
കേരളത്തിൽ നിന്നൊരു കമ്പനി കൂടി പ്രാരംഭ ഓഹരി വിൽപന (ഐപിഒ) സംഘടിപ്പിച്ച് ഓഹരി വിപണിയിലെത്തുന്നു. തൃശൂർ അതിപ്പള്ളിയിലെ സിൽവർസ്റ്റോം പാർക്ക്സ് ആൻഡ് റിസോർട്സ് ആണ് ഈയാഴ്ച ഐപിഒ സംഘടിപ്പിക്കുന്നത്.
82.43 കോടി രൂപ സമാഹരിച്ച് ബിഎസ്ഇ എസ്എംഇ പ്ലാറ്റ്ഫോമിലേക്കാണ് കമ്പനി ചുവടുവയ്ക്കുക. മുഖ്യധാരാ ഐപിഒ (മെയിൻബോർഡ് ഐപിഒ) അല്ല.
∙ ഫ്രഷ് ഓഹരികൾ: പൂർണമായും പുതിയ ഓഹരികൾ സൃഷ്ടിച്ചാണ് (ഫ്രഷ് ഇഷ്യൂ) സിൽവർസ്റ്റോമിന്റെ ഐപിഒ. അതായത്, സമാഹരിക്കുന്ന തുക പൂർണമായും കമ്പനിയുടെ വികസനത്തിന് ഉപയോഗിക്കും.
61.98 ലക്ഷം ഓഹരികളാണ് വിൽക്കുന്നത്. ജൂലൈ 24ന് ആരംഭിച്ച് ജൂലൈ 28ന് ഐപിഒ സമാപിക്കും. മിനിമം 2000 ഓഹരികൾക്കാണ് അപേക്ഷിക്കാനാവുക. തുടർന്ന് 1000 ഓഹരികളുടെ ഗുണിതത്തിന് അപേക്ഷിക്കാം. ആങ്കർ നിക്ഷേപകർക്ക് ജൂലൈ 23ന് ഓഹരികൾക്കായി അപേക്ഷിക്കാം.
∙ മൂല്യം 301 കോടി: ഓഹരിക്ക് 123-133 രൂപ നിരക്കിലാണ് വില (ഇഷ്യൂ പ്രൈസ്) നിശ്ചയിച്ചിട്ടുള്ളത്. ഈ പ്രൈസ് ബാൻഡ് പ്രകാരം കമ്പനിക്ക് 301.6 കോടി രൂപ മൂല്യം വിലയിരുത്തുന്നു. ഐപിഒയിൽ പാതി ഓഹരികളും യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കായാണ് (ക്യുഐബി) മാറ്റിവച്ചിരിക്കുന്നത്.
ചെറുകിട നിക്ഷേപകർക്കായി (റീട്ടെയ്ൽ ഇൻവെസ്റ്റർമാർ) 35%. ബാക്കി 15% സ്ഥാപനേതര നിക്ഷേപകർക്കുള്ളതാണ് (എൻഐഐ). ജൂലൈ 31നാണ് ബിഎസ്ഇ എസ്എംഇ പ്ലാറ്റ്ഫോമിൽ ഓഹരികളുടെ ലിസ്റ്റിങ്.
∙ സമാഹരണവും ലക്ഷ്യവും: തൃശൂർ അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപം അമ്യൂസ്മെന്റ് കം വാട്ടർപാർക്ക്, സ്നോപാർക്ക്, റിസോർട്ട് എന്നിവയാണ് സിൽവർസ്റ്റോമിനുള്ളത്. പുറമേ ജാർഖണ്ഡിലും പാർക്കുണ്ട്. ലക്നൗവിലും പുതിയ പദ്ധതി ഉടൻ വരും.
ഐപിഒ വഴി സമാഹരിക്കുന്ന തുകയിൽ 26.11 കോടി രൂപ നിർദിഷ്ട ലക്നൗ സ്നോ പാർക്കിന്റെയും ഫാമിലി എന്റർടെയ്ൻമെന്റ് സെന്ററിന്റെയും വികസനത്തിന് പ്രയോജനപ്പെടുത്തും.
അതിരപ്പള്ളി തീം പാർക്കിന്റെ വിപുലീകരണത്തിന് 15.1 കോടി രൂപ ചെലവാക്കും. ഇവിടെ കേബിൾ കാർ സംവിധാനവും കമ്പനി ആസൂത്രണം ചെയ്യുന്നുണ്ട്. കടങ്ങൾ വീട്ടാൻ 24 കോടി രൂപ വിനിയോഗിക്കും.
∙ മികവുറ്റ കണക്കുകൾ: 2026 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം 96.7% വളർച്ചയോടെ 19.1 കോടി രൂപ ലാഭം നേടിയ കമ്പനിയാണ് സിൽവർസ്റ്റോം. വരുമാനം 40.6% ഉയർന്ന് 43.6 കോടി രൂപയിലുമെത്തി. പ്രവർത്തന മികവിന്റെ അളവുകോലുകളിലൊന്നായ എബിറ്റ്ഡ 77.3% മുന്നേറി 29.4 കോടി രൂപയാണ്.
എബിറ്റ്ഡ മാർജിൻ 53.41ൽ നിന്ന് 67.37 ശതമാനവുമായും മെച്ചപ്പെട്ടു. നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുൻപുള്ള ലാഭമാണ് എബിറ്റ്ഡ. 2025-26ൽ 6.71 ലക്ഷം പേരാണ് സിൽവർസ്റ്റോം പാർക്ക് സന്ദർശിച്ചത്. തൊട്ടുമുൻവർഷം ഇത് 5.14 ലക്ഷമായിരുന്നു.






