പഞ്ചസാര ഉത്പാദനം കുത്തനെ ഇടിയുന്നുആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാനുള്ള നിര്‍ണായക നടപടിയുമായി കേന്ദ്രം2028ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോർട്ട്ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഒരു വർഷമായി മാറ്റമില്ലാതെ ഇന്ധന വിലഇന്ത്യയിൽ കണ്ണുവച്ച് ആഗോള ചിപ്പ് കമ്പനികൾ

കൊച്ചി-ബെംഗളൂരു ഗെയിൽ പൈപ്പ്‍ലൈൻ മാർച്ച്-ഏപ്രിലോടെ പൂർത്തിയായേക്കും; പെട്രോനെറ്റിന്റെ കൊച്ചി ടെർമിനൽ ഉപയോഗശേഷി കുതിച്ചുയരും

കൊച്ചി: പ്രകൃതിവാതകത്തിന്റെ ദേശീയ ഗ്രിഡിൽ (നാഷണൽ ഗ്യാസ് ഗ്രിഡ്) ഇടംപിടിക്കാൻ ഇനി കൊച്ചിക്ക് മുന്നിൽ ചെറിയ ദൂരം മാത്രം. ദേശീയ ഗ്രിഡിൽ ഇടംപിടിച്ചാൽ കൊച്ചിയിൽ നിന്നുള്ള പ്രകൃതിവാതകം (നാച്ചുറൽ ഗ്യാസ്) പൈപ്പ്‍ലൈൻ വഴി ഇന്ത്യയിൽ എവിടെയും വിതരണം ചെയ്യാം.

റോഡ് മാർഗം ടാങ്കർ ലോറികളിലും മറ്റും നീക്കം ചെയ്യേണ്ടതില്ലെന്നതാണ് നേട്ടം.

കൊച്ചിയിൽ നിന്ന് പാലക്കാട്, കോയമ്പത്തൂർ, കൃഷ്ണഗിരി, സേലം വഴി ബെംഗളൂരുവിലേക്ക് ഗെയിