
ന്യൂഡൽഹി: യുഎസ്-ഇറാൻ യുദ്ധത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് നടത്തിയ ആഹ്വാനത്തിന്റെ അലയൊലി അടങ്ങിയിട്ടില്ല. ഇപ്പോഴിതാ, മോദിയുടെ മാതൃകയിൽ പുത്തൻ ആഹ്വാനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും രംഗത്ത്. എഫ്, എഫ്, എഫ്… ജനങ്ങൾ മൂന്ന് ‘എഫ്’ ശ്രദ്ധിക്കണമെന്നാണ് നിർമല പറയുന്നത്. വളം (ഫെർട്ടിലൈസർ), ഇന്ധനം (ഫ്യുവൽ), വിദേശനാണ്യം (ഫോറക്സ്) എന്നിവയാണവ.
‘‘ഇന്ധനം, വളം എന്നിവയുടെ വില കുത്തനെ കൂടി. ചരക്കുവരവ് തടസ്സപ്പെട്ടു. ചരക്കുകൂലി ഉയർന്നു. അസംസ്കൃതവസ്തുക്കൾ കിട്ടുന്നില്ല. കമ്പനികൾക്ക് മൂലധന പ്രതിസന്ധി – എല്ലാ പ്രതിസന്ധികളും യുദ്ധത്തെ തുടർന്ന് ഒന്നിച്ചു വന്നു. വിചാരിക്കാത്ത തലത്തിലേക്കാണ് വളം വില കുതിച്ചുകയറിയത്’’ – നിർമല സീതാരാമൻ പറഞ്ഞു. സ്മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (സിഡ്ബി) 37-ാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
മോദി പറഞ്ഞത് മനസ്സിലാക്കണം
പശ്ചിമേഷ്യയിലെ സംഘർഷം സാധാരണക്കാർക്കും എംഎസ്എംഇകൾക്കും മറ്റ് ബിസിനസുകൾക്കും വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അത്യാവശ്യമല്ലാത്ത ഇറക്കുമതി നിയന്ത്രിച്ച് വിദേശനാണ്യ ശേഖരം സംരക്ഷിക്കണമെന്നും സ്വർണം വാങ്ങുന്നത് നിയന്ത്രിക്കണമെന്നും ഉൾപ്പെടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ നിർദേശങ്ങൾ ഈ സാഹചര്യത്തിൽ എല്ലാവരും മനസ്സിലാക്കണമെന്ന് പറഞ്ഞ നിർമല, ജനങ്ങളെയും ബിസിനസുകളെയും സംരക്ഷിക്കുകയെന്ന ദൗത്യമാണ് സർക്കാരിനുള്ളതെന്നും വ്യക്തമാക്കി. ഇന്ധന എക്സൈസ് നികുതി വെട്ടിക്കുറച്ചതുവഴി സർക്കാരിന് ഒരുലക്ഷം കോടി രൂപയുടെ നികുതിവരുമാന നഷ്ടമുണ്ടാകുമെന്നും നിർമല അഭിപ്രായപ്പെട്ടു.
‘‘80-90 ദിവസമായി. ക്രൂഡ് ഓയിൽ വില ഉയരുകയാണ്. ഉയരുന്ന എണ്ണ, വളം, സ്വർണവിലകൾ രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു. ഇവയെല്ലാം വാങ്ങാൻ നമ്മൾ വിദേശനാണ്യമാണ് ചെലവഴിക്കുന്നതെന്ന് ഓർക്കണം’’ – നിർമല പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 4-ാം തവണയും പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ പെട്രോൾ, ഡീസൽ വില കൂട്ടിയ പശ്ചാത്തലത്തിലുമാണ് ധനമന്ത്രിയുടെ വാക്കുകൾ.
ഇന്ത്യ ശക്തം, സുസ്ഥിരം
വൈദേശിക വെല്ലുവിളികൾക്കിടയിലും ഇന്ത്യയുടെ ആഭ്യന്തര സമ്പദ്‍വ്യവസ്ഥ ശക്തവും സുസ്ഥിരവുമാണെന്ന് നിർമല പറഞ്ഞു. ജിഎസ്ടി വരുമാനം നിരക്കുകൾ പരിഷ്കരിച്ചശേഷവും 8.3% വർധിച്ച് കഴിഞ്ഞവർഷം 22 ലക്ഷം കോടി രൂപ കടന്നത് ഇതിനുതെളിവാണെന്നും നിർമല പറഞ്ഞു. ഏപ്രിലിൽ രാജ്യത്ത് ട്രാക്ടർ വിൽപന 26%, കാർ വിൽപന 25%, ത്രൂവീലർ വിൽപന 32% എന്നിങ്ങനെ മെച്ചപ്പെട്ടു. 28 ശതമാനമാണ് ടൂവീലർ വിൽപന വളർച്ച.
എംഎസ്എംഇ കുടിശിക വീട്ടണം
എംഎസ്എംഇകൾക്ക് 8.1 ലക്ഷം കോടി രൂപയുടെ വരുമാന കുടിശികയുണ്ടെന്നും ഇത് അവരുടെ പ്രവർത്തന മൂലധനത്തെ ബാധിക്കുന്നതായും ധനമന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങൾ എംഎസ്എംഇകൾക്ക് 45 ദിവസത്തിനകം കുടിശിക വീട്ടണമെന്ന നിർദേശം കർശനമായി പാലിക്കണമെന്നും നിർമല ആവശ്യപ്പെട്ടു.






