ഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞുരാജ്യത്തെ 72 ലക്ഷം ടൺ അരി എഥനോളിലേക്ക്; കേന്ദ്ര തീരുമാനം ഭക്ഷ്യസുരക്ഷയ്ക്ക് വെല്ലുവിളിയോ?കയറ്റുമതി രേഖകള്‍ ഒത്തുതീര്‍ക്കാന്‍ ആര്‍ബിഐ ഇടപെടല്‍; ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിഗള്‍ഫ് മലയാളികള്‍ വഴി ആര്‍ബിഐ നിക്ഷേപ പദ്ധതിയില്‍ എത്തിയത് കോടികള്‍; സംസ്ഥാനത്തെ ആകെ എന്‍ആര്‍ഐ നിക്ഷേപം 3.24 ലക്ഷം കോടിഎൽപിജിക്ക് പകരം എഥനോൾ വ്യാപകമാക്കാൻ കേന്ദ്രം; ഉപഭോക്താക്കളെ ആകർഷിക്കാൻ പദ്ധതി

ഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

ന്യൂഡൽഹി: ഇന്ത്യയിലെ എല്‍എന്‍ജി ഉപഭോഗം കുറഞ്ഞു. ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എല്‍എന്‍ജി വില കുത്തനെ ഉയര്‍ന്നതും ആഭ്യന്തര ഉല്‍പ്പാദനം കുറഞ്ഞതുമാണ് ഇന്ത്യയേയും ബാധിച്ചത്. എണ്ണ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ പ്രകൃതി വാതക ഉപഭോഗം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6.5 ശതമാനം കുറഞ്ഞ് 16 ബില്യണ്‍ ക്യുബിക് മീറ്ററായി. ആഭ്യന്തര ഉല്‍പ്പാദനം 4.3 ശതമാനം ഇടിഞ്ഞ് 8.3 ആയി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി എന്നിവിടങ്ങളിലെ ഉല്‍പ്പാദനം കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം.

അതേസമയം, സ്‌പോട്ട് വിപണിയില്‍ എല്‍എന്‍ജി വില കുത്തനെ ഉയര്‍ന്നതോടെ ഇറക്കുമതി ചെലവ് വര്‍ധിക്കുകയും, എല്‍എന്‍ജി ഇറക്കുമതി 8.6 ശതമാനം കുറഞ്ഞ് 7.7 ബില്യണ്‍ ക്യുബിക് മീറ്ററായി ആയി ചുരുങ്ങുകയും ചെയ്തു. ഇന്ത്യയുടെ പ്രകൃതി വാതക ആവശ്യത്തിന്റെ ഏകദേശം 50 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.

ഇതില്‍ ഭൂരിഭാഗവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. ഇറാന്‍ യുദ്ധം മേഖലയിലെ വിതരണ ശൃംഖലയെ ബാധിച്ചതോടെ, പ്രത്യേകിച്ച് ഇന്ത്യയുടെ പ്രധാന വിതരണക്കാരായ ഖത്തറില്‍ നിന്നുള്ള വിതരണം തടസ്സപ്പെടുകയും കൂടുതല്‍ ചെലവേറിയ മറ്റ് വിപണികളെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തു.

എല്‍എന്‍ജി വാങ്ങലിന്റെ വലിയൊരു പങ്ക് ദീര്‍ഘകാല കരാറുകള്‍ വഴിയാണെങ്കിലും, ആവശ്യമായ അധിക അളവ് സ്‌പോട്ട് വിപണിയില്‍ നിന്ന് വാങ്ങേണ്ടി വന്നതോടെ ഇന്ത്യയ്ക്ക് കൂടുതല്‍ സാമ്പത്തികഭാരം നേരിടേണ്ടിവന്നു.

യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഏഷ്യന്‍ സ്‌പോട്ട് എല്‍എന്‍ജി ബെഞ്ച്മാര്‍ക്കായ ജെകെഎം വില ഫെബ്രുവരിയിലെ 10.7 ഡോളറില്‍ നിന്ന് മാര്‍ച്ചില്‍ 20 ഡോളര്‍/എംഎംബിടിയുവായി ഉയര്‍ന്നു. ഏപ്രിലില്‍ 16.9 ഡോളറും, മേയില്‍ 18.3 ഡോളറും, ജൂണില്‍ 16 ഡോളറും ആയിരുന്നു ശരാശരി വില. അടുത്തിടെ യുഎസ്-ഇറാന്‍ സംഘര്‍ഷം വീണ്ടും ശക്തമായതോടെ ജെകെഎം വില വീണ്ടും 20 ഡോളറിന് മുകളിലെത്തി.

ഇന്ത്യയുടെ ദീര്‍ഘകാല എല്‍എന്‍ജി കരാറുകളില്‍ ഭൂരിഭാഗവും ക്രൂഡ് ഓയില്‍ വിലയുമായി ബന്ധിപ്പിച്ചുള്ളതാണ്. അമേരിക്കയുമായുള്ള ഒരു പ്രധാന കരാര്‍ ഹെന്റി ഹബ് ഗ്യാസ് വിലയെ അടിസ്ഥാനമാക്കിയുള്ളതാണ്. നിലവിലെ പ്രതിസന്ധിയില്‍ ഹെന്റി ഹബ് വിലയില്‍ വലിയ ചാഞ്ചാട്ടമില്ലാത്തതിനാല്‍ യുഎസില്‍ നിന്നുള്ള എല്‍എന്‍ജി ഇന്ത്യയ്ക്ക് താരതമ്യേന കൂടുതല്‍ ആകര്‍ഷകമായി. എന്നാല്‍ സാധാരണ സാഹചര്യങ്ങളില്‍ ഉയര്‍ന്ന കപ്പല്‍ച്ചെലവ് കാരണം യുഎസ് എല്‍എന്‍ജി ഇന്ത്യയ്ക്ക് ചെലവേറിയതാണ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയിലെ ആഭ്യന്തര പ്രകൃതി വാതക ഉല്‍പ്പാദനം തുടര്‍ച്ചയായി കുറഞ്ഞുവരികയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കെജി ബേസിന്‍ വാതക പാടങ്ങളിലെ ഉല്‍പ്പാദന ഇടിവാണ് പ്രധാന കാരണം.

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സ്വകാര്യ മേഖലയുടെ ഉല്‍പ്പാദനം 7.5 ശതമാനം കുറഞ്ഞപ്പോള്‍, പൊതുമേഖലാ കമ്പനികളുടെ ഉല്‍പ്പാദനം 2 ശതമാനം ഇടിഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര പ്രകൃതി വാതക ഉല്‍പ്പാദനത്തിന്റെ ഏകദേശം 37 ശതമാനവും സ്വകാര്യ മേഖലയാണ് സംഭാവന ചെയ്യുന്നത്.

X
Top