Alt Image
യുപിഐ എംഡിആർ നിരക്കുകൾ വീണ്ടും വൈകിയേക്കും; നടപ്പിലാക്കുന്ന തീയതിയിൽ സമവായത്തിലെത്താതെ സർക്കാറും ആർബിഐയും ◆ വായ്പാ തട്ടിപ്പ് കേസ്: ചന്ദ കൊച്ചാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ബോംബെ ഹൈക്കോടതി റദ്ദാക്കി ◆ അരിയുടെയും മറ്റ് ഭക്ഷ്യധാന്യങ്ങളുടെയും വില നിയന്ത്രിക്കും; സ്ഥിരം വിലസ്ഥിരതാ പദ്ധതിയുമായി കേരള സര്‍ക്കാര്‍ ◆ കേരളത്തിൽ ഭക്ഷ്യവിലക്കയറ്റം ദേശീയ ശരാശരിക്കും മുകളിൽ ◆ ഇൻഷുറൻസ് ഇല്ലാതെ ഇനി ടോൾ പ്ലാസ കടക്കാനാകില്ല; എൻഎച്ച്എഐയുടെ പുതിയ സംവിധാനം വരുന്നു ◆

അരിയുടെയും മറ്റ് ഭക്ഷ്യധാന്യങ്ങളുടെയും വില നിയന്ത്രിക്കും; സ്ഥിരം വിലസ്ഥിരതാ പദ്ധതിയുമായി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: പൊതുവിപണിയിലെ അരിയുടെയും മറ്റ് ഭക്ഷ്യധാന്യങ്ങളുടെയും വില നിയന്ത്രിക്കാന്‍ സ്ഥിരം വിലസ്ഥിരതാ പദ്ധതിയുമായി കേരള സര്‍ക്കാര്‍. പൊതുവിതരണ സംവിധാനം വഴി അധിക ധാന്യങ്ങള്‍ ലഭ്യമാക്കുന്നതിനായി ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. വിപണിയില്‍ വില ഉയരുന്ന സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് ധാന്യങ്ങള്‍ സംഭരിച്ച് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുകയാണ് ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (FCI) ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്‌കീം (OMSS) വഴി സര്‍ക്കാര്‍ ധാന്യങ്ങള്‍ സംഭരിക്കും. ഇ-ലേലത്തില്‍ പങ്കെടുക്കാതെയും ആവശ്യമെങ്കില്‍ നേരിട്ട് സംഭരണം നടത്താനും സര്‍ക്കാരിന് സാധിക്കും.

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും പരമാവധി 15 കിലോഗ്രാം വരെ ധാന്യങ്ങള്‍ ഇത്തരത്തില്‍ വിതരണം ചെയ്യാനാകും. അതത് സമയത്തെ സംഭരണവിലയും കൈകാര്യച്ചെലവും കണക്കിലെടുത്തായിരിക്കും വില്‍പ്പനവില നിശ്ചയിക്കുക. ഇതിലൂടെ ലാഭം ഈടാക്കാതെയാണ് ധാന്യങ്ങള്‍ വിതരണം ചെയ്യുക.

വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനൊപ്പം സാധാരണക്കാര്‍ക്ക് ന്യായമായ വിലയില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

ഓരോ തവണയും വിപണിയില്‍ ഇടപെടേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെ ആവശ്യമായ ഫണ്ട് അനുവദിക്കും. പദ്ധതി നടപ്പാക്കുന്നതിനുള്ള ചുമതല സിവില്‍ സപ്ലൈസ് കമ്മിഷണര്‍ക്കാണ്.

അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ വിലയില്‍ വലിയ വര്‍ധനയുണ്ടാകുമ്പോള്‍ സര്‍ക്കാര്‍ സംഭരണം നടത്തി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യാന്‍ ഇതുവഴി സാധിക്കും. വിപണിയിലെ ലഭ്യതയും വിലയും വിലയിരുത്തിയാകും ഓരോ ഘട്ടത്തിലെയും ഇടപെടല്‍.

കേരളം 25,000 ടണ്‍ അധിക അരി അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അരി പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്നതിനായി പ്രത്യേക പദ്ധതി തയ്യാറാക്കി വിജ്ഞാപനം ചെയ്യണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥിരം വിലസ്ഥിരതാ പദ്ധതി ആവിഷ്‌കരിച്ചത്.

ഒറ്റത്തവണത്തെ വിപണി ഇടപെടലില്‍ ഒതുങ്ങാതെ ഭാവിയിലും ആവശ്യാനുസരണം ഉപയോഗിക്കാവുന്ന സംവിധാനമെന്ന നിലയിലാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഉത്സവകാലങ്ങളിലും വിലക്കയറ്റം രൂക്ഷമാകുന്ന ഘട്ടങ്ങളിലും സര്‍ക്കാരിന് വേഗത്തില്‍ ഇടപെടാന്‍ ഈ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.

ഡിസംബറില്‍ മുന്‍ഗണന ഇതര വിഭാഗത്തിലെ വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് 5 കിലോഗ്രാം വീതം പുഴുക്കലരി നല്‍കും. മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്ക് 3 കിലോഗ്രാം വീതം പച്ചരിയും ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ കിലോഗ്രാമിന് 23.90 രൂപയ്ക്കു നല്‍കുന്ന അരിയാണു കൈകാര്യച്ചെലവും ചേര്‍ത്ത് 27 രൂപയ്ക്ക് കാര്‍ഡ് ഉടമകള്‍ക്കു നല്‍കുക.

25,000 ടണ്‍ അരി വാങ്ങാന്‍ 59.75 കോടി രൂപ എഫ്‌സിഐക്ക് നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. വിലസ്ഥിരതാ പദ്ധതിക്കായി വിജ്ഞാപനം ഇറക്കിയതിന്റെ ചുവടുപിടിച്ചാണ് അരി വാങ്ങാനുള്ള അനുമതി.

X
Top