ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയതിന് ശേഷം, 2022 ഫെബ്രുവരി മുതലാണ് ഇന്ത്യയിലേക്കുള്ള റഷ്യൻ ഇന്ധനത്തിന്റെ ഒഴുക്ക് ആരംഭിച്ചത്.
മോസ്കോയിൽ നിന്നുള്ള ഇന്ധന ഇറക്കുമതിക്ക് പടിഞ്ഞാറൻ രാജ്യങ്ങൾ നിരോധനം ഏർപ്പെടുത്തിയതും ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഉയരാൻ കാരണമായി.
യുദ്ധത്തിന് മുമ്പ് ഇന്ത്യയുടെ ആകെ ഇന്ധന ഇറക്കുമതിയിൽ റഷ്യൻ ഇന്ധനം 1% മാത്രമായിരുന്നെങ്കിൽ യുദ്ധത്തിന് ശേഷം ഇത് വലിയ തോതിൽ വർധിച്ചു.
ഈ വർഷത്തെ ആദ്യ അഞ്ച് മാസങ്ങളിൽ മാത്രം ഇന്ത്യയിലേക്കുള്ള ആകെ ക്രൂഡ് ഇറക്കുമതിയിൽ 42% റഷ്യൻ ഇന്ധനമാണ്. ഇതോടെ പരമ്പരാഗതമായി ഇന്ത്യയിലേക്ക് ഇന്ധന ഇറക്കുമതി നടത്തിയിരുന്ന രാജ്യങ്ങളുടെ വിഹിതം കുറഞ്ഞു.
ഇത്തരത്തിൽ ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ, യു.എസ് എന്നീ രാജ്യങ്ങളുടെ വിഹിതം കുറഞ്ഞു നിൽക്കുന്നതായി എനർജി ട്രാക്കർ പ്ലാറ്റ്ഫോമായ വോർടെക്സയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
അതേ സമയം ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ നിലവിൽ പഴയതു പോലെ റഷ്യൻ ഇന്ധനത്തിന് ഡിസ്കൗണ്ട് ലഭിക്കുന്നില്ല എന്നൊരു വസ്തുതയുമുണ്ട്. റഷ്യ പുതിയ വിപണികൾ കണ്ടെത്തിയതാണ് ഇതിനൊരു കാരണം.
തെക്കെ അമേരിക്കൻ വിപണികളിലേക്ക് നിലവിൽ റഷ്യ വൻതോതിൽ ഇന്ധന ഇറക്കുതി നടത്തുന്നത് ഇന്ത്യയിലെ എണ്ണക്കമ്പനികൾക്ക് വെല്ലുവിളിയാകുന്നുമുണ്ട്. യു.എസിൽ നിന്ന് തെക്കേ അമേരിക്കയിലേക്കുള്ള ഇറക്കുമതി കുറഞ്ഞതും, യു.എസ്, യൂറോപ്പിലേക്ക് കയറ്റുമതി വർധിപ്പിച്ചതും ഇന്ത്യൻ എണ്ണക്കമ്പനികളുടെ തെക്കേ അമേരിക്കയിലേക്കുള്ള കയറ്റുമതിയെ ദോഷകരമായി ബാധിച്ചു.
ഇന്ത്യ വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ധന ഇറക്കുമതി നടത്തിയതിന്റെ കണക്കുകളാണ് താഴെ നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള ഡാറ്റയാണിത്.
- റഷ്യ : 42%
- ഇറാഖ് : 18%
- സൗദി അറബ്യ : 13%
- യു.എ.ഇ : 8%
- യു.എസ് : 6%
ഏപ്രിൽ-ആഗസ്റ്റ് കാലയളവിൽ ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള ഡീസൽ കയറ്റുമതി പ്രതിദിനം 150 ടൺ ബാരലുകൾ എന്ന നിലയിലാണ്.
തൊട്ടു മുമ്പത്തെ വർഷം സമാന കാലയളവിൽ ഇത് പ്രതിദിനം 225 ടൺ ബാരലുകൾ എന്ന നിലയിലായിരുന്നു.