
ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള പാചക വാതക (LPG) ഇറക്കുമതിയിൽ യു.എസ് മുന്നിൽ. എൽ.പി.ജിയുമായി ബന്ധപ്പെട്ട് ഗൾഫ് രാജ്യങ്ങളിൽ നിന്ന് വലിയ ഇറക്കുമതി നടക്കുന്നുണ്ടെങ്കിലും, അമേരിക്കൻ ആധിപത്യം തുടരുന്ന കാഴ്ച്ചയാണുള്ളത്.
ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ ഗൾഫിൽ നിന്നുള്ള ഇറക്കുമതി ഏകദേശം ഇരട്ടിയായി. അതേ സമയം ഇന്ത്യ പർച്ചേസ് നടത്തിയ ആകെ എൽ.പി.ജിയുടെ പകുതിയിലധികവും, അതായത് 50 ശതമാനത്തിലധികം അമേരിക്കയിൽ നിന്നായിരുന്നു.
പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെയും (PPAC), ഷിപ് ട്രാക്കിങ് പ്ലാറ്റ്ഫോമായ ക്ലെപ്ലറിന്റെയും ഡാറ്റ പ്രകാരമുള്ള പ്രധാന വിവരങ്ങളാണ് താഴെ നൽകുന്നത്.
ചില കണക്കുകൾ
ആഗസ്റ്റിൽ ഇന്ത്യയുടെ ആകെ എൽ.പി.ജി ഇറക്കുമതി തൊട്ടുമുമ്പത്തെ മാസത്തെ അപേക്ഷിച്ച് 14.5% വർദ്ധിച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എൽ.പി.ജി വിഹിതം, ജൂലൈയിലെ 16.4 ശതമാനത്തിൽ നിന്ന് ഓഗസ്റ്റിൽ 29.7 ശതമാനമായി ഉയർന്നു. അതായത് ഏകദേശം ഇരട്ടി വർധനയാണുണ്ടായത്. യു.എ.ഇയിൽ നിന്നുള്ള ഇറക്കുമതി 94.9% വർദ്ധിച്ച് 1,98,860 ടണ്ണിലെത്തി. കുവൈറ്റിൽ നിന്നുള്ള ഇറക്കുമതി 1,14,580 ടണ്ണായും, ഖത്തറിൽ നിന്നുള്ളത് 65,400 ടണ്ണായും കുത്തനെ ഉയർന്നു.
ആധിപത്യം തുടർന്ന് അമേരിക്ക
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉയർന്നതോടെ അമേരിക്കയിൽ നിന്നുള്ള സപ്ലൈയിൽ ജൂലൈയെ അപേക്ഷിച്ച് 25.8% കുറവുണ്ടായി.
എങ്കിലും, ഓഗസ്റ്റിൽ 7,24,150 ടൺ എൽ.പി.ജി എത്തിയത് യു.എസിൽ നിന്നാണ്. ഇത്തരത്തിൽ ഇന്ത്യയിലെ വിപണിയുടെ 50 ശതമാനത്തിലധികം നിയന്ത്രിക്കുന്നത് ഇപ്പോഴും അമേരിക്കയാണെന്ന് കാണാം.
ഹോർമുസ് പ്രതിസന്ധിയും വിപണിയിലെ മാറ്റവും
മുൻപ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്ന എൽ.പി.ജിയുടെ 90 ശതമാനവും ഗൾഫ് രാജ്യങ്ങളിൽ നിന്നായിരുന്നു. എന്നാൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗത തടസ്സങ്ങളെ തുടർന്ന് ഇന്ത്യ അമേരിക്ക ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്ന് വൻതോതിൽ എൽ.പി.ജി ഇറക്കുമതി ചെയ്യാൻ തുടങ്ങി. ഇപ്പോൾ ഗൾഫിൽ നിന്നുള്ള വിതരണം സാധാരണ നിലയിലായി തുടങ്ങിയെങ്കിലും അമേരിക്കൻ മുൻഗണന മാറ്റമില്ലാതെ തുടരുന്നു.
ഇന്ത്യയിലെ എൽ.പി.ജി ഡിമാൻഡ്
ആഗസ്റ്റിൽ ഇന്ത്യയിലെ എൽ.പി.ജി ഉപഭോഗം 3.2% വർദ്ധിച്ച് 2.42 ദശലക്ഷം ടണ്ണിലെത്തി. ഇത് കഴിഞ്ഞ 6 മാസത്തെ ഉയർന്ന നിരക്കാണ്. എന്നാൽ, കഴിഞ്ഞ വർഷത്തെ ആഗസ്റ്റിലെ ഉപഭോഗവുമായി തതമ്യപ്പെടുത്തുമ്പോൾ വിപണിയിൽ 16 ശതമാനത്തിന്റെ ഇടിവുണ്ട്.
ചുരുക്കത്തിൽ പറഞ്ഞാൽ, ഗൾഫ് മേഖലയിൽ നിന്നുള്ള ഇന്ധന വിതരണം വീണ്ടും പഴയപടിയിലേക്ക് തിരിച്ചെത്തുന്നുണ്ടെങ്കിലും, എൽ.പി.ജിയുമായി ബന്ധപ്പെട്ട് ഇന്ത്യ അമേരിക്കയെ ആശ്രയിക്കുന്ന പ്രവണത തുടരുകയാണ്.






