
ദുബായ്: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടൽപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ ചരക്ക് കപ്പലുകളുടെ സഞ്ചാരത്തിൽ വലിയ ഇടിവ്. കഴിഞ്ഞയാഴ്ച മാത്രം ഹോർമുസ് കടന്ന ചരക്ക് കപ്പലുകളുടെ എണ്ണം 28 ശതമാനം കുറഞ്ഞതായാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ആകെ 77 കപ്പലുകളാണ് ഈ കാലയളവിൽ കടലിടുക്ക് വഴി സഞ്ചരിച്ചത്.
കപ്പലുകളുടെ ചലനങ്ങളും ചരക്ക് നീക്കങ്ങളും നിരീക്ഷിക്കുന്ന വിപണി നിരീക്ഷകരായ കെപ്ലറാണ് കണക്കുകൾ പുറത്തുവിട്ടത്. ഹോർമുസ് ജലപാത പൂർണമായും തുറന്നിട്ടുണ്ടെന്നും പാത തങ്ങളുടെ നാവികസേനയുടെ നിയന്ത്രണത്തിലാണെന്നും അമേരിക്ക അവകാശപ്പെടുന്നതിനിടെയാണ് കപ്പൽ ഗതാഗതത്തിലെ ഇടിവ് വ്യക്തമാക്കുന്ന കണക്കുകൾ പുറത്തുവരുന്നത്.
കഴിഞ്ഞ 10 ദിവസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഹോർമുസ് വഴി കടന്നുപോകുന്ന ചരക്ക് കപ്പലുകളുടെ ദിവസേനയുള്ള ശരാശരി എണ്ണം പത്തായി കുറഞ്ഞു. എണ്ണ ടാങ്കറുകളെ ലക്ഷ്യമിട്ടുള്ള അമേരിക്കയുടെയും ഇറാന്റെയും പരസ്പര ആക്രമണങ്ങളാണ് കപ്പൽ ഗതാഗതം കുറയാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.
കെപ്ലറിൽ നിന്നുള്ള ഡേറ്റ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ മേയ് മാസത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്.
കഴിഞ്ഞ ശനിയാഴ്ച ഹോർമുസ് കടലിടുക്ക് കടന്നത് വെറും രണ്ട് കപ്പലുകൾ മാത്രമാണ്. ഇതിന് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ച 15 കപ്പലുകളും ശനിയാഴ്ച 13 കപ്പലുകളും കടലിടുക്ക് വഴി സഞ്ചരിച്ചിരുന്നു.
കപ്പലുകളുടെ എണ്ണത്തിലെ ഈ ഇടിവ് ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കത്തെയും ആഗോള എണ്ണവിപണിയെയും സംബന്ധിച്ച ആശങ്കകൾ വീണ്ടും ശക്തമാക്കുന്നതാണ്.






