ഇന്ത്യയുടെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായി വെനസ്വേലരാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന വാദവുമായി പെട്രോളിയം മന്ത്രാലയംഇന്ത്യ – അമേരിക്ക വ്യാപാര കരാർ അന്തിമഘട്ടത്തിൽഇന്ത്യന്‍ തേയില കയറ്റുമതിയില്‍ ചരിത്ര കുതിപ്പ്പശ്ചിമേഷ്യന്‍ പ്രതിസന്ധിയിൽ തളര്‍ന്ന് സ്വകാര്യമേഖല

ഇന്ത്യ എഐ മിഷനുമായി കൈകോര്‍ത്ത് കേരളം; കൊച്ചിയിലും തിരുവനന്തപുരത്തും രണ്ട് എഐ ഹബ്ബുകള്‍

  • കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായും ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരളയുമായും സഹകരിച്ചാണ് പദ്ധതി

തിരുവനന്തപുരം: കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്‍റെ കീഴിലുള്ള ഇന്ത്യ എഐ മിഷന്‍ (ഇന്ത്യ എഐ), ഐബിഡി എന്നിവയുമായി സഹകരിച്ച് സംസ്ഥാന സര്‍ക്കാര്‍ രണ്ട് എഐ സെന്‍റര്‍ ഓഫ് എക്സലന്‍സ് (എഐ-സിഒഇ) സ്ഥാപിക്കും. കൊച്ചിയിലെ ഡിജിറ്റല്‍ ഹബ്ബില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ്‌യുഎം) കീഴില്‍ ബയോ എഐയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ് ആദ്യ പദ്ധതി.

തിരുവനന്തപുരത്ത് ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരള (ഡിയുകെ) യ്ക്ക് കീഴില്‍ പൊതു ഉദ്ദേശ്യത്തിലുള്ളതാണ് രണ്ടാമത്തെ പദ്ധതി. ഇന്ത്യ എഐ മിഷന്‍റെ സ്റ്റാര്‍ട്ടപ്പ് ഫിനാന്‍സിംഗില്‍ ഉള്‍പ്പെടുത്തി പദ്ധതികള്‍ക്കായി ആകെ 20 കോടി രൂപ വീതം ഭരണാനുമതി ലഭിച്ചു.

ഇന്ത്യ എഐ മിഷനുമായുള്ള കേരളത്തിന്‍റെ പങ്കാളിത്തം സംസ്ഥാനത്തിന് നാഴികക്കല്ലാണെന്ന് പദ്ധതിയുടെ പ്രഖ്യാപനം തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നിര്‍വ്വഹിച്ച് ഐടി, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളത്തിന്‍റെ ജൈവ പൈതൃകത്തിലും ലോകോത്തര ഡിജിറ്റല്‍ ആവാസവ്യവസ്ഥയിലും വേരൂന്നിയ രണ്ട് വ്യത്യസ്ത എഐ സെന്‍ററുകളിലൂടെ സമഗ്രമായ എഐ ആവാസവ്യവസ്ഥ നിര്‍മ്മിക്കുകയാണ്. ഇതിലൂടെ ഇന്ത്യയുടെ എഐ ദൗത്യത്തില്‍ കേരളം പങ്കെടുക്കുക മാത്രമല്ല, അത് രൂപപ്പെടുത്താന്‍ സഹായിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സിഒഇ 1: ബയോ-എഐ സെന്‍റര്‍ ഓഫ് എക്സലന്‍സ് – കെഎസ്‌യുഎം, ഡിജിറ്റല്‍ ഹബ്ബ്, കൊച്ചി
‘നേച്ചര്‍ മീറ്റ്സ് കമ്പ്യൂട്ട്’ എന്ന ആശയത്തില്‍ ഇന്ത്യ എഐ മിഷന്‍റെ സ്റ്റാര്‍ട്ടപ്പ് ഫിനാന്‍സിംഗിന് കീഴില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) നടപ്പിലാക്കുന്നതാണ് ഈ പദ്ധതി. കുസാറ്റിലെ ‘തേജസ്വി’ സൂപ്പര്‍ കമ്പ്യൂട്ടറും (350 ടെറാഫ്ലോപ്സ്) കേരള ജീനോം ഡാറ്റ സെന്‍ററും (കെജിഡിസി) നല്‍കുന്ന ഇന്നൊവേഷന്‍ പ്ലാറ്റ് ഫോമിന് കീഴില്‍ കേരളത്തിന്‍റെ പശ്ചിമഘട്ട ജൈവവൈവിധ്യത്തെയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആയുര്‍വേദ പൈതൃകത്തെയും അത്യാധുനിക ജീനോമിക്സിനെയും ഇത് ഒരുമിച്ച് കൊണ്ടുവരുന്നു.

