
തിരുവനന്തപുരം: യുഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിൽ എന്തിനൊക്കെ മുൻഗണന നൽകിയും എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിനു ശേഷം ‘ചോർന്ന’ 20,000 കോടി രൂപ തിരിച്ചുപിടിക്കുന്നതു മുതൽ കൂടുതൽ വരുമാനം കണ്ടെത്താനുള്ള വഴികൾ തേടിയും ബജറ്റ് ഒരുക്കങ്ങൾ.
ഇന്ദിര ഗാരന്റികളിൽ സ്ത്രീകളുടെ സൗജന്യ ബസ് യാത്രയും വയോജന വകുപ്പും ഇതിനകം പ്രഖ്യാപിച്ചു. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെ സൗജന്യ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, 3000 രൂപ ക്ഷേമപെൻഷൻ, യുവാക്കളുടെ പുതുസംരംഭങ്ങൾക്ക് 5 ലക്ഷത്തിന്റെ പലിശരഹിത വായ്പ, കോളജ് വിദ്യാർഥിനികൾക്കു പ്രതിമാസം 1000 രൂപ എന്നിവ നടപ്പാക്കാനുണ്ട്. ഇവയുടെ പ്രഖ്യാപനം ബജറ്റിൽ ഉണ്ടായേക്കും.
റോഡിലൂടെയുള്ള ചരക്കുഗതാഗതത്തിന്റെ 70% കടലിലൂടെ നടത്താൻ 15 തുറമുഖങ്ങളെ ബന്ധപ്പെടുത്തിയുള്ള മിഷൻ സമുദ്രയും ബജറ്റിലൂടെ വരാനാണു സാധ്യത. വരുമാനം കണ്ടെത്താനുള്ള മറ്റു പദ്ധതികളും പ്രഖ്യാപിക്കും. കഴിഞ്ഞ ബജറ്റ് അവതരണ സമയത്തു പ്രതീക്ഷിച്ച 20,000 കോടി രൂപ കേരളത്തിനു നഷ്ടമായി.
15ാം ധനകാര്യ കമ്മിഷൻ റവന്യു കമ്മി ഗ്രാന്റ് ഇനത്തിൽ 4 വർഷങ്ങളിലായി കേരളത്തിന് 55,000 കോടി രൂപ അനുവദിച്ചു. അതിനാൽ 16ാം ധനകാര്യ കമ്മിഷൻ ആദ്യ ഗഡുവായി 14,000 കോടി രൂപ അനുവദിക്കുമെന്നാണു പിണറായി സർക്കാർ പ്രതീക്ഷിച്ചത്. നികുതി വിഹിതമായി കേന്ദ്രത്തിൽനിന്ന് 42,000 കോടി രൂപ ലഭിക്കുമെന്നും അന്നത്തെ മന്ത്രി കെ.എൻ.ബാലഗോപാൽ കണക്കുകൂട്ടി. ഇതൊക്കെ മുന്നിൽകണ്ടു ബജറ്റ് പദ്ധതികൾ പ്രഖ്യാപിച്ചു. പക്ഷേ, ധനകാര്യ കമ്മിഷൻ ഗ്രാന്റ് അനുവദിച്ചില്ല. നികുതി വിഹിതമായി ലഭിച്ചതാകട്ടെ 36,555 കോടി രൂപ. രണ്ട് ഇനങ്ങളിലുമായി 20,000 കോടി രൂപ കുറഞ്ഞു. കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് ഇതു വലിയ തിരിച്ചടിയായി.
ഇത്തരം പ്രശ്നങ്ങളെ മറികടക്കാൻ സതീശൻ എന്തൊക്കെ മാർഗങ്ങൾ സ്വീകരിക്കുമെന്ന് ബജറ്റിലൂടെ വ്യക്തമാകും. സംയോജിത ചരക്ക് സേവന നികുതി(ഐജിഎസ്ടി) വഴി 25,000 കോടി രൂപ ചോരുന്നുണ്ടെന്നു പലവട്ടം സതീശൻ നിയമസഭയിൽ പറഞ്ഞിട്ടുണ്ട്്. അതു നേടിയെടുക്കാൻ ചരക്ക് സേവന നികുതി വകുപ്പ് സംസ്ഥാന ഓഫിസിന്റെ പ്രവർത്തനം പരിഷ്കരിക്കും. ചോർച്ച കണ്ടെത്താനും അടയ്ക്കാനും വിദഗ്ധസംഘത്തെ നിയോഗിക്കുന്നതിനും തീരുമാനം ഉണ്ടാകാം.
സംസ്ഥാനത്ത് വർഷം 1.25 ലക്ഷം കോടി രൂപയുടെ സ്വർണക്കച്ചവടം നടക്കുമ്പോൾ 600 കോടി രൂപയാണു നികുതിയായി ലഭിക്കുന്നത്. ഈ ഇനത്തിൽ 3000 കോടി രൂപയെങ്കിലും നികുതി ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം മുൻപു പറഞ്ഞിട്ടുണ്ട്. സ്വർണനികുതി വർധിപ്പിക്കുന്നതിനുള്ള പരിഷ്കാരങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.
ബജറ്റ് ജൂൺ 19ന്
യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ജൂൺ 19ന് നടത്താൻ ആലോചന. ഇതിനു തടസ്സം വന്നാൽ 23ന് ആയിരിക്കും ബജറ്റ്. യുഡിഎഫ് യോഗത്തിൽ ജൂൺ 5ന് ആണ് ബജറ്റ് നിശ്ചയിച്ചിരുന്നത്. പക്ഷേ, നയപ്രഖ്യാപന പ്രസംഗവും ധവളപത്രവും അവതരിപ്പിച്ച ശേഷമേ ബജറ്റ് അവതരണം നടക്കുകയുള്ളൂ.
29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ഇതിന്റെ ചർച്ച ഒന്നു മുതൽ 3 വരെ നടക്കും. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ച ധവളപത്രം 3ന് നിയമസഭയിൽ വച്ചേക്കും. ഇതിലെ വിശദാംശങ്ങളെക്കുറിച്ചു ജനകീയ ചർച്ചയ്ക്കു സമയം നൽകിയശേഷം ബജറ്റ് കൊണ്ടുവരുന്നതാണ് ഉചിതമെന്നാണു സർക്കാരിന്റെ കാഴ്ചപ്പാട്.
ഈ സമയത്തിനുള്ളിൽ ബജറ്റ് തയാറാക്കുന്ന ജോലികൾ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി.സതീശൻ പൂർത്തിയാക്കും. സർക്കാർ അധികാരമേറ്റതുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ നിർവഹിക്കാനുള്ളതും ഡൽഹി യാത്രയും കാരണം മുഖ്യമന്ത്രിക്ക് ബജറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചിട്ടില്ല.






