ചൊവ്വയുടെ ഉപരിതലത്തില്‍ ജല സാന്നിധ്യം കണ്ടെത്തി. ഏതാണ്ട് ഒന്നര കിലോമീറ്റര്‍ ആഴത്തില്‍ ആണ് ജല സാന്നിധ്യം കണ്ടെത്തിയത്.
നാസയുടെ റോബോട്ടിക് ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വയുടെ ഉള്‍വശം മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു ദൗത്യത്തിനിടെ ശേഖരിച്ച ഭൂകമ്പ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ കണ്ടെത്തല്‍.
നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് ഈ അവകാശവാദം. കാലിഫോര്‍ണിയ, ബെര്‍ക്ക്ലി, യുസി സാന്‍ ഡീഗോ സര്‍വകലാശാലകളില്‍ നിന്നുള്ള ഗവേഷകരാണ് പുതിയ പഠനത്തിന് പിന്നില്‍.
ലാന്‍ഡറിലുണ്ടായിരുന്ന ഒരു ഭൂകമ്പമാപിനി ഉപയോഗിച്ച് ചൊവ്വയുടെ ഉപരിതലത്തില്‍ കഴിഞ്ഞ നാല് വര്‍ഷം സംഭവിച്ച ഭൂകമ്പങ്ങളും ഭൂചലനങ്ങളുടെയും വിവരങ്ങള്‍ ഗവേഷകര്‍ ശേഖരിച്ചു.
ഈ ഭൂചലനങ്ങളുടെ വിശകലനത്തിലൂടെയും ഗ്രഹത്തിന്റെ കൃത്യമായ ചലനത്തിലൂടെയും ചൊവ്വയില്‍ ദ്രാവകാവസ്ഥയിലുള്ള ജലത്തിന്റെ ‘സീസ്മിക് സിഗ്‌നലുകള്‍’ കണ്ടെത്തിയെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
ചൊവ്വയുടെ അന്തരീക്ഷത്തില്‍ നീരാവിയുടെ സാന്നിധ്യവും ചൊവ്വയുടെ ധ്രുവങ്ങളില്‍ തണുത്തുറഞ്ഞ ജല സാന്നിധ്യവും നേരത്തെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ചൊവ്വയില്‍ ജല സാന്നിധ്യമുണ്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.
അതേസമയം ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും 11.5 മുതല്‍ 20 കിലോമീറ്റര്‍ താഴെയാണ് ജല സാന്നിധ്യം കൂടുതലായും കണ്ടെത്തിയത്.
ജലസാന്നിധ്യം കണ്ടെത്തിയതോടെ മൈക്രോബയോളജിക്കല്‍ ജീവന്റെ നിലനില്‍പ്പിന് അനുയോജ്യമായ സാഹചര്യങ്ങള്‍ ചൊവ്വ നല്‍കിയേക്കാമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.