സംസ്ഥാന സര്‍ക്കാറും സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്, പ്ലാന്‍റ് ലിപിഡ്സ്, മാനെ കാന്‍കോര്‍, വൈദ്യരത്നം ഔഷധശാല എന്നിവ ഉള്‍പ്പെടുന്ന വ്യവസായ കണ്‍സോര്‍ഷ്യവും 40:40:20 ഫണ്ടിംഗ് മോഡലിലൂടെ നാല് വര്‍ഷത്തിനുള്ളില്‍ 20 കോടി നിക്ഷേപത്തോടെയാണ് പദ്ധതി വികസിപ്പിക്കുക.

നാല് വര്‍ഷം കൊണ്ട് 48 ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പുകളെ ഇന്‍കുബേറ്റ് ചെയ്യാനും 600 ഉയര്‍ന്ന മൂല്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ബയോ ഇന്‍ഫോര്‍മാറ്റിക്സിലും അനുബന്ധ മേഖലകളിലുമായി ഏകദേശം 1200 പ്രൊഫഷണലുകളെ പരിശീലിപ്പിക്കാനും കേന്ദ്രം പദ്ധതിയിടുന്നു.

ഡ്രഗ് ഡിസ്കവറി, ജീനോമിക്സ്, അഗ്രി-ടെക് എന്നിവയിലുടനീളമുള്ള 20 പ്രൊപ്രൈറ്ററി ബൗദ്ധിക സ്വത്തവകാശ ആസ്തികള്‍ വികസിപ്പിക്കാനും 40,000-ത്തിലധികം സുഗന്ധവ്യഞ്ജന കര്‍ഷകരുടെ വരുമാനം 20 ശതമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എഐ പ്രാപ്തമാക്കിയ ജിഐ ടാഗിംഗ് ഉപകരണങ്ങള്‍ വിന്യസിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.

ലൈഫ് സയന്‍സസ് ആന്‍ഡ് ആയുര്‍-ജീനോമിക്സ്, അഗ്രി-ടെക് ആന്‍ഡ് സ്പൈസ് വാല്യൂ ചെയിന്‍ എന്നീ ക്ലസ്റ്ററുകളിലായി പത്ത് സുപ്രധാന വിഷയങ്ങളില്‍ ബയോ-എഐ സെന്‍റര്‍ ഓഫ് എക്സലന്‍സ് ശ്രദ്ധ കേന്ദ്രീകരിക്കും. പ്രകൃതി-ജീന്‍ മാപ്പിംഗിലൂടെ പ്രിസിഷന്‍ ആയുര്‍വേദം, പശ്ചിമഘട്ടത്തിലെ സസ്യജാലങ്ങളില്‍ നിന്നുള്ള ഇന്‍-സിലിക്കോ മരുന്ന് കണ്ടെത്തല്‍, പ്രീമിയം സുഗന്ധവ്യഞ്ജനങ്ങള്‍ക്കായുള്ള എഐ പരിശോധിച്ച ജിഐ പ്രാമാണീകരണം, ഡ്രോണ്‍ അനലിറ്റിക്സ് നല്‍കുന്ന കീട നിയന്ത്രണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

സിഒഇ 2: എഐ സെന്‍റര്‍ ഓഫ് എക്സലന്‍സ്- ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരള, തിരുവനന്തപുരം
‘ഗവേഷണത്തില്‍ നിന്ന് വാണിജ്യവല്‍ക്കരണത്തിലേക്ക്’ എന്ന ആശയത്തില്‍ ഇന്ത്യ എഐ മിഷന് കീഴിലുള്ള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരള (ഡിയുകെ), തിരുവനന്തപുരത്ത് 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ രണ്ടാമത്തെ എഐ-സിഒഇ സ്ഥാപിക്കുന്നതിന് ഭരണപരമായ അനുമതി ലഭിച്ചു. ആകെ 20 കോടി ചെലവിലാണ് പദ്ധതി.

അംഗീകൃത ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഡിറ്റിംഗ് ഏജന്‍സിയായ സി.ഇ.ആര്‍.ടി-ഇന്‍ എംപാനല്‍ ചെയ്ത ഇന്ത്യയിലെ ആദ്യത്തെ സര്‍വകലാശാലയാണിത്. അതിന്‍റെ സെന്‍റര്‍ ഫോര്‍ ഡിജിറ്റല്‍ ഇന്നൊവേഷന്‍ ആന്‍ഡ് പ്രൊഡക്റ്റ് ഡെവലപ്മെന്‍റ് (സിഡിഐപിഡി) ആഗോള ഗുണനിലവാരമുള്ള സിഎംഎംഐ ഡെവലപ്മെന്‍റ് മെച്യൂരിറ്റി ലെവല്‍ 3 സര്‍ട്ടിഫിക്കേഷന്‍ നേടിയ ഇന്ത്യയിലെ ആദ്യത്തെ വികസന കേന്ദ്രമാണ്.

