ന്യൂഡൽഹി: ഭൂമി വിൽക്കുന്നവർക്ക് കനത്ത തിരിച്ചടിയുമായി ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിൽ കൊണ്ടുവന്ന പുതിയ നികുതി നിർദേശത്തിന്മേൽ ധനമന്ത്രാലയം ഇളവ് അനുവദിച്ചേക്കും.
ഭൂസ്വത്ത് വിൽക്കുന്നയാൾക്ക് ലഭിച്ചിരുന്ന മൂലധന നേട്ടത്തിന്മേൽ (ലോങ്-ടേം കാപ്പിറ്റൽ ഗെയിൻ) നൽകിയിരുന്ന ഇൻഡെക്സേഷൻ ആനുകൂല്യം എടുത്തുകളയുകയും നികുതിനിരക്ക് 20ൽ നിന്ന് 12.5 ശതമാനമായി കുറയ്ക്കുകയും ചെയ്ത തീരുമാനത്തിൽ ഇളവ് അനുവദിക്കാനാണ് നീക്കം.
നികുതി കുറച്ചെങ്കിലും ഇൻഡെക്സേഷൻ ആനുകൂല്യം ഇല്ലാതാക്കിയത് ഫലത്തിൽ സ്ഥലം വിൽക്കുന്നവരുടെ നികുതിഭാരം കൂട്ടുകയേയുള്ളൂ എന്നും റിയൽ എസ്റ്റേറ്റ് മേഖലയുടെ തളർച്ചയ്ക്ക് അത് വഴിവയ്ക്കുമെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.
ഇതോടെയാണ്, ഇളവ് നൽകുന്നത് പരിഗണിക്കാൻ ധനമന്ത്രാലയം ഒരുങ്ങുന്നത്. ബജറ്റിലെ നിർദേശം അന്നുതന്നെ പ്രാബല്യത്തിൽ വന്നിരുന്നു.
സ്ഥലത്തിന് (ഭൂമിക്ക്) കാലികമായി വില വർധിക്കുകയാണ് പതിവ്. ഈ വിലക്കയറ്റ നിരക്ക് (ഇൻഡെക്സേഷൻ), പിന്നീട് ഭൂമി വിൽക്കുമ്പോഴത്തെ നികുതി കണക്കാക്കുന്ന വേളയിൽ ഉടമയ്ക്ക് കിട്ടിയ ലാഭവുമായി തട്ടിക്കിഴിക്കും. ഇതായിരുന്നു ഇൻഡെക്സേഷൻ ഇളവ്. ഈ ആനുകൂല്യമുണ്ടായിരുന്നതിനാൽ, ഫലത്തിൽ സ്ഥലം വിൽക്കുന്നയാൾക്ക് നികുതി ബാധ്യത ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ നാമമാത്രമായിരുന്നു.
ബജറ്റിൽ ഇൻഡെക്സേഷൻ എടുത്തുകളഞ്ഞതോടെ എത്രയാണോ ലാഭം അതിന്റെ 12.5 ശതമാനം നികുതിയായി നൽകേണ്ട സ്ഥിതിയാണ് ഉണ്ടായത്. കേരളം ഉൾപ്പെടെ ഭൂമി കൈമാറ്റം സജീവമായ സംസ്ഥാനങ്ങൾക്ക് ഇത് വൻ തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
നിലവിൽ തന്നെ കേരളത്തിൽ പലയിടത്തും റിയൽ എസ്റ്റേറ്റ് രംഗം മന്ദീഭവിച്ചിട്ടുണ്ടെന്നും നികുതിഭാരം ഭയന്ന് സ്ഥലം വിൽക്കാൻ ആരും തയ്യാറാകാത്ത സ്ഥിതിയുണ്ടാകുമെന്നും ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു.
കേന്ദ്രം പരിണിക്കുന്നത് ഇക്കാര്യങ്ങൾ
ഈ വർഷം ജൂലൈ വരെ നടന്ന ഭൂമി വിൽപന ഇടപാടുകൾക്ക് ഇളവ് നൽകാനായിരിക്കും ധനമന്ത്രാലയം ശ്രമിക്കുന്നതെന്ന് സൂചനകളുണ്ട്.
മറ്റൊന്ന്, ആദായനികുതി സ്കീമുകൾ പോലെ പഴയ നികുതി, പുതിയ നികുതി ഇവയിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ ഭൂമി വിൽക്കുന്നവരെ അനുവദിക്കുകയാണ്.
രണ്ടാമത്തെ നിർദേശം നടപ്പായാൽ ഭൂമി വിൽക്കുന്നവർക്ക് അനുയോജ്യമായ നികുതി സ്കീം തിരഞ്ഞെടുത്ത് ഇടപാട് നടത്താൻ സാധിക്കും.