
ന്യൂഡല്‍ഹി: 200 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്താൻ സഹായിച്ച വാട്സാപ്പ് സന്ദേശങ്ങള്‍ ഉദ്ധരിച്ച്, പുതിയ ആദായ നികുതി ബില്ലിനെതിരായ വിമർശനങ്ങളെ പ്രതിരോധിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ.
നികുതി വെട്ടിപ്പും സാമ്ബത്തിക തട്ടിപ്പും തടയുന്നതിന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ഡിജിറ്റല്‍ രേഖകളിലേക്ക് പ്രവേശനം അനുവദിക്കുന്നത് നിർണായകമാണെന്ന് ലോക്സഭയെ അഭിസംബോധന ചെയ്തുകൊണ്ട് ധനമന്ത്രി പറഞ്ഞു.
വാട്സാപ്പ്, ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യമീഡിയ-ഡിജിറ്റല്‍ അക്കൗണ്ടുകളിലേക്ക് പ്രത്യേക അനുമതികളില്ലാതെ തന്നെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് പരിശോധനകള്‍ നടത്താൻ അനുമതിയും പുതിയ ആദായ നികുതി ബില്ലിലുണ്ട്.
‘മൊബൈല്‍ ഫോണുകളിലെ എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍ വഴി കണക്കില്‍പ്പെടാത്ത 250 കോടി രൂപയുടെ പണം കണ്ടെത്തി. വാട്സാപ്പ് സന്ദേശങ്ങളില്‍ നിന്ന് ക്രിപ്റ്റോ ആസ്തികളുടെ തെളിവുകള്‍ കണ്ടെത്തി. വാട്സാപ്പ് ആശയവിനിമയം കണക്കില്‍പ്പെടാത്ത 200 കോടി രൂപയുടെ പണം കണ്ടെത്താൻ സഹായിച്ചു’ ധനമന്ത്രി സഭയില്‍ പറഞ്ഞതായി മണികണ്‍ട്രോള്‍ റിപ്പോർട്ട് ചെയ്തു.
ഗൂഗിള്‍ മാപ്പ് ഹിസ്റ്ററി ഉപയോഗിച്ച് പണം ഒളിപ്പിക്കാൻ പതിവായി സന്ദർശിക്കുന്ന സ്ഥലങ്ങള്‍ തിരിച്ചറിയാൻ കഴിഞ്ഞതായും ബെനാമി സ്വത്തുടമസ്ഥത നിർണ്ണയിക്കാൻ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകള്‍ വിശകലനം ചെയ്തതായും നിർമലാ സീതാരാമൻ പരാമർശിച്ചു.
ക്രിപ്റ്റോകറൻസികള്‍ പോലുള്ള വെർച്വല്‍ ആസ്തികള്‍ക്ക് കണക്കുകള്‍ നല്‍കേണ്ടി വരുന്നത് ഉറപ്പാക്കുമെന്നും അവർ വ്യക്തമാക്കി.
കോടതിയില്‍ നികുതി വെട്ടിപ്പ് തെളിയിക്കുന്നതിനും നികുതി വെട്ടിപ്പിന്റെ കൃത്യമായ തുക കണക്കാക്കുന്നതിനും ഡിജിറ്റല്‍ അക്കൗണ്ടുകളില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കുന്നത് പ്രധാനമാണെന്നും അവർ പറഞ്ഞു.