
കോഴിക്കോട്: സംസ്ഥാനത്ത് ഖാദി വില്‍പനയില്‍ വന്‍ കുതിച്ചുചാട്ടം. കഴിഞ്ഞ നാലു മാസത്തിനിടെ ഖാദി വില്‍പനയില്‍ ഏകദേശം 30 ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കോഴിക്കോട് മിഠായി തെരുവിലെ ഖാദി എംപോറിയത്തില്‍ മാത്രം 2025 ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 1.36 കോടി രൂപയുടെ വിപണനമാണ് നടന്നതെങ്കില്‍, 2026 ലെ ഇതേ നാലുമാസങ്ങളില്‍ അത് 1.63 കോടി രൂപയായി ഉയര്‍ന്നു. അതായത് 26.6 ലക്ഷം രൂപയുടെ വര്‍ധനവാണ് ഇവിടെ മാത്രം ഉണ്ടായത്.
ഖദര്‍പ്രിയരായ നേതാക്കള്‍ അധികാരത്തിലെത്തിയതാണ് വില്‍പനയില്‍ ഇത്രയധികം മാറ്റമുണ്ടാകാന്‍ കാര്യമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് വി.ഡി. സതീശന്‍ അധികാരമേറ്റ മേയ് മാസത്തിൽ മാത്രം പല ഔട്ട്‌ലെറ്റുകളിലും വില്‍പന ഇരട്ടിയായി.
കോഴിക്കോട് ഖാദി എംപോറിയത്തില്‍ 2025 മേയില്‍ 24.6 ലക്ഷം രൂപയുടെ കച്ചവടം നടന്ന സ്ഥാനത്ത്, ഈ വര്‍ഷം മേയില്‍ 49.2 ലക്ഷം രൂപയുടെ തുണിത്തരങ്ങളാണ് വിറ്റഴിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഖദര്‍ധാരികളായി തലസ്ഥാനത്തേക്ക് യാത്ര തിരിച്ചതും വിപണിയില്‍ പ്രതിഫലിച്ചതായി ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. നാലു ജില്ലകളില്‍ ഔട്ട്‌ലെറ്റുകളുള്ള സര്‍വോദയ സംഘത്തിന്റെ വില്‍പനയിലും 20 ശതമാനത്തിന്റെ വര്‍ധനയുണ്ട്.
ഷര്‍ട്ടും മുണ്ടുമാണ് ഖാദി വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്. പ്രത്യേകിച്ച് പുതിയ ഫാഷനിലുള്ള റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ക്കും വെള്ളമുണ്ടുകള്‍ക്കുമാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. ഓഗസ്റ്റ് 25 വരെ നീണ്ടുനില്‍ക്കുന്ന ഓണമേള അവസാനിക്കുന്നതോടെ വില്‍പനയില്‍ ഇനിയും വലിയ വര്‍ധനവുണ്ടാകുമെന്നാണ് ഖാദി അധികൃതരുടെ പ്രതീക്ഷ.
എങ്കിലും, മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഖാദി ബോര്‍ഡിന്റെ പുനഃസംഘടന വൈകുന്നതില്‍ ചില ആശങ്കകളും ഉയരുന്നുണ്ട്.






