
കൊച്ചി: കത്തുന്ന വേനൽച്ചൂടും മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധനവും ഇത്തവണ ബിയർ വിൽപ്പന കൂട്ടി. ഏപ്രിൽ മുതൽ ഓഗസ്റ്റ് 23 വരെയുള്ള കണക്കനുസരിച്ച് വിൽപ്പനയിൽ മുന്നിലെത്തിയത് ബിയറാണ്. വിദേശമദ്യത്തിന്റെ വിൽപ്പനയിൽ 9.66 ശതമാനത്തിന്റെ വർധനയുണ്ടായപ്പോൾ ബിയറിന്റേത് 29.2 ശതമാനമാണ്. കടുപ്പമേറിയ മദ്യത്തിനുപകരം നുരഞ്ഞുപൊന്തുന്ന തണുത്ത പാനീയങ്ങളോടാണ് പ്രിയമേറുന്നതെന്ന് വിൽപ്പനക്കണക്കുകൾ സൂചിപ്പിക്കുന്നു.
ബിയർ വിൽപ്പന ഉയരുന്നതിൽ മറുനാടൻ തൊഴിലാളികൾക്കും കാര്യമായ പങ്കുണ്ട്. പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതുമൂലം വായ വരളുന്നതും കടുത്ത ദാഹവും അകറ്റാൻ ഇവർ പ്രധാനമായും ബിയറിനെ ആശ്രയിക്കുന്നു. ഒരു ലഹരി മറ്റൊരു ലഹരിക്ക് വഴിതുറക്കുന്ന സാഹചര്യം സംസ്ഥാനത്തെ മദ്യവിപണിക്ക് നേട്ടമാകുകയാണ്.
ഒരുകാലത്ത് കേരളത്തിലെ ബിയർ വിപണിയെന്നാൽ ‘കിങ്ഫിഷർ’ ആയിരുന്നു. 85 ശതമാനം വിപണിവിഹിതവുമായി കിങ്ഫിഷർ അടക്കിവാണിരുന്ന കാലത്ത് മറ്റ് ഏഴ് ബ്രാൻഡുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ മൂന്നുവർഷത്തിനിടെ ബ്രാൻഡുകളുടെ എണ്ണം പത്തിൽനിന്ന് മുപ്പതായി ഉയർന്നു. വെറുമൊരു കുപ്പി ബിയർ ചോദിച്ചുവാങ്ങിയിരുന്നവർ ഇപ്പോൾ ഫ്‌ളേവറുകളെക്കുറിച്ചും പ്രീമിയം ബ്രാൻഡുകളെക്കുറിച്ചും ചർച്ചചെയ്യുന്ന തലത്തിലേക്ക് മാറിയിട്ടുണ്ട്.
ബിയർ വിപണി വിഹിതം (വർഷം തിരിച്ച്)
മൊത്തം മദ്യവിൽപ്പനയിൽ (ബിയർ + വിദേശ മദ്യം) ബിയറിന്റെ വിഹിതം കൂടി.
2015-16: 43.50% (യു.ഡി.എഫ് സർക്കാരിന്റെ ബാർ പൂട്ടൽ നയത്തെ തുടർന്ന് രേഖപ്പെടുത്തിയ ഉയർന്ന നിരക്ക്)
2020-21: 27.95% (ഏറ്റവും കുറഞ്ഞ നിരക്ക്)
2024-25 (ഏപ്രിൽ 1 – ഓഗസ്റ്റ് 23): 29.15%
2025-26 (ഏപ്രിൽ 1 – ഓഗസ്റ്റ് 23): 32.66%
വ്യത്യസ്ത ബ്രാൻഡുകൾ വന്നതോടെ ബിയർ കേവലം മദ്യമെന്നതിലുപരി ‘ലൈഫ് സ്‌റ്റൈൽ’ പാനീയമായി മാറി. മധ്യവർഗവും ഉപരി-മധ്യവർഗവും തങ്ങളുടെ ഗ്ലാസിലെ പതയുടെ അളവ് കൂട്ടിയപ്പോൾ സർക്കാരിന്റെ ഖജനാവിലേക്ക് ഒഴുകിയെത്തിയത് കോടികളാണ്.
ഉത്സവകാല ചാകര
ഉത്സവകാലം ബെവ്കോയ്ക്ക് എപ്പോഴും ചാകരയാണ്. ഇത്തവണത്തെ ഓണം സീസണിൽ 512 കോടി രൂപയുടെ റെക്കോഡ് വരുമാനമാണ് ബെവ്‌കോ നേടിയത്. കഴിഞ്ഞവർഷത്തെ 460 കോടിയുടെ വരുമാനം മറികടക്കുന്നതിൽ ബിയർ നൽകിയ സംഭാവന ചെറുതല്ല. 2020-21 കാലയളവിൽ 27.95 ശതമാനമായിരുന്ന ബിയറിന്റെ വിപണിവിഹിതം 2025-26 ആയപ്പോഴേക്കും 32.66 ശതമാനമായി.
നേട്ടത്തിന് പിന്നിൽ:
മദ്യവിതരണം തടസ്സമില്ലാതെ കൃത്യമായി ഉറപ്പാക്കി.
സൂപ്പർമാർക്കറ്റുകളെ വെല്ലുന്ന രീതിയിലുള്ള ഡിസ്പ്ലേ സംവിധാനം വഴി ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ട ബ്രാൻഡുകൾ കണ്ടെത്തുന്നത് എളുപ്പമാക്കി.
മുപ്പതോളം ബ്രാൻഡുകൾ ലഭ്യമാക്കിയതോടെ പുതിയ രുചികൾ പരീക്ഷിക്കാൻ ഉപഭോക്താക്കൾക്ക് അവസരം ലഭിച്ചു.
കടുപ്പമേറിയ മദ്യത്തേക്കാൾ തണുപ്പിന്റെ ലഹരിയോടാണ് ആളുകൾക്ക് പ്രിയം. താപനില ഉയരുന്ന സാഹചര്യത്തിൽ വരുംവർഷങ്ങളിലും വിൽപ്പന ഉയർന്നനിരക്കിൽത്തന്നെ തുടരുമെന്നാണ് വിലയിരുത്തൽ.






