
ന്യൂഡൽഹി: ഇന്ത്യയും ഈജിപ്‌തും തമ്മിൽ 90 ദിവസത്തിനുള്ളിൽ വ്യാപാര ചർച്ചകൾ ഔദ്യോഗികമായി ആരംഭിക്കും. അതിനുള്ളിൽ പരിഗണനാവിഷയങ്ങൾ അന്തിമമാക്കും.
വ്യാപാരത്തിനു പുറമേ നിക്ഷേപം വർധിപ്പിക്കുന്നത് സംബന്ധിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. വ്യാപാര ഇടപാടുകൾ പ്രാദേശിക കറൻസികളിൽത്തന്നെ തീർപ്പാക്കുന്നതിനായി ഇരുരാജ്യങ്ങളുടെയും കേന്ദ്ര ബാങ്കുകൾ തമ്മിൽ ധാരണയായിട്ടുണ്ടെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു.
വിനിമയച്ചെലവ് കുറയ്ക്കാനും കയറ്റുമതിക്കാരും ഇറക്കുമതിക്കാരും തമ്മിലുള്ള പണമിടപാടുകൾ വേഗത്തിലാക്കാനും ഇത് സഹായിക്കും. ഇതിലൂടെ വ്യാപാരം കൂടുതൽ മത്സരക്ഷമമാവുകയും പണം വേഗത്തിൽ ലഭ്യമാവുകയും ചെയ്യും.






