സ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നുജിഎസ്ടി പരിഷ്‌കാരം: വിലക്കുറവിന്റെ നേട്ടം ലഭിച്ചില്ലെന്ന പരാതി അന്വേഷിക്കാൻ കൗൺസിൽവില്പനയിൽ ഇടിവ്: ഉപഭോക്താക്കളെ ആകർഷിക്കാൻ മൊബൈൽ ഫോണിന്റെ ജിഎസ്ടി കുറച്ചേക്കുംബാറ്ററി ഭാഗങ്ങളുടെ ഉത്പാദനം: 13,000 കോടിയുടെ ഇൻസന്റീവുമായി കേന്ദ്രസർക്കാർഓണക്കാലത്ത് മികച്ച വിൽപ്പനയുമായി മില്‍മ

ഒരു സാരി പ്രണയ കഥ

അമ്മയുടെ സാരിത്തുമ്പായിരിക്കും ഏതൊരു പെൺകുട്ടിക്കാലത്തിന്റെയും ആദ്യ സാരി ഓർമ. ആദ്യ സാരിയുടുപ്പും അമ്മയുടെ സാരി എടുത്തുതന്നെയാകും. കുട്ടിക്കാലത്ത് ‘അമ്മയായി’ കളിക്കുക എന്നതുതന്നെ സാരിയുടുത്തിട്ടാണ്. അമ്മയുടെ സാരി ചുറ്റി, എങ്ങനെയൊക്കെയോ ഞൊറികളുണ്ടാക്കി, മുന്താണി വലിച്ചിട്ട് കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോൾ, അന്നറിയാതെ തന്നെ സാരിയുമായി ഒരു പെൺകുട്ടി തന്റെ ആദ്യ ബന്ധം തുടങ്ങുന്നു.
പിന്നീട് എത്രയോ കാലം കഴിഞ്ഞാണ് ആ ആറുമീറ്റർ തുണിയുടെ ഉടുപ്പും നടപ്പും നെയ്ത്തും സൗന്ദര്യവും രാഷ്ട്രീയവുമൊക്കെ തിരിഞ്ഞുവരുന്നത്.

സാരി ഉണ്ടായാൽ മാത്രം പോരാ. അത് ഉടുക്കാനും അറിയണമല്ലോ!
പ്രീഡിഗ്രി സെന്റ് ഓഫ് പരിപാടിക്കാണ് പ്രൊഫഷണൽ ടച്ചിൽ ആദ്യമായി സാരി ഉടുക്കുന്നത്. അന്ന് നാട്ടിൻപുറത്ത് ബ്യൂട്ടി പാർലറുകൾ ഇന്നത്തെപ്പോലെ സർവസാധാരണമല്ല. ബന്ധുക്കളായ ചേച്ചിമാരോ അയൽപക്കത്തെ തലമുതിർന്ന കൂട്ടുകാരികളോ ആയിരിക്കും നാട്ടിലെ സാരി സ്പെഷലിസ്റ്റുകൾ. അടുക്കി ഞൊറിയിട്ട് സാരിയുടുക്കുന്ന കല അവരാണ് ആദ്യം കാണിച്ചുതരിക. പിന്നെ പല സ്റ്റൈലുകൾ പരീക്ഷിക്കും. പല സൂത്രങ്ങളും എളുപ്പവഴികളും കാലാകാലങ്ങളായി കണ്ടുപിടിക്കും. സാരി ഉടുക്കുന്നതിലും ഓരോരുത്തർക്കും അവരവരുടേതായ ടെക്നിക് ഉണ്ട്!

ഞാനും പത്തിരുപത് വയസ്സോടെ സാരിയുടുപ്പിൽ വിദഗ്ധയായി. സ്വയം ഉടുക്കാനും കൂട്ടുകാരെ ഉടുപ്പിക്കാനും.
ഇന്ന് ഏതു സാരിയും മെയ്യിലൊതുക്കുന്നതിൽ വൈദഗ്ധ്യമുള്ളവർ സാരി സെറ്റിങ്ങിലൂടെ നല്ല വരുമാനം സ്വന്തമാക്കുന്നുണ്ട്. ഒരിക്കൽ വീട്ടിലെ ചേച്ചിമാരും കൂട്ടുകാരികളും സ്നേഹത്തോടെ ചെയ്തിരുന്ന ഒരു പണി ഇന്ന് പ്രൊഫഷനാണ്.

