ടെക്സസ്: ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നതിനും വൈകുന്നതിനും കാരണമായ ആഗോള ഐടി പ്രതിസന്ധിയില്‍ സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ക്രൗഡ്സ്‌ട്രൈക്കിനെതിരെ അമേരിക്കയിലെ വിമാന കമ്പനികള്‍ കോടതിയെ സമീപിച്ചു.
വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കേസിന് മെറിറ്റ് ഇല്ല എന്നാണ് ക്രൗഡ്സ്‌ട്രൈക്കിന്റെ വാദം.
സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്സ്‌ട്രൈക്കിന്റെ അപ്ഡേറ്റിലുണ്ടായ പിഴവ് 2024 ജൂലൈയില്‍ ലോകമെമ്പാടുമുള്ള 85 ലക്ഷം മൈക്രോസോഫ്റ്റ് വിന്‍ഡോസ് സിസ്റ്റങ്ങളെ ബാധിച്ചിരുന്നു.
ലോകത്ത് എറ്റവും കൂടുതല്‍ കമ്പ്യൂട്ടറുകളെ ബാധിച്ച ഈ സാങ്കേതിക പ്രശ്‌നം ഗുരുതര പ്രതിസന്ധിയുണ്ടാക്കിയത് വ്യോമയാന രംഗത്തായിരുന്നു. ഇതോടെയാണ് ഡെല്‍റ്റ എയര്‍ലൈന്‍സ് അടക്കമുള്ള മൂന്ന് വിമാന കമ്പനികള്‍ അമേരിക്കയിലെ ടെക്സസിലുള്ള ഫെഡറല്‍ കോടതിയെ സമീപിച്ചത്.
ക്രൗഡ്സ്‌ട്രൈക്ക് സോഫ്റ്റ്വെയര്‍ അപ്ഡേറ്റില്‍ വരുത്തിയ പിഴവ് കാരണം നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നതായും യാത്രക്കാര്‍ക്ക് ഭീമമായ തുക താമസത്തിനും മറ്റ് യാത്രമാര്‍ഗങ്ങള്‍ തേടാനും ചിലവായെന്നും നിരവധിയാളുകള്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ലെന്നും രോഗികളായ യാത്രികര്‍ ഏറെ പ്രയാസപ്പെട്ടെന്നും കമ്പനികള്‍ വാദിക്കുന്നു.
പ്രശ്നങ്ങള്‍ നേരിട്ട മുഴുവന്‍ യാത്രക്കാര്‍ക്കും മതിയായ നഷ്ടപരിഹാരം ക്രൗഡ്സ്‌ട്രൈക്ക് നല്‍കണം എന്നാണ് വിമാന കമ്പനികളുടെ ആവശ്യം. എന്നാല്‍ കേസിനെ ശക്തമായി നേരിടും എന്നാണ് ക്രൗഡ്സ്‌ട്രൈക്കിന്റെ പ്രതികരണം.
ക്രൗഡ്സ്‌ട്രൈക്കിന്റെ പാളിയ അപ്ഡേറ്റിലുണ്ടായ പ്രശ്നം കാരണം ഡെല്‍റ്റ എയര്‍ലൈന്‍സിന് ആറായിരത്തിലധികം വിമാന സര്‍വീസുകളാണ് റദ്ദാക്കേണ്ടിവന്നത്. 500 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഇതോടെ ഡെല്‍റ്റയ്ക്കുണ്ടായത്.
അതേസമയം ക്രൗഡ്‌സ്‌ട്രൈക്കിലെ പ്രശ്നം പരിഹരിച്ച് മറ്റ് വിമാന കമ്പനികള്‍ സര്‍വീസ് പുനരാരംഭിച്ചിട്ടും എന്തുകൊണ്ടാണ് ഡെല്‍റ്റയുടെ സര്‍വീസുകള്‍ തുടങ്ങാന്‍ വൈകിയത് എന്ന കാര്യത്തില്‍ ഡെല്‍റ്റ എയര്‍ലൈന്‍സിനെതിരെ യുഎസ് ഗതാഗത മന്ത്രാലയം അന്വേഷണം നടത്തിവരികയാണ്.