപയ്ക്കും ലഭിക്കും.
ജെയ് ബീ ലാമിനേഷൻസ്, പാരാമാട്രിക്സ് ടെക്നോളജീസ് എന്നിവയുടെ ഐപിഒ ഓഗസ്റ്റ് 27 ആം തീയ്യതിയും എയറോൺ കോമ്പോസിറ്റ്, ആർച്ചിറ്റ് നുവുഡ് ഇൻഡസ്ട്രീസ് എന്നിവയുടെ ഐപിഒകൾ യഥാക്രമം ഓഗസ്റ്റ് 28 ബുധനാഴ്ചയും ഓഗസ്റ്റ് 30 വെള്ളിയാഴ്ചയും സബ്‌സ്‌ക്രിപ്‌ഷനായി തുറക്കും.