ഞാനെല്ലാ വസ്ത്രങ്ങളും ധരിക്കുമെങ്കിലും കയ്യിലുള്ളതിൽ ഏറ്റവും കൂടുതലുള്ളത് സാരിയാണ്. അധ്യാപക ജോലിയുടെ ഭാഗമായിട്ടാണ് സാരി ശേഖരവും പരീക്ഷണങ്ങളും കൂടിയത്. ഇന്ന് കോളജിൽ സാരി നിർബന്ധമില്ലെങ്കിലും മിക്കവാറും സാരിയാണ് ഉടുക്കുന്നത്.
അമ്മയുടെ സാരികളിൽ നിന്ന് സ്വന്തം സാരികളിലേക്ക് മാറിയതുമുതൽ കോട്ടൺ സാരികളും ഓർഗണ്ടി സാരികളുമായിരുന്നു പ്രിയം. ഇപ്പോൾ ഓർഗണ്ടി സാരികൾ അത്ര എളുപ്പത്തിൽ കിട്ടാനില്ല. ഓർഗൻസയുണ്ട്. കൈത്തറി, കോട്ടൺ, ലിനൻ, ജ്യൂട്ട്, കാഞ്ചിപുരം പട്ട് മുതൽ ഷിഫോൺ, ജോർജറ്റ്, റെഡി-ടു-വെയർ സാരി വരെ ട്രഡീഷണലിലും മോഡേണിലും സാരിയുടെ ലോകം വളർന്നുകൊണ്ടേയിരിക്കുന്നു.ബനാറസി, ചിക്കങ്കാരി, ബഗൽപൂരി, പോച്ചംപള്ളി, ഇക്കത്ത്, ബന്ദനി, മഹേശ്വരി, ചന്ദേരി, കോട്ട ഡോറിയ, ഉപ്പട… ഇന്ത്യൻ സാരികളുടെ പേരുകൾ എണ്ണിത്തുടങ്ങിയാൽ പട്ടിക തീരുന്നതിന് മുമ്പ് സാരിയുടുത്ത് വേണമെങ്കിൽ ഒരു കല്യാണത്തിന് പോയി വരാം!
കൈത്തറിക്കും ചെട്ടിനാട് കോട്ടണും മംഗലഗിരി സാരിക്കും സ്ഥിരം ഇഷ്ടക്കാരുണ്ട്. മൽമൽ കോട്ടൺ സെറ്റ് സാരികൾ ഈ ഓണക്കാലത്തെ ട്രെൻഡായിരുന്നു.

ഏതാണ്ട് ഇരുപത്തിയഞ്ച് വർഷമാകുന്നു സാരിയുടുത്തുതുടങ്ങിയിട്ട്. എത്ര പുതിയ മോഡലുകൾ വന്നാലും കോട്ടൺ തന്നെയാണ് വ്യക്തിപരമായി പ്രിയം. കോട്ടൺ സാരി, സ്റ്റാർച്ച് മുക്കി തേച്ചുടുക്കൽ ഇത്തിരി പണിയാണെങ്കിലും അതാണ് സുഖം. സാരി സ്വയം ഡിസൈൻ ചെയ്യാറുമുണ്ട്. അങ്ങനെ ഉടുക്കുന്ന സാരികൾക്ക് നല്ല കയ്യടി കിട്ടാറുമുണ്ട്.
സാരിയിൽ ഹാൻഡ് എംബ്രോയ്ഡറിയും പെയിന്റിങ്ങും ചെയ്യുന്ന കൂട്ടുകാരിലൂടെ സ്വന്തം ആശയ്ക്കും ആശയത്തിനുമനുസരിച്ച് പല വെറൈറ്റികളും കിട്ടും. ഒരേപോലെയുള്ള സാരികളുടെ കൂട്ടത്തിൽ നിന്ന് നമ്മളെ ഒന്ന് പ്രത്യേകം എടുത്തുകാണിക്കാനും അതിനാകും.

