
ന്യൂഡൽഹി: റെയിൽവേയുടെ യാത്രക്കാരുടെ ശേഷി നിലവിലെ 800 കോടിയിൽ നിന്ന് 1,000 കോടിയായി ഉയർത്തുന്നതിനായി അടുത്ത നാലഞ്ചു വർഷത്തിനുള്ളിൽ 3,000 പുതിയ ട്രെയിനുകൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
നിലവിൽ പ്രതിവർഷം 800 കോടി യാത്രക്കാരെയാണ് റെയിൽവേ വഹിക്കുന്നത്. ജനസംഖ്യ വർദ്ധിക്കുന്നതിനനുസരിച്ച് നാലോ അഞ്ചോ വർഷത്തിനുള്ളിൽ ശേഷി 1,000 കോടിയായി ഉയർത്തേണ്ടതുണ്ട്, ”വൈഷ്ണവ് പറഞ്ഞു.
ഇതിനായി, 3,000 അധിക ട്രെയിനുകൾ ആവശ്യമാണ്, റെയിൽവേ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, 69,000 പുതിയ കോച്ചുകൾ നിലവിൽ ലഭ്യമാണ്, ഓരോ വർഷവും ഏകദേശം 5,000 പുതിയ കോച്ചുകൾ നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്.
റെയിൽവേയ്ക്ക് ഓരോ വർഷവും 200 മുതൽ 250 വരെ പുതിയ ട്രെയിനുകൾ ചേർക്കാൻ കഴിയുമെന്നും , 400 മുതൽ 450 വരെ വന്ദേ ഭാരത് ട്രെയിനുകൾ അടുത്ത വർഷങ്ങളിൽ വർധിപ്പിക്കുമെന്നും റെയിൽവേ വൃത്തങ്ങൾ പറഞ്ഞു.
യാത്രാ സമയം കുറയ്ക്കുകയാണ് മറ്റൊരു ലക്ഷ്യമെന്നും ഇതിനായി ട്രെയിനുകളുടെ വേഗത മെച്ചപ്പെടുത്താനും റെയിൽ ശൃംഖല വിപുലീകരിക്കാനും റെയിൽവേ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഓരോ വർഷവും 5,000 കിലോമീറ്റർ ട്രാക്കുകൾ സ്ഥാപിക്കുന്നത് ശേഷി വർധിപ്പിക്കുമെന്നും വൈഷ്ണവ് പറഞ്ഞു.
ആയിരത്തോളം മേൽപ്പാലങ്ങളും അണ്ടർപാസുകളും അനുവദിച്ചിട്ടുണ്ട്, കഴിഞ്ഞ വർഷം 1,002 ഫ്‌ളൈ ഓവറുകളും അണ്ടർപാസുകളും നിർമ്മിച്ചു, ഈ വർഷം 1,200 എണ്ണം നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത് .