
കൊച്ചി: കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ രാജ്യത്തെ പ്രമുഖ റിയൽറ്റി കമ്പനികൾ സാന്നിദ്ധ്യം ശക്തമാക്കുന്നു. സംസ്ഥാനത്തെ സാമ്പത്തിക മേഖലയിലെ ആവേശകരമായ ഉണർവ് കണക്കിലെടുത്താണ് കൂടുതൽ കമ്പനികൾ വമ്പൻ നിക്ഷേപത്തിന് ഒരുങ്ങുന്നത്.
ബംഗളൂരു ആസ്ഥാനമായ പുറവങ്കര ലിമിറ്റഡ് ഇടപ്പള്ളിയിൽ 2,000 കോടി രൂപയുടെ വികസന മൂല്യമുള്ള ‘പൂർവ സിറ്റിസ്പയർ’ പദ്ധതി ഇന്നലെ പ്രഖ്യാപിച്ചു. 18 ഏക്കർ വിസ്തൃതിയിലുള്ള പൂർവ സിറ്റി ടൗൺഷിപ്പിന്റെ ഭാഗമായ പദ്ധതിയിൽ 33 നിലകൾ വരെയുള്ള ആറ് ടവറുകളിലായി 1,056 അപ്പാർട്ട്മെന്റുകളാണുള്ളത്.
1,271 മുതൽ 1,895 ചതുരശ്ര അടി വരെയുള്ള വീടുകൾക്ക് 1.44 കോടി രൂപ മുതലാണ് വില. പദ്ധതിയുടെ നിർമ്മാണത്തിന് അടുത്ത നാല് വർഷത്തിനുള്ളിൽ ഏകദേശം 800 കോടി രൂപ ചെലവിടുമെന്ന് പുറവങ്കര സൗത്ത് സി.ഇ.ഒ മല്ലാന സസാലു പറഞ്ഞു.
ബ്രിഗേഡ് ഗ്രൂപ്പും കേരളത്തിൽ 1,500 കോടി രൂപയുടെ നിക്ഷേപ താത്പര്യം പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 12,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യം.
കൊച്ചിയിൽ രണ്ടാമത്തെ വേൾഡ് ട്രേഡ് സെന്റർ, പാർപ്പിട പദ്ധതി, വൈക്കത്ത് ആഡംബര ദ്വീപ് റിസോർട്ട് എന്നിവയാണ് പ്രഖ്യാപിച്ച പദ്ധതികൾ. കേരളത്തിൽ സാന്നിദ്ധ്യമുള്ള പ്രമുഖ കമ്പനിയായ ശോഭ ലിമിറ്റഡിന്റെ നിക്ഷേപ പദ്ധതികളും വിപണിയുടെ വളർച്ച വ്യക്തമാക്കുന്നു.
കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലേക്കാണ് നിക്ഷേപം പ്രധാനമായും ഒഴുകിയെത്തുന്നത്.
കൊച്ചിയിലെ ഭവന ആവശ്യകതയുടെ 20 മുതൽ 30 ശതമാനം വരെ പ്രവാസികളിൽ നിന്നാണെന്ന് പുറവങ്കര സൗത്ത് സി.ഇ.ഒ മല്ലാന സസാലു പറഞ്ഞു.






