
തിരുവനന്തപുരം ∙ ടൂറിസം വ്യവസായത്തിൽ വിപ്ലവകരമായ എഐ സംരംഭവുമായി ഐബിഎസ് സോഫ്റ്റ്‌വെയർ. നാവിക് ടെക്നോളജി എന്ന പുതിയ എഐ കമ്പനി പൂർണമായും മാതൃസ്ഥാപനത്തിൽനിന്നു വേറിട്ടാകും പ്രവർത്തിക്കുക. എയർലൈൻ, ക്രൂസ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ് എന്നീ മേഖലയിൽ എഐ സാധ്യതകൾ കമ്പനി പരമാവധി പ്രയോജനപ്പെടുത്തും. കൊച്ചി ഇൻഫോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാവിക് ടെക്നോളജിയുടെ ഉദ്ഘാടനം ജൂലൈ 23ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിക്കും.
ട്രാവൽ – ടൂറിസം മേഖലയിൽ സോഫ്റ്റ്‌വെയർ സേവനവും കൺസൽറ്റൻസിയും നൽകുന്ന നാവിക്, ഈ രംഗത്ത് രാജ്യത്തെ ആദ്യ സ്ഥാപനമാകും. പൂർണമായും വ്യക്തിയധിഷ്ഠിതമായി ഓഫറുകളും സേവനങ്ങളും നൽകും. എന്നാൽ വ്യക്തിഗത വിവരങ്ങൾക്ക് പൂർണസുരക്ഷയും കമ്പനി ഉറപ്പുനൽകുന്നു. ആഗോളതലത്തിലെ പ്രമുഖ എയർലൈനുകൾ, വിമാനത്താവളങ്ങൾ, ക്രൂസ് ലൈനുകൾ, വെക്കേഷൻ പ്രൊവൈഡേഴ്സ്, ഹോസ്പിറ്റാലിറ്റി ഗ്രൂപ്പുകൾ എന്നിവയുമായി സഹകരിച്ചാണു പ്രവർത്തനം. തുടക്കത്തിൽ 16 രാജ്യങ്ങളിൽ സേവനം ആരംഭിക്കുകയും 2000 തൊഴിൽ സൃഷ്ടിക്കുകയും ചെയ്യും. 5 വർഷം കൊണ്ട് 5000 പേർക്കു തൊഴിൽ നൽകുകയാണ് ലക്ഷ്യം.






