
ന്യൂയോർക്ക്: യുക്രെയ്നെതിരായ യുദ്ധം നിർത്താൻ തയാറാകാത്ത റഷ്യയെ സാമ്പത്തികമായി പൂട്ടാനായി കൊണ്ടുവന്ന ‘100% തീരുവ’ ബില്ലിൽ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബിൽ സെനറ്റിൽ 11ന് എതിരെ 86 വോട്ടുകൾക്കും ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സിൽ 159ന് എതിരെ 262 വോട്ടുകൾക്കും പാസായിരുന്നു. 100% തീരുവ ഏതൊക്കെ രാജ്യങ്ങൾക്കുമേൽ ചുമത്തണമെന്ന് പ്രസിഡന്റ് ട്രംപിന് അധികാരം നൽകുന്ന ബില്ലാണിത്. കടുത്ത റഷ്യൻ വിമർശകനായിരുന്ന അന്തരിച്ച സെനറ്റർ ലിൻഡ്സെ ഗ്രഹാം നേരത്തേ അവതരിപ്പിച്ച ബില്ലാണ് ഭേദഗതികൾ വരുത്തി യുഎസ് പാസാക്കിയത്. 500% തീരുവ ചുമത്തണമെന്നായിരുന്നു ഗ്രഹാമിന്റെ വാദം. ഇതാണ് 100 ശതമാനമായി കുറച്ചത്.
അധികാരം കിട്ടുമെങ്കിലും ട്രംപ് ബില്ലിൽ ഉടൻ ഒപ്പുവയ്ക്കില്ലെന്നായിരുന്നു പൊതുവിലയിരുത്തൽ. ‘വിരട്ടേണ്ട’ എന്ന് കഴിഞ്ഞദിവസം ഇന്ത്യ യുഎസിനോട് പ്രതികരിച്ചിരുന്നു. മാത്രമല്ല, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഒരാഴ്ചയ്ക്കകം യുഎസിൽ എത്താനിരിക്കേയുമാണ് ബില്ലിൽ ട്രംപ് ഒപ്പുവച്ചത്. ട്രംപിന്റെ ഈ ‘സാഹസം’ ഇന്ത്യയെയും ചൈനയെയും പ്രകോപിപ്പിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. റഷ്യയിൽ നിന്ന് ഏറ്റവുമധികം ക്രൂഡോയിലും മറ്റ് ഊർജ ഉൽപന്നങ്ങളും വാങ്ങുന്ന രാജ്യങ്ങൾ, കമ്പനികൾ, ബാങ്കുകൾ, ഷാഡോ കപ്പലുകൾ, ഇടപാട് നടത്തുന്ന വ്യക്തികൾ എന്നിവർക്കെതിരെ ഉപരോധം ചുമത്താൻ ട്രംപിന് അധികാരം നൽകുന്ന ബില്ലാണിത്. യുഎസ്-റഷ്യ വ്യാപാരബന്ധങ്ങളും പൂർണമായി സ്തംഭിക്കും. റഷ്യൻ വ്യക്തികൾ, ആസ്തികൾ എന്നിവയ്ക്കുമേലും ഉപരോധം വരും.
അതേസമയം, ബില്ലിനെ ഒട്ടേറെ ഡെമോക്രാറ്റുകൾ ശക്തമായി എതിർത്തിട്ടുണ്ട്. ഇതിനകം തന്നെ തീരുവത്തീരുമാനങ്ങളിലൂടെ അമേരിക്കയ്ക്ക് വലിയ ദോഷം ട്രംപ് വരുത്തിവച്ചിട്ടുണ്ടെന്ന് അവർ വാദിക്കുന്നു. ബില്ലിൽ പക്ഷേ, ഒരു രാജ്യത്തിന്റെയും പേര് എടുത്തുപറയുന്നില്ല. ആർക്കെല്ലാമെതിരെ തീരുവ ചുമത്തണമെന്ന് ട്രംപിന് തീരുമാനിക്കാം. ഇന്ത്യയ്ക്ക് നിലവിൽ യുഎസിൽ 10% തീരുവയാണുള്ളത്. 100% കൂടി ബാധകമാക്കിയാൽ ഇത് 110 ശതമാനമാകും. ഇന്ത്യ, ചൈന, തുർക്കി, സ്ലൊവാക്യ, ഹംഗറി എന്നിവയാണ് നിലവിൽ ഏറ്റവുമധികം റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾ.
യുഎസ്-ഇന്ത്യ വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചകളും എങ്ങുമെത്താതെ നിൽക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ തീരുവ പ്രകോപനം. ഇതോടെ കരാർ ഉടനെങ്ങും യാഥാർഥ്യമാവില്ലെന്ന് ഉറപ്പായി. മറ്റു രാജ്യങ്ങളേക്കാൾ കുറഞ്ഞ തീരുവ ഉറപ്പുകിട്ടുന്ന മുറയ്ക്കായിരിക്കും കരാർ ഒപ്പിടുകയെന്ന് ഇന്ത്യ പറഞ്ഞിരുന്നു. ട്രംപ് ഒപ്പുവച്ചതോടെ ബിൽ പ്രാബല്യത്തിലായെങ്കിലും ഇന്ത്യയ്ക്കുമേൽ ഉടനടി 100 തീരുവ പ്രാബല്യത്തിൽ വരില്ല. ബില്ലിൽ ഒരു രാജ്യത്തിന്റെയും പേരില്ല. 100% വരെ തീരുവ ചുമത്താം എന്നാണ് ബില്ലിലുള്ളത്. ഇത് ഏതു രാജ്യത്തിനെതിരെ വേണമെന്ന് ട്രംപിന് തീരുമാനിക്കാം. ഏത് രാജ്യത്തിന് ഇളവ് കൊടുക്കണമെന്നും തീരുമാനിക്കാം.






