
2020ലെ കോവിഡ് മഹാമാരിയില്‍ വിപണിയിലുണ്ടായ ഇടിവിനു ശേഷം ഓഹരികള്‍ അസാധാരണമായ കുതിപ്പാണ് കാഴ്‌ച വെച്ചത്. അതേ സമയം വിപണിയിലെ ഏകദേശം പത്ത് ശതമാനം ഓഹരികള്‍ ഇപ്പോള്‍ കോവിഡിനു മുമ്പത്തെ വിലയിലും താഴെയാണ് വ്യാപാരം ചെയ്യുന്നത്.
വേള്‍പൂള്‍, പിവിആര്‍ ഇനോക്‌സ്, ആര്‍ബിഎല്‍ ബാങ്ക്, റിലാക്‌സോ ഫുട്ട്‌വെയര്‍, ഇന്ദ്രപ്രസ്ഥ ഗ്യാസ്, വി എസ് ടി ഇന്റസ്‌ട്രീ, കാന്‍സായ് നെരോലാക്, ബാറ്റ ഇന്ത്യ എന്നിവ കോവിഡിനു മുമ്പത്തെ വിലയിലും താഴെയായി വ്യാപാരം ചെയ്യുന്ന ഓഹരികളില്‍ ഉള്‍പ്പെടുന്നു.
ഇവയില്‍ മിക്ക ഓഹരികളും കഴിഞ്ഞ ആറു മാസത്തിനിടെ ശക്തമായ ഇടിവാണ് നേരിട്ടത്. കോവിഡിനു ശേഷം2024 സെപ്‌റ്റംബര്‍ വരെ നീണ്ടുനിന്ന കുതിപ്പില്‍ ഉണ്ടായ നേട്ടം ഈ തിരുത്തലില്‍ നഷ്‌ടമായി.
സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് തുടങ്ങിയ നിഫ്‌റ്റി ഓഹരികളും ഇക്കൂട്ടത്തില്‍ പെടുന്നു. ഉദാഹരണത്തിന് 2020 ഫെബ്രുവരിയില്‍ 1104 രൂപയുണ്ടായിരുന്ന ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് ഓഹരി വില ഇപ്പോള്‍ 680 രൂപയാണ്. ഇടിവ് 38.5 ശതമാനം.
ബന്ദന്‍ ബാങ്ക്, യെസ് ബാങ്ക്, വേള്‍പൂള്‍ ഇന്ത്യ, സീ എന്റര്‍ടെയിന്‍മെന്റ്, ആര്‍ബിഎല്‍ ബാങ്ക് തുടങ്ങിയ ഓഹരികള്‍ കോവിഡിനു മുമ്പുണ്ടായിരുന്ന വിലയില്‍ നിന്നും 40 ശതമാനം മുതല്‍ 60 ശതമാനം വരെ തിരുത്തലാണ് നേരിട്ടത്.
ആദിത്യ ബിര്‍ള ഫാഷന്‍, അതുല്‍, ഹണിവെല്‍ ഓട്ടോമേഷന്‍ ഇന്ത്യ, സണ്‍ടെക് റിയാല്‍റ്റി തുടങ്ങിയ ഓഹരികളും ഇപ്പോള്‍ കോവിഡിനു മുമ്പുണ്ടായിരുന്ന വിലയിലും താഴെയാണ് വ്യാപാരം ചെയ്യുന്നത്.