ടൂറിസം, ഏവിയേഷന്‍ മേഖലയെ കാത്തിരിക്കുന്നത് 18,000 കോടിയുടെ നഷ്ടംമൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയെന്ന ഇന്ത്യയുടെ സ്വപ്നം വൈകുംലോകത്തെ പ്രധാന സാമ്പത്തിക ശക്തികളുടെ പട്ടികയിൽ പിന്തള്ളപ്പെട്ട് ഇന്ത്യ; റാങ്കിങ് പുറത്തുവിട്ട് ഐഎംഎഫ്വിഴിഞ്ഞം തുറമുഖം ആഗോള മാരിടൈം ഹബ്ബാക്കാൻ കേന്ദ്രസർക്കാർകാലുറക്കാതെ ഇന്ത്യൻ കയറ്റുമതി രംഗം

രണ്ട് ഐപിഎൽ ടീമുകള്‍ക്ക് പുതിയ ഉടമകളെത്തും; ഒരുങ്ങുന്നത് കോടികളുടെ ഡീൽ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ട്വന്‍റി20 ലോകകപ്പ് സ്വന്തമാക്കിയതിന്‍റെ ആവേശം കെട്ടടങ്ങിയിട്ടില്ല. ആഴ്ചകൾക്കുള്ളിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ആരംഭിക്കും. സോഷ്യൽ മീഡിയ ഫാൻ പേജുകളിൽ ആരാധകരുടെ പോര് തുടങ്ങിക്കഴിഞ്ഞു.

ഇത്തവണ ലീഗിലെ രണ്ടു ടീമുകൾക്ക് പുതിയ ഉടമകളെത്തിയേക്കും. മദ്യനിർമാണ കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്സിന്‍റെ സബ്സിഡിയറി സ്ഥാപനമായ റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള റോയൽ ചലഞ്ചേഴ്സ് ബെഗളൂരുവിനെ (ആർസിബി) വില്‍ക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ രാജസ്ഥാൻ റോയൽസിനെ (ആർആർ) ഏറ്റെടുക്കാനും കമ്പനികൾ മുന്നോട്ടു വന്നതായാണ് റിപ്പോർട്ട്.

നിലവിലെ ചാംപ്യന്മാരായ ആർസിബിയെ സ്വന്തമാക്കാൻ നിരവധി കമ്പനികൾ രംഗത്തു വന്നിരുന്നു. ആദിത്യ ബിർല ഗ്രൂപ്പും അമേരിക്കൻ സ്പോർട്സ് നിക്ഷേപകനായ ഡേലവിഡ് ബ്ലിറ്റ്സറും ടീമിനെ ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചതായാണ് ഏറ്റവും ഒടുവിലത്തെ വിവരം. നേരത്തെ രാജസ്ഥാൻ റോയൽസിനെ ഏറ്റെടുക്കാനും ഇവർ പദ്ധതിയിട്ടിരുന്നു.

നിലവിൽ ആർസിബിയെ ഏറ്റെടുക്കാൻ രംഗത്തുള്ള രണ്ട് കൺസോർഷ്യങ്ങൾക്ക് പുറമെയാണിത്. മണിപ്പാൽ ഹോസ്പിറ്റലിന്‍റെ ഡോ.രഞ്ജൻ പൈ, സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കെകെആർ എന്നിവരാണ് ഇതിലൊന്ന്. വിപ്രോ സ്ഥാപകൻ അസിം പ്രേംജിയുടെ പ്രേംജി ഇൻവെസ്റ്റ്, സിംഗപ്പൂർ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനിയായ ടീംസെക്ക്, സ്വീഡിഷ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഇക്യുറ്റി എന്നിവരടങ്ങിയ കൺസോർഷ്യമാണ് മറ്റൊന്ന്.

രണ്ട് ബില്യൻ ഡോളറിന്‍റെ മൂല്യം കണക്കാക്കിയാണ് ആർസിബിയെ ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതെന്നാണ് റിപ്പോർട്ട്. ബ്രാൻഡ് വാല്യുവിലും ഏറെ മുന്നിലാണ് കിങ് കോലിയുടെ ആർസിബി. 269 മില്യൻ ഡോളറാണ് ടീമിന്‍റെ ബ്രാൻഡ് വാല്യൂ. ആർസിബിയെ ഏറ്റെടുക്കാനുള്ള കരാർ സാധ്യമായാൽ അടുത്ത കാലത്ത് കായിക ലോകത്തു നടന്ന ഏറ്റവും വലിയ ബിസിനസ് ഡീലുകളിൽ ഒന്നായിരിക്കുമിത്.

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ നയിച്ചിരുന്ന രാജസ്ഥാൻ റോയൽസും ഓഹരികള്‍ വിറ്റൊഴിവാക്കാനുള്ള ഒരുക്കത്തിലാണ്. യുഎസ് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന കാൽ സോമാനിയുടെ നേതൃത്വത്തിലുള്ള ബിസിനസ് കൺസോർഷ്യമാണ് ഇതിൽ മുന്നിലുള്ളത്. ടീമിന്‍റെ നിയന്ത്രണാധികാരം സ്വന്തമാക്കാനുള്ള നീക്കമാണ് നടക്കുന്നത്.

2021 മുതല്‍ രാജസ്ഥാൻ റോയൽസിലെ ഓഹരി ഉടമയാണ് കാൽ സോമാനി. നിലവിൽ ടീമിനെ ഏറ്റെടുക്കാൻ നാല് കമ്പനികളാണ് താൽപര്യം അറിയിച്ചിരിക്കുന്നത്. ചർച്ചകൾ പോസിറ്റീവായി നടന്നാൽ സോമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് തന്നെ ടീമിന്‍റെ ഉടമസ്ഥാവകാശം ലഭിച്ചേക്കും.

ബ്രിട്ടിഷ് – ഇന്ത്യൻ വ്യവസായി മനോജ് ബാദലേയുടെ നേതൃത്വത്തിലുള്ള എമേർജിങ് മീഡിയ വെഞ്ചേഴ്സാണ് രാജസ്ഥാൻ ടീമിന്‍റെ 65 ശതമാനം ഓഹരിയും കൈവശം വച്ചിരിക്കുന്നത്. അമേരിക്കൻ ഇന്‍വെസ്റ്റ്മെന്‍റ് മാനേജിങ് കമ്പനിയായ റെഡ് ബേഡ് ക്യാപിറ്റൽ, ഫോക്സ് കോർപറേഷൻ ലച്ച്‍ലൻ മർഡോക്ക് എന്നിവരും ഓഹരി ഉടമകളാണ്.

X
Top