2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ ദീർഘായുസ്സ് മാത്രം പോരാ; സാമ്പത്തിക സുരക്ഷയും വേണംഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ 5.1% വർദ്ധനവ്; ഖനന മേഖലയിൽ തളർച്ചരാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ

ഇന്ത്യയിലെ സ്വകാര്യ മൂലധന നിക്ഷേപം 7.7 ലക്ഷം കോടിയിലേക്ക്

ന്യൂഡൽഹി: ഇന്ത്യയുടെ സ്വകാര്യ മൂലധന ചെലവ് 2025 സെപ്റ്റംബറില്‍ 67 ശതമാനം ഉയര്‍ന്ന് 7.7 ലക്ഷം കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4.6 ലക്ഷം കോടി രൂപയായിരുന്നു. രാജ്യത്തിന്റെ നിക്ഷേപ ചക്രം ശക്തമായി പുനരുജ്ജീവിച്ചതിന്റെ ഏറ്റവും നിര്‍ണായകമായ തെളിവാണ് ഇതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി വ്യക്തമാക്കി.

നിര്‍മ്മാണ മേഖലയാണ് ഈ മുന്നേറ്റത്തിന് കരുത്തുപകരുന്നത്. ഏകദേശം 1,200 കമ്പനികളില്‍ നടത്തിയ വിശകലന പ്രകാരം മൊത്തം നിക്ഷേപത്തിന്റെ പകുതിയോളം (3.8 ലക്ഷം കോടി) ലോഹങ്ങള്‍, ഓട്ടോമൊബൈല്‍, കെമിക്കല്‍സ് എന്നീ മേഖലകളില്‍ നിന്നാണ്. സര്‍വീസസ് മേഖലയില്‍ നിന്നുള്ള 3.1 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഐടി, ആശയവിനിമയം, വ്യാപാരം എന്നിവയാല്‍ നയിക്കപ്പെടുന്നു. ഫാക്ടറികളിലെ ശേഷി വിനിയോഗം 75.6 ശതമാനമായി ഉയര്‍ന്നതും ഓര്‍ഡര്‍ ബുക്കുകളിലെ 10.3 ശതമാനം വളര്‍ച്ചയും വ്യവസായ ലോകത്തെ പുത്തന്‍ ഉണര്‍വ് വ്യക്തമാക്കുന്നു.

സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി സിഐഐ അഞ്ചിന കര്‍മ്മ പദ്ധതികളും പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില സ്ഥിരത കൈവരിക്കുന്നതിനനുസരിച്ച് പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപയുടെ എക്‌സൈസ് നികുതി ഇളവ് ഘട്ടം ഘട്ടമായി നടപ്പിലാക്കാനാണ് ഇതില്‍ പ്രധാനമായും നിര്‍ദ്ദേശിക്കുന്നത്.

ഇന്ധന ഉപയോഗത്തില്‍ 3 മുതല്‍ 5 ശതമാനം വരെ കുറവ് വരുത്തി ഊര്‍ജ്ജ സംരക്ഷണ കരാറില്‍ ഏര്‍പ്പെടാന്‍ അംഗ കമ്പനികളോട് സിഐഐ ആഹ്വാനം ചെയ്തു. ഇത് രാജ്യത്തിന്റെ ഇറക്കുമതി ഭാരം കുറയ്ക്കാന്‍ സഹായിക്കും.

ചെറുകിട സംരംഭങ്ങളെ സഹായിക്കുന്നതിനായി 45 ദിവസത്തെ പേയ്മെന്റ് ഗ്യാരണ്ടിയും സിഐഐ നിര്‍ദ്ദേശിച്ചു. വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ച് ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലും ഊര്‍ജ്ജ പരിവര്‍ത്തനത്തിലും വലിയ നിക്ഷേപങ്ങള്‍ കൊണ്ടുവരിക എന്നിവയാണ് മറ്റ് ലക്ഷ്യങ്ങള്‍.

സര്‍ക്കാരിന്റെ നികുതി ഘടനയും പിഎല്‍ഐ പദ്ധതികളും വ്യവസായങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കിയതായി സിഐഐ ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത് ബാനര്‍ജി പ്രശംസിച്ചു.

മികച്ച സാമ്പത്തിക അച്ചടക്കവും ആഗോള വ്യാപാര കരാറുകളും വഴി 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.6 ശതമാനം കവിയുമെന്ന് സിഐഐ പ്രതീക്ഷിക്കുന്നു.

കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 863 ബില്യണ്‍ ഡോളറിലും വിദേശനാണ്യ കരുതല്‍ ശേഖരം 700 ബില്യണ്‍ ഡോളറിലും എത്തുമെന്നാണ് പ്രവചനം. ഈ അനുകൂല സാഹചര്യങ്ങളെ തൊഴിലവസരങ്ങളായും കയറ്റുമതി വളര്‍ച്ചയായും പരിവര്‍ത്തനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ വ്യവസായ ലോകം.

X
Top