
ട്വിറ്റര്‍ സബ്‌സ്‌ക്രിപ്ഷന്‍ വരിക്കാരാകുന്നവര്‍ക്ക് പ്രത്യേക ആഡ് ഫ്രീ (പരസ്യ രഹിത) സേവനം മസ്‌ക് ഏര്‍പ്പെടുത്താനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ സബ്‌സ്‌ക്രിപ്ഷന്‍ താരിഫുകളില്‍ ഇത് ഏറ്റവും ഉയര്‍ന്ന നിരക്കുള്ളതാകും എന്നാണ് സൂചന.
പരസ്യം പൂര്‍ണമായും ഒഴിവായി ട്വിറ്റര്‍ സേവനം ലഭിക്കുന്ന സ്‌കീമിന്റെ കൃത്യം തുക സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനാല്‍ പുതിയ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്.
പല ഭാഷകളില്‍ ‘വൈറലാകുന്ന’ ട്വീറ്റുകള്‍ മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് മനസിലാക്കുന്നതിനായി ട്രാന്‍സ്ലേഷന്‍ (പരിഭാഷ) ഫീച്ചര്‍ ഉള്‍പ്പെടുത്തുമെന്ന് കമ്പനി സിഇഒ എലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസം ട്വീറ്റ് വഴി അറിയിച്ചിരുന്നു. മറ്റ് നാടുകളിലെ സംസ്‌കാരത്തിനും ഭാഷയ്ക്കും കൂടുതല്‍ ഖ്യാതി ലഭിക്കുന്നതിന് ഫീച്ചര്‍ വഴി വയ്ക്കും.
അടുത്തിടെ കമ്പനിയില്‍ നടന്ന കൂട്ടപ്പിരിച്ചുവിടലുകളടക്കം ട്വിറ്ററിന്റെ പ്രതിച്ഛായയ്ക്ക് മങ്ങല്‍ ഏല്‍പ്പിച്ചിരുന്നു. ഇതോടെ ഒട്ടേറെ ഉപഭോക്താക്കളാണ് പ്ലാറ്റ്ഫോമില്‍ നിന്നും അക്കൗണ്ട് ഡിലീറ്റ് ചെയ്തത്. പരസ്യവരുമാനത്തെ ഉള്‍പ്പടെ ഇത് സാരമായി ബാധിച്ചു തുടങ്ങിയതോടെയാണ് ഉപഭോക്താക്കളുടെ എണ്ണം താഴേയ്ക്ക് പോകാതിരിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള പുത്തന്‍ ഫീച്ചറുകള്‍ ട്വിറ്റര്‍ അവതരിപ്പിച്ച് തുടങ്ങിയത്.
പുതിയ ഫീച്ചര്‍ വരുമെന്ന് അറിയിപ്പുണ്ടെങ്കിലും ഇത് നടപ്പാക്കാന്‍ ഏതാനും മാസങ്ങള്‍ എടുത്തേക്കും. സാമ്പത്തിക പരാധീനതകള്‍ കമ്പനിയെ സാരമായി ബാധിച്ചു തുടങ്ങിയതിന് പിന്നാലെ ഏതാനും ദിവസം മുന്‍പ് കമ്പനിയിലെ ഫര്‍ണിച്ചറുകളടക്കം ഓണ്‍ലൈനില്‍ ലേലത്തിന് വെച്ചിരുന്നു.