
മുംബൈ: ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി 175 കോടി രൂപ സമാഹരിച്ച് വ്യക്തി ശുചിത്വ കമ്പനിയായ സൂത്ത് ഹെൽത്ത്‌കെയർ. ഇതിന്റെ ഭാഗമായി യുഎസ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (ഡിഎഫ്‌സി) കമ്പനിയിൽ 55 കോടി രൂപ നിക്ഷേപിച്ചു. ശേഷിക്കുന്ന 120 കോടി രൂപ A91, സിംഫണി, സിക്‌സ്ത് സെൻസ്, ഗൾഫ് ഇസ്ലാമിക് ഇൻവെസ്റ്റ്‌മെന്റ് (GII) എന്നിവയുൾപ്പെടെ നിലവിലുള്ള നിക്ഷേപകരിൽ നിന്നാണ് കമ്പനി സമാഹരിച്ചത്.
വിതരണ ചാനലുകൾ കൂടുതൽ വികസിപ്പിക്കുന്നതിനും ടയർ രണ്ട്, മൂന്ന് വിപണികളിലെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും പുതിയ മൂലധനം ഉപയോഗിക്കുമെന്ന് സ്ഥാപനം അറിയിച്ചു. കൂടാതെ പാരീ സാനിറ്ററി പാഡുകളുടെ നിർമ്മാതാക്കളായ സോത്ത് ഹെൽത്ത്‌കെയർ, ബ്രാൻഡ് വിപണനത്തിനും ഉൽപ്പന്നങ്ങളെ കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും ഈ ഫണ്ട് ഉപയോഗിക്കുമെന്ന് അറിയിച്ചു.
2013-ൽ സഹിൽ ധാരിയ സ്ഥാപിച്ച, സൂത്ത് ഹെൽത്ത്‌കെയർ അതിന്റെ മുൻനിര ബ്രാൻഡായ പാരീ സാനിറ്ററി പാഡുകൾക്ക് കീഴിൽ വ്യക്തിഗത ശുചിത്വ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും വിപണനം ചെയ്യുകയും ചെയ്യുന്നു. 2020 ഒക്ടോബറിൽ, കമ്പനി അതിന്റെ ബ്രാൻഡായ സൂപ്പർ ക്യൂട്ട് പുറത്തിറക്കിയതോടെ ബേബി ഡയപ്പർ വിഭാഗത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു.