Alt Image
യുപിഐ എംഡിആർ നിരക്കുകൾ വീണ്ടും വൈകിയേക്കും; നടപ്പിലാക്കുന്ന തീയതിയിൽ സമവായത്തിലെത്താതെ സർക്കാറും ആർബിഐയും ◆ വായ്പാ തട്ടിപ്പ് കേസ്: ചന്ദ കൊച്ചാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ബോംബെ ഹൈക്കോടതി റദ്ദാക്കി ◆ അരിയുടെയും മറ്റ് ഭക്ഷ്യധാന്യങ്ങളുടെയും വില നിയന്ത്രിക്കും; സ്ഥിരം വിലസ്ഥിരതാ പദ്ധതിയുമായി കേരള സര്‍ക്കാര്‍ ◆ കേരളത്തിൽ ഭക്ഷ്യവിലക്കയറ്റം ദേശീയ ശരാശരിക്കും മുകളിൽ ◆ ഇൻഷുറൻസ് ഇല്ലാതെ ഇനി ടോൾ പ്ലാസ കടക്കാനാകില്ല; എൻഎച്ച്എഐയുടെ പുതിയ സംവിധാനം വരുന്നു ◆

കേരളത്തിൽ ഭക്ഷ്യവിലക്കയറ്റം ദേശീയ ശരാശരിക്കും മുകളിൽ

തിരുവനന്തപുരം: കേരളത്തിൽ ഭക്ഷ്യവിലക്കയറ്റം ദേശീയ ശരാശരിയെയും മറികടന്ന് ഉയരുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ദേശീയ ഭക്ഷ്യവിലക്കയറ്റ നിരക്ക് 9.94 ശതമാനമാണെങ്കിൽ കേരളത്തിലേത് 10.92 ശതമാനമാണ്.

തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളാണ് വിലക്കയറ്റത്തിൽ മുന്നിൽ. ആന്ധ്രപ്രദേശിൽ 13.23 ശതമാനവും തമിഴ്‌നാട്ടിൽ 12.37 ശതമാനവും കർണാടകയിൽ 12.11 ശതമാനവും തെലങ്കാനയിൽ 11.66 ശതമാനവുമാണ് നിരക്ക്. മഴക്കുറവും കൃഷിയിലെ നിയന്ത്രണങ്ങളും വിലക്കയറ്റത്തിന് കാരണമായതായാണ് വിലയിരുത്തൽ.

പലവ്യഞ്ജനങ്ങൾക്കും അരിക്കും വൻതോതിലാണ് വില വർധിച്ചത്. ചില ഇനങ്ങൾക്ക് 40 ശതമാനം വരെയും ചിലതിന് 100 ശതമാനത്തിലധികവുമാണ് വർധന. വറ്റൽമുളകിന് കിലോയ്ക്ക് 330 രൂപയായി. ഒരു മാസത്തിനിടെ മാത്രം 130 രൂപയുടെ വർധന. ചെറിയ ഉള്ളിക്ക് 80 രൂപയിൽനിന്ന് 220 രൂപയായും സവാളയ്ക്ക് 40 രൂപയിൽനിന്ന് 80 രൂപയായും വില ഉയർന്നു.

വെളുത്തുള്ളിക്ക് 100 രൂപയിൽനിന്ന് 260 രൂപയായി. പഞ്ചസാര, തുവരപ്പരിപ്പ്, മല്ലി, ജീരകം, പയറുവർഗങ്ങൾ തുടങ്ങിയവയ്ക്കും 20 മുതൽ 40 രൂപ വരെ വർധനയുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പിലും ആശങ്കയുണ്ട്. 178 അണക്കെട്ടുകളിലായി 37 ശതമാനം വെള്ളത്തിന്റെ കുറവുണ്ടെന്നാണ് കേന്ദ്ര ജലകമ്മിഷന്റെ നവംബർ 11-ലെ കണക്ക്.

വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിനെയും പ്രതിസന്ധിയിലാക്കി. കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ നാലംഗ കുടുംബത്തിന് പലവ്യഞ്ജനങ്ങൾക്കായി ചെലവഴിക്കേണ്ട തുക ഇരട്ടിയായി. അരിയുടെ മാസച്ചെലവിൽ മാത്രം 500 മുതൽ 600 രൂപ വരെ വർധനയുണ്ടായി.

1600 ഔട്ട്‌ലെറ്റുകളുള്ള സപ്ലൈകോയിൽ 13 സബ്‌സിഡി ഇനങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കുന്നത് മാത്രമാണ് ആശ്വാസം. ഭക്ഷ്യവസ്തുക്കളുടെ വില ഇനിയും ഉയർന്നാൽ സാധാരണക്കാരുടെ ജീവിതച്ചെലവ് കൂടുതൽ പ്രതിസന്ധിയിലാകും.

X
Top