മുംബൈ: ഓഹരിവിപണിയുടെ കുതിപ്പിനിടയിലും അവകാശികളെത്താത്ത ഓഹരികൾ കുമിഞ്ഞുകൂടുന്നു. ആയിരക്കണക്കിന് കോടി രൂപയുടെ ഓഹരികളും മ്യൂച്വൽ ഫണ്ടുകളുമാണ് പ്രവർത്തനം നിലച്ച ഡീമാറ്റ് അക്കൗണ്ടുകളിൽ കുടുങ്ങിക്കിടക്കുന്നത്.
ഈ ഓഹരികൾ പിൻവലിക്കണമെങ്കിൽ ഒട്ടേറെ നടപടിക്രമങ്ങളുണ്ട്. ഇത് നിക്ഷേപകരെ ബുദ്ധിമുട്ടിലാക്കുന്നു. ഇൻഷുറൻസ്, പ്രോവിഡന്റ് ഫണ്ട്, ബാങ്ക് നിക്ഷേപം എന്നിവയിലും ഇതേ പ്രതിസന്ധിയുണ്ട്.
പ്രവർത്തനം നിലച്ച ഡീമാറ്റ് അക്കൗണ്ടുകളിലെ നിക്ഷേപം ഇൻവെസ്റ്റർ എജുക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ട് (ഐ.ഇ.പി.എഫ്.) എന്ന സർക്കാർ സംവിധാനത്തിലേക്കാണ് പോകുക. ഐ.ഇ.പി.എഫ്. ആണ് ഇത്തരം നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നത്.
തുടർച്ചയായി ഏഴുവർഷം ലാഭവീതം കൈമാറാൻ കഴിയാതെവരുന്ന ഓഹരികളാണ് ഇത്തരത്തിൽ ഐ.ഇ.പി.എഫിലേക്കു മാറ്റുക. 2023 മാർച്ച് വരെയുള്ള കണക്കുപ്രകാരം ഏകദേശം 25,000 കോടി രൂപയുടെ ഓഹരികൾ ഇത്തരത്തിൽ കെട്ടിക്കിടക്കുന്നതായാണ് കണക്ക്.
അതിനുശേഷം ഓഹരിവിപണിയിൽ വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ തുക ഇനിയും ഉയരാനാണ് സാധ്യത.
നിലവിലെ നടപടിക്രമങ്ങളനുസരിച്ച് ഐ.ഇ.പി.എഫിൽനിന്ന് ഓഹരികളിലെ നിക്ഷേപം തിരികെയെടുക്കാൻ ഒരുവർഷമെങ്കിലും വേണ്ടിവരുന്നുണ്ട്. ഓഹരിവിപണിയെക്കുറിച്ച് വലിയ അവഗാഹമില്ലാത്തവർ കൃത്യമായി കെ.വൈ.സി. ചട്ടങ്ങൾ പാലിക്കാതെ വരുന്നതും വിലാസമോ ഫോൺ നമ്പറോ മാറിയാൽ വിവരങ്ങൾ പുതുക്കാതിരിക്കുന്നതും അക്കൗണ്ടുകളുടെ പ്രവർത്തനം നിലയ്ക്കാൻ കാരണമാകുന്നു.
ഇതോടെ, കമ്പനികൾക്ക് ഓഹരിയുടമകളെ ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ടാകും. ഡീമാറ്റ് അക്കൗണ്ടുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാതെ പ്രവർത്തനം നിലയ്ക്കുന്നതാണ് മറ്റൊരു പ്രശ്നം.
നിക്ഷേപകൻ മരിക്കുന്നതോടെ, അവരുടെ ഓഹരിനിക്ഷേപത്തെക്കുറിച്ച് അവകാശികൾക്ക് അറിയാൻ കഴിയാതെ വരുന്നതും അവകാശികളെത്താത്ത നിക്ഷേപം കൂടാൻ കാരണമാകുന്നുണ്ട്.
ബാങ്കുകളിൽ 62,000 കോടിയും പി.എഫിൽ 48,000 കോടിയും
ആർ.ബി.ഐ.യുടെ കണക്കനുസരിച്ച് ഏകദേശം 62,000 കോടി രൂപയാണ് ബാങ്ക് അക്കൗണ്ടുകളിൽ അവകാശികളെത്താതെ കിടക്കുന്നത്. പ്രോവിഡന്റ് ഫണ്ടിലിത് 48,000 കോടി വരെയാണ്.
ഇൻഷുറൻസ് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എൽ.ഐ.സി.യിൽ മാത്രം 21,500 കോടി രൂപ അവകാശികളെത്താതെ കിടക്കുന്നതായാണ് കണക്ക്. 2023 മാർച്ചുവരെ മ്യൂച്വൽ ഫണ്ടുകളിൽ 35,000 കോടിയോളം രൂപ ഇത്തരത്തിലുണ്ട്.
ബാങ്ക് അക്കൗണ്ടുകളിൽ അവകാശികളില്ലാത്ത നിക്ഷേപങ്ങൾ കണ്ടെത്താൻ ആർ.ബി.ഐ. പുതിയ പോർട്ടൽ അവതരിപ്പിച്ചിട്ടുണ്ട്. ഓഹരിവിപണിയിലെ നിക്ഷേപം തിരികെയെടുക്കാനുള്ള നടപടികൾ ലളിതമാക്കുന്നത് സർക്കാർ പരിഗണിക്കുന്നുണ്ട്.
60 ദിവസത്തിനകം ഓഹരിനിക്ഷേപം തിരികെലഭിക്കുന്ന തരത്തിലുള്ള ഭേദഗതികളാണ് ആലോചിക്കുന്നത്. ഇതിനായി കമ്പനികൾ നോഡൽ ഓഫീസർമാരെ നിയമിക്കുന്നതിനടക്കം നിർദേശങ്ങളുണ്ട്.