ആലപ്പുഴ: കത്തീരത്ത് ഇറങ്ങുന്നതിനും കടലിൽ കുളിക്കുന്നതിനും കർശനനിയന്ത്രണം നിലനിൽക്കുന്നത് കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാവുന്നു. കോവളത്തെയും വർക്കലയിലെയും ടൂറിസം വ്യവസായം രണ്ടുമാസമായി വറുതിയിലാണ്.
കള്ളക്കടൽ പ്രതിഭാസം പതിവായതോടെയാണ് മൺസൂൺ മാസത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
കോവളത്ത് കുടുംബങ്ങളുമായി എത്തിയിരുന്ന ആഭ്യന്തര-അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ ഒഴുക്കും പാടെ നിലച്ചു. വിനോദസഞ്ചാരികൾ കോവളംവിട്ട് മറ്റിടങ്ങളിലേക്കു പോയിത്തുടങ്ങിയെന്ന് ഇവിടത്തെ ഹോട്ടൽ-റസ്റ്ററന്റ് ഉടമകൾ പറയുന്നു.
കോവളം തീരത്തെ വഴിയോരക്കച്ചവടക്കാർ മുതൽ വൻ കിട ഹോട്ടലുകൾ വരെയുള്ളവരുടെ വരുമാനം ഗണ്യമായി കുറഞ്ഞു. വിനോദസഞ്ചാരികൾക്ക് കടൽത്തീരത്ത് വിശ്രമിക്കുന്നതിനായി കുടയും കട്ടിലും ഏർപ്പെടുത്തിയവരുടെ ജീവിതവും വഴിമുട്ടി.
പ്രാദേശിക മേഖലകളിൽ നിന്നെത്തുന്നവരാണ് കോവളത്ത് ഇപ്പോഴെത്തുന്ന സഞ്ചാരികൾ.
കോവളത്ത് വരുന്ന സഞ്ചാരികളുടെ പ്രധാന വിനോദമാണ് സർഫിങ്ങും കടൽക്കുളിയും. എന്നാൽ, അടിക്കടിയുണ്ടാകുന്ന ശക്തമായ തിരയേറ്റത്തിൽ തീരം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇവിടത്തെ ബീച്ചുകൾ.
മേയ് 31 മുതലാണ് കോവളത്തെ ബീച്ചുകളിൽ ഇറങ്ങുന്നതിനും കടലിൽ കുളിക്കുന്നതിനും വിനോദസഞ്ചാരവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയത്. ദേശീയ ദുരന്തനിവാരണ അതോറിറ്റി നൽകിയ തുടർച്ചയായുള്ള നിർദേശത്തെ ത്തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ഏതാനും മാസം മുൻപ് കോവളത്തെ ലൈറ്റ് ഹൗസ്, ഹവ്വാ ഗ്രോവ് ബീച്ചുകളിലും കുളിക്കാനിറങ്ങിയ വിദേശ-ആഭ്യന്തര വിനോദസഞ്ചാരികൾ തിരയിൽപ്പെട്ട നിരവധി സംഭവങ്ങളുണ്ടായിരുന്നു. ഇവരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് നിയന്ത്രണം തുടരുന്നതെന്ന് വിനോദസഞ്ചാരവകുപ്പ് അധികൃതർ പറയുന്നു.
വിനോദസഞ്ചാരികൾ കടൽത്തീരത്തും കടലിലും ഇറങ്ങാതിരിക്കുന്നതിന് ജാഗ്രത പുലർത്തണമെന്ന് ലൈഫ് ഗാർഡുകൾക്ക് ടൂറിസം അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.
കോവളത്തെ ബീച്ചുകളിൽ കയർകെട്ടിയും അപായക്കൊടികൾ നാട്ടിയും അപകട മേഖലാ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു.
നിയന്ത്രണം പിൻവലിക്കുന്ന അറിയിപ്പ് സർക്കാർ തലത്തിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കോവളം ടൂറിസം ഇൻഫർമേഷൻ ഓഫീസർ എസ്. സജീവ് പറഞ്ഞു.