സാരി എല്ലാക്കാലത്തും അതിന്റെ പവർ കാത്തുസൂക്ഷിച്ച് തുടരുന്നതിന് പിന്നിൽ ഇവിടുത്തെ ജനപ്രിയ സംസ്കാരത്തിന് വലിയ പങ്കുണ്ട്. ഓടിച്ചാടി നടക്കാനും കാലുപൊക്കാനും ഒക്കെ അസൗകര്യമാണെങ്കിലും അന്തസ്സിന്, ഗൗരവത്തിന്, ഫാഷന്, സെക്സി ലുക്കിന്, ഔദ്യോഗിക വേഷത്തിന്, ആഘോഷത്തിന്, കല്യാണത്തിന്, സാരി തന്നെ പ്രിയം!
രാവിലെ മുതൽ രാത്രി വരെ വയറുമുറുക്കി കെട്ടുന്നതുൾപ്പെടെയുള്ള അസ്വസ്ഥതകൾ സഹിക്കാൻ പറ്റാത്തവർ മറ്റു വസ്ത്രങ്ങളിലേക്ക് മാറിയിട്ടുണ്ടെങ്കിലും ഒരു ചടങ്ങിൽ ഭൂരിപക്ഷ അംഗീകാര പദവി ഇപ്പോഴും സാരിക്ക് തന്നെ.

ഇതിനിടയിലെ ഏറ്റവും രസകരമായ കാര്യം സ്ത്രീ എന്ത് ധരിക്കണം എന്നതിനെക്കുറിച്ച് അഭിപ്രായം പറയാൻ സമൂഹത്തിന് വലിയ താൽപര്യമാണ് എന്നതാണ്. ടീച്ചറായാൽ സാരി വേണം എന്ന മട്ടിലുള്ള അഭിപ്രായങ്ങൾ ഇപ്പോഴും കുറവല്ല. ഇനി സാരി തന്നെയാണെങ്കിൽ എങ്ങനെ ഉടുക്കണം, എത്ര കാണണം, എവിടെ കാണണം, എന്ത് കാണാൻ പാടില്ല എന്നൊക്കെ തീരുമാനിക്കപ്പെട്ടിട്ടുണ്ട്.
സാരി മാന്യമായ വസ്ത്രമാണെന്ന് പറയുന്ന അതേ മനുഷ്യർ, സാരി ഉടുത്ത സ്ത്രീയുടെ ശരീരത്തിലേക്ക് നോക്കുന്നതിൽ പക്ഷേ വലിയ മടിയൊന്നുമില്ല. വസ്ത്രത്തിന്റെ മാന്യതയെക്കുറിച്ച് ഇത്രയും ആശങ്കയുള്ള സമൂഹം സ്വന്തം നോട്ടത്തിന്റെ മാന്യതയെക്കുറിച്ച് അത്ര ആലോചിക്കാറില്ല എന്നതാണ് തമാശ.

സ്ത്രീ സാരി ഉടുക്കുന്നത് ശരീരം മറയ്ക്കാനാകാം. അലങ്കരിക്കാനാകാം. സൗകര്യത്തിനാകാം. ഫാഷനാകാം. ഇഷ്ടമായതുകൊണ്ടാകാം. അല്ലെങ്കിൽ ഒരു കാരണവുമില്ലാതെ വെറുതെ സാരി ഇഷ്ടമായതുകൊണ്ടാകാം.
അതിന് സമൂഹത്തിന്റെ അനുമതി വേണ്ടതില്ല.

ഓരോരുത്തർക്കും രസകരമായ സാരിയോർമകൾ കാണും.
ഉടുത്തു കഴിഞ്ഞാൽ പിന്നെ അടുത്തുള്ള ഏതു തിളങ്ങുന്ന പ്രതലത്തിലും – കണ്ണാടി, വണ്ടിയുടെ ഗ്ലാസ്, ഷോറൂം വിൻഡോ- സ്വന്തം രൂപം ഒന്നുനോക്കി ഞൊറികൾ ശരിയാണോ എന്ന് ഉറപ്പുവരുത്തുന്നത് കണ്ടിട്ടില്ലേ? പടികൾ കയറുമ്പോൾ മുന്താണി പിടിച്ച്,

സാരി ചെറുതായി ഒന്ന് ഉയർത്തിപ്പിടിച്ചുള്ള ആ പ്രത്യേക നടപ്പും! ?
അതൊക്കെ സാരിക്കു മാത്രം അവകാശപ്പെട്ടതാണ്!..

ഡോ. അനു പാപ്പച്ചൻ
(എഴുത്തുകാരിയും കവയിത്രിയുമായ ലേഖിക തൃശൂർ വിമല കോളജിലെ മലയാളം അധ്യാപികയാണ്)

X
Top