
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയും പൊതുമേഖലാ സ്ഥാപനവുമായ എൽഐസിയുടെ 2% ഓഹരികൾ കൂടി വിറ്റഴിക്കാൻ കേന്ദ്രസർക്കാരിന്റെ നീക്കം. ജൂണിലോ ജൂലൈയിലോ വിൽപന പ്രതീക്ഷിക്കാം. ഇതുവഴി 10,000 കോടി രൂപ സമാഹരിക്കാമെന്ന് കരുതുന്നു. യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾക്കായിരിക്കും (ക്യുഐബി) ഓഹരികൾ വിറ്റഴിച്ചേക്കുക.
ഓഹരി വിൽപന സംബന്ധിച്ച റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ ഇന്നലെ എൽഐസിയുടെ ഓഹരിവില നഷ്ടത്തിലേക്ക് വീണു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപന നിയന്ത്രിക്കുന്ന, ധനമന്ത്രാലയത്തിന് കീഴിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേോജ്മെന്റ് (ദിപം) ആണ് എൽഐസി ഓഹരികൾ വിൽക്കാനുള്ള ഒരുക്കം നടത്തുന്നത്.
2022ൽ ആണ് കേന്ദ്രം ആദ്യമായി എൽഐസി ഓഹരികൾ വിറ്റഴിച്ചത്. പ്രാരംഭ ഓഹരി വിൽപനയിലൂടെ (ഐപിഒ) അന്ന് 3.5% ഓഹരികൾ വിറ്റഴിച്ച് 21,000 കോടി രൂപ സമാഹരിച്ചു. അതുവരെയുള്ള ഏറ്റവും വലിയ ഐപിഒയായിരുന്നു അത്. ഒന്നിന് 949 രൂപയ്ക്കായിരുന്നു വിൽപന.
സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നുള്ള ഇക്കഴിഞ്ഞ മാർച്ച് 31ലെ കണക്കുപ്രകാരം എൽഐസിയിൽ 96.5 ശതമാനമാണ് കേന്ദ്രത്തിന്റെ ഓഹരി പങ്കാളിത്തം. പൊതുമേഖലാ സ്ഥാപനങ്ങളിൽ മിനിമം 25% ‘പൊതു ഓഹരി പങ്കാളിത്തം’ ഉറപ്പാക്കണം എന്ന് ‘സെബി’യുടെ ചട്ടമുണ്ട്. എൽഐസിയിൽ ഇതുപാലിക്കാൻ കേന്ദ്രത്തിന് 2032 വരെ സാവകാശം അനുവദിച്ചിട്ടുമുണ്ട്. ചട്ടം പാലിക്കാനുമാണ് കേന്ദ്രം എൽഐസി ഓഹരികൾ ഘട്ടംഘട്ടമായി വിൽക്കുന്നത്.
5.23 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണ് എൽഐസി. 2025 ജൂൺ 30ലെ 980 രൂപയാണ് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. 52-ആഴ്ചത്തെ താഴ്ച 2026 ഏപ്രിൽ 2ലെ 721.50 രൂപയും. കഴിഞ്ഞ 3 വർഷത്തെ എൽഐസി ഓഹരികൾ 36% നേട്ടം (റിട്ടേൺ) നിക്ഷേപകർക്ക് നൽകിയിട്ടുണ്ട്.
എന്നാൽ, കഴിഞ്ഞ ഒരുവർഷത്തിനിടെ ഓഹരിവില 5% കുറയുകയാണുണ്ടായത്. 2026ൽ ഇതുവരെ ഓഹരിവില 3% താഴ്ന്നു. കഴിഞ്ഞ ഒരാഴ്ചത്തെ നേട്ടം 3.27%.






