ന്യൂഡല്‍ഹി: യാത്രാ വാഹന വില്‍പന മെയ് മാസത്തില്‍ കുതിച്ചുയര്‍ന്നു. എസ് യുവികളുടെ വില്‍പന, വിവാഹ സീസണ്‍, ഗ്രാമീണ ഡിമാന്റിലെ വര്‍ദ്ധന, ചിപ്പ് ക്ഷാമം ലഘൂകരിച്ചത്, ബുക്ക് ചെയ്ത ശേഷമുള്ള കാത്തിരിപ്പ് കുറഞ്ഞത്, ഒഇഎമ്മുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കല്‍ എന്നീ ഘടകങ്ങളാണ് തുണച്ചത്. മാരുതി, ഹ്യുണ്ടായ്, എം ആന്‍ഡ് എം, ടാറ്റ മോട്ടോഴ്സ്, കിയ ഇന്ത്യ എന്നീ മുന്‍നിര അഞ്ച് വാഹന നിര്‍മ്മാതാക്കള്‍ കഴിഞ്ഞ മാസം വാര്‍ഷികാടിസ്ഥാനത്തില്‍ പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തി.
മൊത്ത കച്ചവടത്തില്‍ 10 ശതമാനം വര്‍ദ്ധനവാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് രേഖപ്പെടുത്തിയത്. ആഭ്യന്തര വില്‍പ്പന 2022 മെയ് മാസത്തിലെ 1,34,222 യൂണിറ്റില്‍ നിന്ന് 13 ശതമാനം ഉയര്‍ന്ന് 1,51,606 യൂണിറ്റായി. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന് (ടികെഎം) വിറ്റ 5,010 യൂണിറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.
2022 മെയ് മാസത്തിലെ 53,726 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ വില്‍പ്പന 14 ശതമാനം ഉയര്‍ന്ന് 61,415 യൂണിറ്റായെന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര അറിയിക്കുന്നു. 59601 യൂണിറ്റുകളാണ് ഹ്യൂണ്ടായ് മെയ് മാസത്തില്‍ വിറ്റത്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 16 ശതമാനം അധികം.
കയറ്റുമതി 22.6 ശതമാനം ഉയര്‍ത്തി 11,000 യൂണിറ്റാക്കാനുമായി. ടാറ്റ മോട്ടോഴ്സിന്റെ മൊത്തം യാത്രാ വാഹന വില്‍പ്പന 6 ശതമാനം ഉയര്‍ന്ന് 45,984 യൂണിറ്റാണ്. കമ്പനിയുടെ ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന 6 ശതമാനം ഉയര്‍ന്ന് 45,878 യൂണിറ്റായപ്പോള്‍ അന്താരാഷ്ട്ര ബിസിനസ്സ് ഉള്‍പ്പെടെ പാസഞ്ചര്‍ ഇലക്ട്രിക് വാഹനങ്ങളുടെ മൊത്തം വില്‍പ്പന 5,805 യൂണിറ്റായി ഉയര്‍ന്നു.
ഇത് 66 ശതമാനം വളര്‍ച്ചയാണ്. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്സ് (ടികെഎം) 2023 മെയ് മാസത്തില്‍ 19,379 യൂണിറ്റുകള്‍ വില്‍പന നടത്തി, 89.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ആഭ്യന്തര വില്‍പ്പന 10,216 യൂണിറ്റായിരുന്നു. എംജി മോട്ടോര്‍ ഇന്ത്യ 5006 യൂണിറ്റുകള്‍ വില്‍പന നടത്തിയപ്പോള്‍ നിസാന്‍ 4631 യൂണിറ്റുകളാണ് വില്‍പന നടത്തിയത്.
യഥാക്രമം 25 ശതമാനവും 23 ശതമാനവും വര്‍ദ്ധനവ്. 2618 യൂണിറ്റുകള്‍ ആഭ്യന്തരമായി വില്‍പന നടത്തി. 2013 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്.