ന്യൂഡൽഹി: ഹൂതി ആക്രമണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചെങ്കടലിൽ വാണിജ്യകപ്പലുകൾക്കു വെല്ലുവിളി ഉയർത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്രവാണിജ്യമന്ത്രാലയം 17ന് ഉന്നതതല യോഗം വിളിച്ചു.
വിദേശകാര്യമന്ത്രാലയം, പ്രതിരോധം, ഷിപ്പിംഗ് ആന്‍റ് ഫിനാൻസ്, വാണിജ്യ മന്ത്രാലയങ്ങളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. പ്രശ്നം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മന്ത്രാലയം കർമസമിതിയെ രൂപീകരിച്ചിരുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിൽ ചെങ്കടലിനെയും മെഡിറ്റനേറിയൻ കടലിനെയും ബന്ധിപ്പിക്കുന്ന സുപ്രധാനകപ്പൽപാതയായ ബാബ് എൽ മന്ദേബ് കടലിടുക്കിനു സമീപമാണ് ഏതാനും മാസങ്ങളായി ഹൂതികൾ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. ഇതേത്തുടർന്ന് വാണിജ്യകപ്പലുകൾ ഗുഡ്ഹോപ് മുനന്പ് വഴി തിരിച്ചുവിടുകയാണ്.
പതിനാല് ദിവസത്തെ അധികയാത്രയ്ക്കുപുറമേ ചരക്കുകൂലിയിലെയും ഇൻഷുറൻസ് തുകയിലെയും വലിയ വർധനയും കപ്പൽ ചരക്ക് ഗതാഗതത്തിന് വലിയ വെല്ലുവിളിയാണ്.
ചെങ്കടലിലെ പ്രതിസന്ധിക്ക് സാധ്യമായ എല്ലാ പരിഹാരവും ഉടൻ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.