
ന്യൂഡല്‍ഹി: ചരക്ക് വിലയിലെ കുറവ്, അടിസ്ഥാന ഇഫക്ടുകള്‍, സര്‍ക്കാര്‍ ഇടപെടല്‍ എന്നിവ കാരണം രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണവിധേയമായെന്ന് അക്യൂട്ട് റേറ്റിംഗ്‌സ്. അതുകൊണ്ടുതന്നെ ദീര്‍ഘകാലത്തില്‍ നിരക്ക് വര്‍ധനപ്രതീക്ഷിക്കുന്നില്ല. പണലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി നിരക്ക് കുറയ്ക്കാനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറായേക്കും.
ഉപഭോക്തൃ വില സൂചിക (സിപിഐ) പണപ്പെരുപ്പം മാര്‍ച്ചില്‍ 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.66 ശതമാനത്തിലെത്തിയിരുന്നു. മൊത്തവില സൂചിക 29 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണുള്ളത്. ‘വെല്ലുവിളികളുണ്ടെങ്കിലും 2024 സാമ്പത്തികവര്‍ഷത്തെ പണപ്പെരുപ്പ അനുമാനം 5.3 ശതമാനമാക്കുന്നു,’ അക്യൂട്ട് റേറ്റിംഗ്‌സ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
അതേസമയം എല്‍നിനോ, ക്രൂഡ് ഓയില്‍ വിലകയറ്റ സാധ്യകള്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. എല്‍നിനോ ഭക്ഷ്യവില പണപ്പെരുപ്പം സൃഷ്ടിച്ചേയ്ക്കാം. മണ്‍സൂണ്‍ കുറവ് കാര്‍ഷികോത്പാദനം കുറയ്ക്കുന്നതോടെയാണിത്.
ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് രാജ്യങ്ങളും (ഒപെക്) സഖ്യകക്ഷികളും ഉല്‍പാദനം വെട്ടിക്കുറയ്ക്കുന്ന പക്ഷം അതും പണപ്പെരുപ്പഭീഷണി ഉയര്‍ത്തും.