
തിരുവനന്തപുരം: ന്യൂസീലൻഡ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായുള്ള ട്വന്റി 20 മത്സരത്തിന് കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയം വേദിയാകും.
2026 ജനുവരിയിലാണ് മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 മത്സരങ്ങളുമടങ്ങുന്ന പര്യടനത്തിനായി ന്യൂസീലൻഡ് ടീം എത്തുന്നത്. ജയ്പുർ, മൊഹാലി, ഇന്ദോർ, രാജ്കോട്ട്, ഗുവാഹാട്ടി, ഹൈദരാബാദ്, നാഗ്പുർ എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങള്‍ നടക്കുക. മത്സരത്തിന്റെ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും.
2026 ഫെബ്രുവരിയില്‍ ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായിട്ടാണ് മത്സരമെന്നത് ശ്രദ്ധേയമാണ്. ഇതിനുശേഷം ഏപ്രിലില്‍ കാര്യവട്ടം ഇന്ത്യയുടെ ഒരു ഏകദിന മത്സരത്തിന് വേദിയാകുമെന്നും ബിസിസിഐ കേരള ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്.
2023 നവംബറില്‍നടന്ന ട്വന്റി 20 മത്സരത്തില്‍ ഓസ്ട്രേലിയയെ ഇന്ത്യ 44 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. അതിനുശേഷം ഏകദിന ലോകകപ്പിന്റെ ഭാഗമായ പരിശീലനമത്സരങ്ങളും ഇവിടെ നടന്നിരുന്നു.
അടുത്ത സെപ്റ്റംബറില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വനിതാ ലോകകപ്പ് മത്സരങ്ങള്‍ക്ക് ആദ്യം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തെ പരിഗണിച്ചിരുന്നു.
എന്നാല്‍, ഐസിസിയുടെ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാൻ സ്റ്റേഡിയം നടത്തിപ്പ് ചുമതലയുള്ള ഏജൻസിക്ക് കഴിയാത്തത് തിരിച്ചടിയായി.