
ഇന്ത്യയിലെ ഏറ്റവും പഴയ സ്റ്റോക്ക് എക്സ്ചേഞ്ചാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (BSE). 2026 മാർച്ച് പാദത്തിൽ ബി.എസ്.ഇ മികച്ച റിസൾട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലാഭവിഹതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇയർ-ഓൺ-ഇയർ (YoY) അടിസ്ഥാനത്തിൽ അറ്റാദായം 494 കോടി രൂപയിൽ നിന്ന് 797 കോടിയിലേക്ക് 61% വളർച്ചയാണ് നേടിയത്.
നാലാം പാദഫലങ്ങൾ
സമാന കാലയളവിൽ 847 കോടി രൂപയിൽ നിന്ന് 1,564 കോടിയിലേക്ക് വരുമാനത്തിൽ 85% വളർച്ചയുണ്ടായി. തൊട്ടു മുമ്പത്തെ 2025 ഡിസംബർ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ (QoQ) പ്രൊഫിറ്റ് ആഫ്റ്റർ ടാക്സ് (PAT) 32% ഉയർച്ചയോടെ 602 കോടി രൂപയിലെത്തി. ടോപ് ലൈൻ 26% ഉയർന്ന് 1,244 കോടി രൂപയിലുമെത്തി.
2026 മാർച്ച് പാദത്തിൽ ബി.എസ്.ഇ 1,311 കോടി രൂപ ട്രാൻസാക്ഷൻ ചാർജ്ജ് എന്ന ഇനത്തിൽ നേടി. ഇത് തൊട്ടു മുമ്പത്തെ വർഷത്തെ സമാന പാദത്തിലെ 953 കോടി രൂപയിൽ നിന്ന് 114% വർധനവാണ്. QoQ അടിസ്ഥാനത്തിൽ ഇത് 612 കോടി രൂപയിൽ നിന്ന് 38% വർധനവാണ്.
അതേ സമയം, YoY, QoQ അടിസ്ഥാനങ്ങളിൽ ട്രഷറി വരുമാനം, ലിസ്റ്റിങ് സർവീസസ് എന്നിവയ്ക്ക് തിരിച്ചടി നേരിട്ടു. ട്രഷറി വരുമാനം QoQ അടിസ്ഥാനത്തിൽ 6%, YoY അടിസ്ഥാനത്തിൽ 9% എന്നിങ്ങനെ താഴ്ന്ന് 40 കോടി രൂപയിലെത്തി. സമാനമായി, ലിസ്റ്റിങ് സർവീസുകൾ 24%, 5% എന്നിങ്ങനെ താഴ്ന്ന് 119 കോടി രൂപയുടേതായി മാറി.
ചിലവുകൾ ഇങ്ങനെ
2026 മാർച്ച് പാദത്തിൽ ബി.എസ്.ഇക്ക് 557 കോടി രൂപയുടെ ചിലവാണുണ്ടായത്. 2025 ഡിസംബർ പാദത്തിൽ ഇത് 511 കോടി രൂപയും, 2025 മാർച്ച് പാദത്തിൽ ഇത് 392 കോടി രൂപയുമായിരുന്നു. ഇപ്രകാരം YoY, QoQ അടിസ്ഥാനങ്ങളിൽ യഥാക്രമം 9%, 42% എന്നിങ്ങനെ ചിലവ് ഉയരുകയാണുണ്ടായത്.
റെഗുലേറ്ററി വിഹിതം, ടെക്നോളജി, ജീവനക്കാരുടെ ആനുകൂല്യങ്ങൾ, ക്ലിയറിങ് & സെറ്റിൽമെന്റ് ചിലവുകൾ തുടങ്ങിയ വിഭാഗങ്ങളുമായി ബന്ധപ്പെട്ടാണ് ചിലവുകൾ വർധിച്ചത്.
FY26 പ്രകടനം
ഒരു സമ്പാത്തിക വർഷം (FY26) മുഴുവനായി പരിഗണിക്കുമ്പോൾ ബി.എസ്.ഇയുടെ കൺസോളിഡേറ്റഡ് അടിസ്ഥാനത്തിലുള്ള വരുമാനം 5,148 കോടി രൂപയാണ്. സമാന കാലയളവിൽ EBITDA (Earnings Before Interest, Taxes, Depreciation and Amortisation) 3,393 കോടി രൂപയാണ്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ EBITDA മാർജിൻ 48% എന്ന തോതിലായിരുന്നു. 2026 സാമ്പത്തിക വർഷത്തിൽ 26.9 ലക്ഷം കോടി രൂപ സമാഹരിക്കാൻ ബി.എസ്.ഇ രാജ്യത്തെ കമ്പനികളെ സഹായിച്ചിട്ടുണ്ട്.
ലാഭവിഹിതം
ബി.എസ്.ഇ ബോർഡ് നിലവിൽ അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 10 രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുള്ള റെക്കോർഡ് തിയ്യതി 2026 ജൂലൈ 10ാം തിയ്യതിയാണ്. സെപ്റ്റംബർ 17ാം തിയ്യതിയോ, അതിനു മുമ്പായോ ലാഭവിഹിതം വിതരണം ചെയ്യും.






