ഓഹരി വില്‍പ്പനയില്‍ ഖജനാവ് നിറച്ച്‌ കേന്ദ്രസർക്കാർറെക്കാഡ് ഉയരത്തിൽ വിദേശ നാണയ ശേഖരംആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ധനമന്ത്രി നിർമല സീതാരാമൻകുടുംബ ബജറ്റിന് തിരിച്ചടിയായി സവാള വില കുതിച്ചുയരുന്നു; കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ് കാര്യമെന്ന് കേന്ദ്ര സർക്കാർസ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നു

പാക്കറ്റ് ഭക്ഷണങ്ങൾക്ക് ഇനി മുന്നറിയിപ്പ് ലേബൽ; പഞ്ചസാര, ഉപ്പ്, കൊഴുപ്പ് കൂടുതലെങ്കിൽ മുൻവശത്ത് ചുവപ്പ് അടയാളം

ന്യൂഡൽഹി: പാക്കറ്റ് ഭക്ഷണങ്ങളുടെ പോഷകമൂല്യം ഉപഭോക്താക്കൾക്ക് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ പുതിയ മുന്നറിയിപ്പ് ലേബലിങ് സംവിധാനം കൊണ്ടുവരാൻ ഒരുങ്ങി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ).

പഞ്ചസാര, ഉപ്പ്, കൊഴുപ്പ് തുടങ്ങിയ പോഷകഘടകങ്ങൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഭക്ഷണപാനീയങ്ങളുടെ പാക്കറ്റിന്റെ മുൻവശത്ത് ചുവപ്പ് നിറത്തിലുള്ള മുന്നറിയിപ്പ് ചിഹ്നം നൽകണമെന്നാണ് നിർദേശം. ഇതുസംബന്ധിച്ച നിർദേശം എഫ്എസ്എസ്എഐ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് വ്യക്തമാക്കിയത്.

പുതിയ സംവിധാനത്തിൽ ചുവപ്പ് നിറത്തിലുള്ള ഷഡ്ഭുജാകൃതിയിലുള്ള ചിഹ്നങ്ങളാണ് ഉപയോഗിക്കുക. ഉൽപ്പന്നത്തിൽ നിശ്ചിത പരിധിക്ക് മുകളിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയുണ്ടെങ്കിൽ യഥാക്രമം ‘ഹൈ ഫാറ്റ്’, ‘ഹൈ ഷുഗർ’, ‘ഹൈ സോൾട്ട്’ എന്ന മുന്നറിയിപ്പ് നൽകും.

ചില മധുരപാനീയങ്ങൾക്ക് ‘ഹൈലി സ്വീറ്റൻഡ് ബീവറേജ്’ എന്ന പ്രത്യേക മുന്നറിയിപ്പും നൽകാനാണ് നിർദേശം. ആദ്യഘട്ടത്തിൽ ഈ മൂന്ന് ഘടകങ്ങളിൽ രണ്ടോ അതിലധികമോ ഉയർന്ന അളവിലുള്ള ഉൽപ്പന്നങ്ങളിലായിരിക്കും മുന്നറിയിപ്പ് നിർബന്ധമാക്കുക. പിന്നീട് ഏതെങ്കിലും ഒരു ഘടകം ഉയർന്ന അളവിലുള്ള ഉൽപ്പന്നങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് പദ്ധതി.

ഇതിനുള്ള പരിധികൾ 2024ലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്റെയും ഭക്ഷണ മാർഗനിർദേശങ്ങളെ അടിസ്ഥാനമാക്കിയാകും നിശ്ചയിക്കുക.

മുന്നറിയിപ്പ് ലേബൽ പാക്കറ്റിന്റെ പിൻവശത്തെ പോഷകവിവര പട്ടികയിലെ അക്ഷരങ്ങളേക്കാൾ ഒരു പോയിന്റ് വലുപ്പത്തിൽ കൂടുതലായിരിക്കണമെന്നും നിർദേശമുണ്ട്. ഒറ്റ ചേരുവ മാത്രമുള്ള ഭക്ഷണങ്ങൾക്ക് ചില ഇളവുകളും പരിഗണിക്കുന്നുണ്ട്.

ഉപഭോക്താക്കൾക്ക് കൂടുതൽ വ്യക്തമായ വിവരങ്ങൾ നൽകി ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പ്രത്യേകിച്ച് കുട്ടികളും മറ്റ് ദുർബല വിഭാഗങ്ങളും അമിതമായ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയുള്ള ഭക്ഷണങ്ങൾ തിരിച്ചറിയാൻ ഈ സംവിധാനം സഹായിക്കുമെന്നാണ് എഫ്എസ്എസ്എഐയുടെ നിലപാട്. മുന്നറിയിപ്പ് ലേബലുകൾ സംബന്ധിച്ച തീരുമാനം വൈകിയതിൽ സുപ്രീം കോടതിയും നേരത്തെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.

അതേസമയം, പുതിയ സംവിധാനം ഘട്ടംഘട്ടമായി നടപ്പാക്കാനാണ് എഫ്എസ്എസ്എഐ ഉദ്ദേശിക്കുന്നത്. ബന്ധപ്പെട്ട ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും അന്തിമമായി നടപ്പാക്കുക.

പാക്കറ്റ് ഭക്ഷണങ്ങളുടെ പരസ്യവും ലേബലിങ്ങും സംബന്ധിച്ച ഉപഭോക്തൃ ബോധവൽക്കരണത്തിൽ ഈ നീക്കം നിർണായക മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

X
Top