Alt Image
യുപിഐ എംഡിആർ നിരക്കുകൾ വീണ്ടും വൈകിയേക്കും; നടപ്പിലാക്കുന്ന തീയതിയിൽ സമവായത്തിലെത്താതെ സർക്കാറും ആർബിഐയും ◆ വായ്പാ തട്ടിപ്പ് കേസ്: ചന്ദ കൊച്ചാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ബോംബെ ഹൈക്കോടതി റദ്ദാക്കി ◆ അരിയുടെയും മറ്റ് ഭക്ഷ്യധാന്യങ്ങളുടെയും വില നിയന്ത്രിക്കും; സ്ഥിരം വിലസ്ഥിരതാ പദ്ധതിയുമായി കേരള സര്‍ക്കാര്‍ ◆ കേരളത്തിൽ ഭക്ഷ്യവിലക്കയറ്റം ദേശീയ ശരാശരിക്കും മുകളിൽ ◆ ഇൻഷുറൻസ് ഇല്ലാതെ ഇനി ടോൾ പ്ലാസ കടക്കാനാകില്ല; എൻഎച്ച്എഐയുടെ പുതിയ സംവിധാനം വരുന്നു ◆

ഇൻഷുറൻസ് ഇല്ലാതെ ഇനി ടോൾ പ്ലാസ കടക്കാനാകില്ല; എൻഎച്ച്എഐയുടെ പുതിയ സംവിധാനം വരുന്നു

ന്യൂഡൽഹി: വാഹന ഇൻഷുറൻസ് ഇല്ലാതെ ടോൾ പ്ലാസകൾ കടന്നുപോകുന്ന ഡ്രൈവർമാർക്ക് കനത്ത പിഴയും മുന്നറിയിപ്പുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ടോൾ ഗേറ്റുകളിൽ വെച്ച് ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ എളുപ്പത്തിൽ തിരിച്ചറിഞ്ഞ് ഉടമകൾക്ക് എസ്എംഎസ് വഴി മുന്നറിയിപ്പ് നൽകുന്ന നൂതന പൈലറ്റ് പദ്ധതിക്ക് എൻഎച്ച്എഐ തുടക്കം കുറിച്ചു.

ഡൽഹിയിലെ അർബൻ എക്സ്റ്റൻഷൻ റോഡ്-II ലെ മുണ്ട്ക ടോൾ പ്ലാസയിലാണ് ഈ സംവിധാനം നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത്. ഈ പദ്ധതി വിജയം കണ്ടാൽ രാജ്യത്തുടനീളമുള്ള മറ്റ് ടോൾ പ്ലാസകളിലേക്കും വ്യാപിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങളും നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ കൈകാര്യം ചെയ്യുന്ന ‘വാഹൻ’ ഡാറ്റാബേസിലെ ഇൻഷുറൻസ് രേഖകളും തമ്മിൽ ബന്ധിപ്പിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. വാഹനം ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോൾ പോളിസി കാലാവധി കഴിഞ്ഞിട്ടുണ്ടോ എന്ന് സിസ്റ്റം നിമിഷങ്ങൾക്കകം പരിശോധിക്കും.

കാലാവധി തീർന്നതായി കണ്ടെത്തിയാൽ ഉടൻതന്നെ വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പറിലേക്ക് എസ്എംഎസ് സന്ദേശം എത്തും. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ, ടോൾ കടന്ന തീയതിയും സമയവും, ഇൻഷുറൻസ് തീർന്ന വിവരങ്ങളും സന്ദേശത്തിലുണ്ടായിരിക്കും. പിഴ ഒഴിവാക്കാൻ ഉടനെ തന്നെ പോളിസി പുതുക്കണമെന്ന ഓർമ്മപ്പെടുത്തലും ഇതിലൂടെ നൽകുന്നു.

മോട്ടോർ വാഹന നിയമപ്രകാരം പൊതുനിരടുകളിൽ ഓടിക്കുന്ന എല്ലാ വാഹനങ്ങൾക്കും സാധുവായ തേർഡ്-പാർട്ടി ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. അപകടങ്ങളിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങളിൽ നിന്ന് സുരക്ഷ നൽകുന്ന ഈ ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് ഗുരുതരമായ കുറ്റമാണ്.

ആദ്യ തവണ പിടിക്കപ്പെട്ടാൽ അടിസ്ഥാന പ്രീമിയത്തിന്റെ മൂന്നിരട്ടിയോ 5,000 രൂപയോ ആണ് പിഴ ഈടാക്കുന്നത്. എന്നാൽ ആവർത്തിച്ചുള്ള കുറ്റങ്ങൾക്ക് പിഴ തുക 10,000 രൂപ വരെയാകാം. നിലവിൽ പരീക്ഷണ ഘട്ടത്തിലായതിനാൽ രാജ്യവ്യാപകമായ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പരിശോധനകൾ പൂർത്തിയാക്കി പദ്ധതി മറ്റ് പാതകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

X
Top