നൂതന എ.ഐ ഗവേഷണത്തെയും പ്രായോഗികവും വിപണിക്ക് തയ്യാറായതുമായ ആപ്ലിക്കേഷനുകളെ ബന്ധിപ്പിക്കുന്ന ഒരു സാങ്കേതിക വിഭവ കേന്ദ്രമായി ഈ സി.ഒ.ഇ പ്രവര്‍ത്തിക്കും. ഉല്‍പ്പന്ന വികസനത്തില്‍ നിന്ന് വാണിജ്യവല്‍ക്കരണത്തിലേക്ക് മാറുന്നതിനും, ഘടനാപരമായ പരിശീലനത്തിലൂടെയും കപ്പാസിറ്റി ബില്‍ഡിംഗ് പരിപാടികളിലൂടെയും എ.ഐ-അനുബന്ധ കഴിവുകള്‍ വികസിപ്പിക്കുന്നതിനും, കേരളത്തിന്‍റെ സാമൂഹിക-സാമ്പത്തിക ആവശ്യങ്ങള്‍ പ്രത്യേകമായി അഭിസംബോധന ചെയ്യുന്ന എ.ഐ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനും ഇത് സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കും.

എ.ഐ ലാബുകളും ഉയര്‍ന്ന പ്രകടനമുള്ള കമ്പ്യൂട്ടിംഗ് ഇന്‍ഫ്രാസ്ട്രക്ചറും ഉള്ള ഭൗതിക സൗകര്യത്തില്‍ നിന്നാണ് സെന്‍റര്‍ തുടക്കത്തില്‍ പ്രവര്‍ത്തിക്കുക. എക്സിക്യൂട്ടീവ് കമ്മിറ്റിയും പ്രോജക്ട് മാനേജ്മെന്‍റ് കമ്മിറ്റിയും നിയന്ത്രിക്കുന്ന ഒരു സ്വതന്ത്ര സെക്ഷന്‍ -8 കമ്പനിയായി മാറാനും സാധ്യതയുമുണ്ട്.

പ്രായോഗിക എ.ഐ ഗവേഷണം, ഹാക്കത്തോണ്‍, വര്‍ക്ക് ഷോപ്പ്, സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ മെന്‍റര്‍ഷിപ്പ്, ആക്സിലറേറ്റര്‍, ഫണ്ടിംഗ് ഫെസിലിറ്റേഷന്‍, വാണിജ്യവല്‍ക്കരണത്തിനായുള്ള വ്യവസായ സഹകരണം, മേഖലാ-നിര്‍ദ്ദിഷ്ട എ.ഐ സൊല്യൂഷനുകളുടെ വികസനം എന്നിവ ഇതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടും.

ഇന്ത്യ എഐ മിഷന്‍റെ ഭാഗമായ ഈ രണ്ട് കേന്ദ്രങ്ങളും ഒരേ ദര്‍ശനത്തില്‍ ഊന്നിനിന്നാണ് പ്രവര്‍ത്തിക്കുക. കെഎസ്‌യുഎം ബയോ-എഐ സിഒഇ ലൈഫ് സയന്‍സസിലും കാര്‍ഷിക സാങ്കേതികവിദ്യയിലും ആഴത്തിലുള്ള സാങ്കേതികവിദ്യ, ഐപി നേതൃത്വത്തിലുള്ള, വ്യവസായ-ബന്ധിത നവീകരണം പ്രാപ്തമാക്കും.

അതേസമയം ഡിയുകെ-എഐ സിഒഇ പൊതു-ഉദ്ദേശ്യ എഐയില്‍ ഗവേഷണ മികവ്, പ്രതിഭാ വികസനം, സ്റ്റാര്‍ട്ടപ്പ് വാണിജ്യവല്‍ക്കരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കേരളത്തിലെ രണ്ട് പ്രമുഖ സാങ്കേതിക കേന്ദ്രങ്ങളായ കൊച്ചിയിലും തിരുവനന്തപുരത്തും സ്ഥിതിചെയ്യുന്ന ഇവ ഇന്ത്യയുടെ ദേശീയ എഐ ദൗത്യത്തിലേക്കുള്ള സംസ്ഥാനത്തിന്‍റെ സംഭാവനയുടെ നട്ടെല്ലാണ്.

X
Top