
കൊച്ചി: വണ്ണം കുറയ്ക്കൽ യജ്ഞവുമായി ഇന്ത്യൻ വിപണിയിൽ ബഹുരാഷ്ട്ര കമ്പനികളുടെ മരുന്നു യുദ്ധം. അമിത വണ്ണം കുറയ്ക്കാനുള്ള മരുന്നുമായി യുഎസ് കമ്പനിയായ എലൈ ലില്ലി എത്തിയതിനു പിന്നാലെ പുതിയ മരുന്നുമായി ഡെൻമാർക് കമ്പനിയായ നോവോ നോർഡിസ്കും ഇന്ത്യൻ വിപണിയിലിറങ്ങി.
രാജ്യത്തെ 15–49 പ്രായ വിഭാഗത്തിലുള്ള 23% പേർ അമിത ഭാരമോ, അമിത വണ്ണമോ മൂലമുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവരാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് തടി കുറയ്ക്കാനുള്ള മരുന്നുകളുടെ വിപണി യുദ്ധം.
സൺ ഫാർമ, സിപ്ല, ഡോ. റെഡ്ഡീസ്, ലൂപിൻ, ബയോകോൺ തുടങ്ങിയ കമ്പനികൾ കൂടി സമാന രീതിയിലുള്ള വില കുറഞ്ഞ മരുന്നുകൾ വിപണിയിലെത്തിക്കുന്നതോടെ വണ്ണം കുറയ്ക്കാനുള്ള മത്സരത്തിന് ആവേശം കൂടും.
മാർച്ചിൽ വിപണിയിലെത്തിയ എലൈ ലില്ലിയുടെ മരുന്നിന്റെ വിൽപന ഏപ്രിൽ, മേയ് മാസങ്ങളിൽ കുതിച്ചു കയറി. ഈ വിപണി സാധ്യത തിരിച്ചറിഞ്ഞാണു നോവോ നോർഡിസ്കിന്റെ പുതിയ മരുന്നും കളത്തിലിറങ്ങിയത്. വിവിധ ഡോസുകളിൽ ലഭ്യമാകുന്ന മരുന്നുകളുടെ പ്രതിമാസ ചെലവ് ഏകദേശം 17,500 രൂപ വരും.
ഇരു കമ്പനികളും ഈ മരുന്നുകൾ നിലവിൽ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നില്ല. വിപണി സാധ്യത കണക്കിലെടുത്തു ഭാവിയിൽ ഇന്ത്യയിൽ ഉൽപാദനം തുടങ്ങാനുള്ള സാധ്യത തള്ളിക്കളയുന്നുമില്ല.
2025 മാർച്ചിലെ കണക്കനുസരിച്ചു രാജ്യത്ത് അമിത വണ്ണം കുറയ്ക്കാനുള്ള മരുന്നിന്റെ വിപണി 575 കോടി രൂപയുടേതാണ്. ആഗോള ബ്രാൻഡുകളുടെ തടികുറയ്ക്കൽ മരുന്നുകളുടെ വരവോടെ ഈ വിപണി പല മടങ്ങായി ഉയരുമെന്നാണു പ്രതീക്ഷ.
2023–24 വർഷത്തിൽ ഇന്ത്യക്കാർ കഴിച്ചത് 2.02 ലക്ഷം കോടി രൂപയുടെ മരുന്നുകളാണെന്നാണു ഫാർമസ്യൂട്ടിക്കൽ വകുപ്പിന്റെ കണക്ക്. ഇന്ത്യയിൽ നിന്നുള്ള മരുന്നു കയറ്റുമതി ഇതിലുമേറെയാണ്– 2.28 ലക്ഷം കോടി രൂപ.
കഴിഞ്ഞ 5 വർഷമായി 10% വീതം വർധനയാണ് ഇന്ത്യൻ മരുന്നു വിപണിയിലുണ്ടാകുന്നത്. വിപണി സാധ്യത കണ്ടറിഞ്ഞ് 2023–24 വർഷത്തിൽ മാത്രം വിദേശ മരുന്നു നിർമാതാക്കൾ ഇന്ത്യയിൽ നിക്ഷേപിച്ചത് 12,822 കോടി രൂപ.