കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനവും ഇന്ത്യയിലെ(India) ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ(Cochin Shipyard) പുതിയ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണിശാലയിൽ ‘ആദ്യ അതിഥി’ എത്തി.
കൊച്ചി തുറമുഖ അതോറിറ്റിക്ക് കീഴിൽ എറണാകുളം വില്ലിങ്ടൺ ഐലൻഡിലുള്ള 42 ഏക്കറിൽ 970 കോടി രൂപ ചെലവിട്ട് യാഥാർഥ്യമാക്കിയ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണിശാലയുടെ (ISRF) സാങ്കേതിക പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടുവെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് കൊച്ചിൻ ഷിപ്പ്‍യാർഡ് വ്യക്തമാക്കിയത്.
ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലെ കപ്പലായ എച്ച്എസ്‍സി പരലിയാണ് (HSC Parali) അറ്റകുറ്റപ്പണിക്കായി വന്നത്.
6,000 ടൺ ഷിപ്പ് ഭാരശേഷിയും ആറ് വർക്ക്സ്റ്റേഷനുകളും ഏകദേശം 1,400 മീറ്റർ ബെർത്തുമുള്ളതാണ് ഐഎസ്ആർഎഫ്. 130 മീറ്റർ വരെ നീളമുള്ള വെസ്സലുകളെ കൈകാര്യം ചെയ്യാം.
ഒരേ സമയം 6 വെസ്സലുകളെ വരെ കൈകാര്യം ചെയ്യാനാകുമെന്നതും പ്രത്യേകതയാണ്. 1,800 കോടി രൂപ ചെലവഴിച്ച് കൊച്ചിൻ ഷിപ്പ്‍യാർഡിന് സമീപം തേവരയിൽ സജ്ജമാക്കുന്ന പുതിയ ഡ്രൈഡോക്കിന്റെ നിർമാണവും അന്തിമഘട്ടത്തിലാണ്.
ഏകദേശം 30 നില കെട്ടിടത്തിന്റെ ഉയരമുള്ള കൂറ്റൻ ക്രെയിൻ ഇവിടെ കഴിഞ്ഞദിവസം ഉയർത്തിയിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ ഡ്രൈഡോക്കായ ഇവിടയെും ഒക്ടോബറോടെ പ്രവർത്തനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഇരു പദ്ധതികളുടെയും കമ്മിഷനിങ് കഴിഞ്ഞ ജനുവരി 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചിരുന്നു.