
നെടുമ്പാശേരി: നൂറ് കോടി രൂപയിലധികം നിക്ഷേപത്തില്‍ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന്(സിയാല്‍) സമീപം സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ ഹൈഡ്രജൻ സ്റ്റേഷന്റെ നിർമ്മാണം അവസാനഘട്ടത്തിലേക്ക്. അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയുടെ ഉദ്ഘാടനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാരത് പെട്രോളിയം കോർപ്പറേഷന്റെ (ബി.പി.സി.എല്‍) മേല്‍നോട്ടത്തില്‍ പൂനെയിലെ സോപാൻ ഒ ആൻഡ് എം കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് പദ്ധതി ഒരുക്കുന്നത്. ഹൈഡ്രജൻ സ്റ്റേഷന്റെ നിർമ്മാണവും ആദ്യ അഞ്ച് വർഷത്തെ നടത്തിപ്പുമാണ് സോപാൻ ഏറ്റെടുത്തിട്ടുള്ളത്.
ഹൈഡ്രജൻ ഇന്ധനത്തിന്റെ ഉത്പാദനവും വിപണനവും ഇവിടെയുണ്ടാകും. ഹൈഡ്രജൻ ഉത്പാദന ചുമതല ബി.പി.സി.എല്ലിനാണ്. കാഴ്ച്ചയില്‍ സാധാരണ പെട്രോള്‍ പമ്പുകളെ പോലെയാണെങ്കിലും ഹൈഡ്രജൻ നിർമ്മാണ യന്ത്രങ്ങള്‍ക്ക് മാത്രം ചെലവ് 40 കോടി രൂപയ്ക്കടുത്താണ്.
ആദ്യഘട്ടത്തില്‍ വിമാനത്താവളത്തിനകത്ത് ഉപയോഗിക്കുന്ന ബസുകളിലാണ് ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കുക. ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കാവുന്ന 30 സീറ്റുകളുള്ള ബസ് കൊച്ചിയിലെത്തി.
ഗ്രീൻ ഹൈഡ്രജൻ
പ്രകൃതി സൗഹൃദ ഇന്ധനങ്ങളില്‍ ഏറെ പ്രതീക്ഷയുള്ള ഗ്രീൻ ഹൈഡ്രജൻ രംഗത്തെ മുൻനിര കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇലക്‌ട്രോളിസിസ് പ്രക്രിയയിലൂടെ ജലം വിഘടിപ്പിച്ചാണ് ഹൈഡ്രജൻ ഉണ്ടാക്കുന്നത്.
വ്യാവസായിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. ഇലക്‌ട്രിക്ക് വാഹനങ്ങളിലേത് പോലെ ഫ്യുവല്‍ സെല്ലില്‍ നടക്കുന്ന രാസപ്രവർത്തനത്തിന്റെ ഫലമായാണ് ഹൈഡ്രജൻ വാഹനങ്ങളിലും വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
ഇതിനായി ഗ്രീൻ ഹൈഡ്രജൻ പ്രത്യേക ടാങ്കില്‍ സൂക്ഷിക്കും. സാധാരണ വാഹനങ്ങള്‍ കാർബണ്‍ പുറന്തള്ളുമ്പോള്‍ ഹൈഡ്രജൻ വാഹനങ്ങളില്‍ നിന്നും പുറത്തുവരുന്നത് വെള്ളം മാത്രമായിരിക്കും. അതിനാല്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാകില്ല.