കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

സാമ്പത്തിക സാക്ഷരതയിലും വായ്പകൾ സ്വയം കൈകാര്യം ചെയ്യുന്നതിലും സ്ത്രീകളുടെ മുന്നേറ്റമെന്ന് നിതി ആയോഗ്

മുംബൈ: രാജ്യത്ത് സാമ്പത്തിക സാക്ഷരതയിലും വായ്പകൾ സ്വയം കൈകാര്യം ചെയ്യുന്നതിലും സ്ത്രീകളുടെ മുന്നേറ്റമെന്ന് നിതി ആയോഗിന്റെ റിപ്പോർട്ട്. 2024 ഡിസംബറിലെ കണക്കുപ്രകാരം 2.7 കോടി സ്ത്രീകൾ സ്വയം വായ്പകൾ കൈകാര്യം ചെയ്യുന്നുണ്ടെന്നും മുൻവർഷത്തേക്കാൾ 42 ശതമാനമാണ് വർധനയെന്നും നിതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യം പറഞ്ഞു.

സാമ്പത്തിക സാക്ഷരതയിൽ സ്ത്രീകൾ ഏറെ മികവുകാട്ടുന്നു എന്ന സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു. വായ്പകളെടുത്തിരുന്നവർ എന്നതിൽ നിന്ന് ബിസിനസ് വ്യക്തികൾ എന്ന നിലയിലേക്ക് ഉയരാൻ അവർക്ക് കഴിയുന്നു.

ട്രാൻസ്‍യൂണിയൻ സിബിലുമായി ചേർന്നാണ് ‘കടക്കാരിൽ നിന്ന് ഉൽപാദകരിലേക്ക്, സാമ്പത്തിക വളർച്ചയിൽ സ്ത്രീകളുടെ പങ്ക്’ എന്ന റിപ്പോർട്ട് തയാറാക്കിയത്. വായ്പകൾ സ്വയം കൈകാര്യം ചെയ്യുകയും ക്രെഡിറ്റ് സ്കോറിൽ അച്ചടക്കം പാലിക്കുകയും ചെയ്യുന്നതിൽ സ്ത്രീകളുടെ വിഹിതം 17.89 ശതമാനത്തിൽ നിന്നുയർന്ന് 19.43 ശതമാനമായി. മെട്രോ നഗരങ്ങളിൽ വളർച്ച 30 ശതമാനമാണെങ്കിൽ മെട്രോ-ഇതര നഗരങ്ങളിൽ 48 ശതമാനമാണ്.

മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, തെലങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളാണ് സ്വയം പര്യാപ്തരായ സ്ത്രീകളുടെ പങ്കാളിത്തത്തിൽ (49%) ഏറ്റവും മുന്നിൽ. കഴിഞ്ഞ 5 വർഷത്തിനിടെ ഏറ്റവുമധികം വാർഷിക വളർച്ച (സിഎജിആർ) കുറിച്ചത് രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവയാണ്.

2019നുശേഷം ബിസിനസ് വായ്പകളിൽ സ്ത്രീകളുടെ പങ്ക് 14 ശതമാനം ഉയർന്നു. സ്വർണപ്പണയ വായ്പകളിൽ വർധന 6 ശതമാനം. 2024 ഡിസംബറിലെ കണക്കുപ്രകാരം മൊത്തം ബിസിനസ് വായ്പാ ഇടപാടുകാരിൽ 35% സ്ത്രീകളാണ്.

X
Top