പേയ്ടിഎം പേയ്മെന്റ്‌സ് ബാങ്ക് (പി.പി.ബി.എല്‍) ബില്‍ പേയ്മെന്റ് ബിസിനസ് യൂറോനെറ്റ് സര്‍വീസസ് ഇന്ത്യ എന്ന കമ്പനിയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്.
ഇന്ത്യയിലെ നിരവധി ഡിജിറ്റല്‍ പേയ്മെന്റ് ബിസിനസുകള്‍ക്ക് വേണ്ട ബാക്കെന്‍ഡ് സെറ്റില്‍മെന്റ് സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്ന അമേരിക്കന്‍ പേയ്മെന്റ് ടെക്നോളജി കമ്പനിയാണ് യൂറോനെറ്റ്.
പി.പി.ബി.എല്‍ അടുത്തിടെ റീട്ടെയില്‍ പോയിന്റ് ഓഫ് സെയില്‍സ് ബിസിനസ് ആര്‍.ബി.എല്‍ ബാങ്കിലേക്കും വ്യാപാരി പേയ്മെന്റുകളുമായി ബന്ധപ്പെട്ട ബിസിനസ് ആക്‌സിസ് ബാങ്കിലേക്കുമായി മാറ്റിയിരുന്നു.
ഇനി പി.പി.ബി.എല്ലിന്റെ ബില്‍ പേയ്മെന്റുകള്‍ യൂറോനെറ്റ് വഴി നടക്കും. കണക്കുകള്‍ പ്രകാരം പി.പി.ബി.എല്ലിലെ ബില്‍ പേയ്മെന്റുകള്‍ 1.6 കോടിയില്‍ നിന്ന് 83 ശതമാനം ഇടിവോടെ ജനുവരിയില്‍ 27 ലക്ഷമായി കുറഞ്ഞു.
മാര്‍ച്ചില്‍ യൂറോനെറ്റ് ഏകദേശം 1.9 കോടി ബില്‍ പേയ്മെന്റുകള്‍ നടത്തിയിട്ടുണ്ട്. ജനുവരിയില്‍ ഇത് 46 ലക്ഷമായിരുന്നു.
ഇന്ത്യയിലെ പ്രധാന ബില്‍ പേയ്മെന്റുകള്‍ക്കുള്ള ബാക്കെന്‍ഡ് സെറ്റില്‍മെന്റ് സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്നത് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ ഭാരത് ബില്‍പേയാണ്.