
ന്യൂഡൽഹി: ഡിജിറ്റൽ പേയ്മെൻ്റുകളുടെ പര്യായമായി മാറിയ യുപിഐ 2024-ഉം കുതിപ്പിൽ തന്നെയെന്ന് റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 46 ശതമാനത്തിന്റെ വർദ്ധനവാണ് ഡിജിറ്റൽ ഇടപാടിലുണ്ടായത്. 17,220 കോടി പണമിടപാടാണ് യുപിഐ വഴി കഴിഞ്ഞ വർഷം നടന്നത്. മുൻ വർഷമിത് 11,768 കോടി ആയിരുന്നു.
യുപിഐ ഇടപാടുകളുടെ ആകെ മൂല്യം 35 ശതമാനം ഉയർന്ന് 246.82 ലക്ഷം കോടിയായി. 2023-ൽ ഇത് 182.84 ലക്ഷം കോടി ആയിരുന്നു. കഴിഞ്ഞ വർഷം ഏറ്റവും കുതിപ്പ് സൃഷ്ടിച്ചത് ഡിസംബർ മാസത്തിലായിരുന്നു. 1,673 കോടി യുപിഐ ഇടപാടുകളാണ് ഡിസംബറിൽ നടത്തിയത്.
നവംബറിനെ അപേക്ഷിച്ച് 8.08 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്
ഫോൺപേ, പേടിഎം, CRED തുടങ്ങിയ ഫിൻടെക് ആപ്പുകളും ജനപ്രീതിയിൽ മുൻപിലാണ്.
മുൻ വർഷങ്ങൾക്ക് സമാനമായി ഫോൺപേയ്‌ക്കാണ് ഏറ്റവും കൂടുതൽ ഓഹരി വിഹിതമുള്ളത്- 48 ശതമാനം. ജനുവരി മുതൽ നവംബർ വരെ 102.9 ലക്ഷം കോടി രൂപയുടെ 7,479.4 കോടി ഇടപാടുകളാണ് നടത്തിയത്.
37 ശതമാനം വിപണി വിഹിതവുമായി ഗൂഗിൾപേയാണ് രണ്ടാമത്. 73.51 ലക്ഷം കോടി രൂപയുടെ 5,786.2 കോടി ഇടപാടുകളാണ് നടത്തിയത്. പേടിഎം മൂന്നാം സ്ഥാനം നിലനിർത്തി.
യുപിഐ പേയ്മെന്റ്സ് സംവിധാനം ഈ വർഷം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്.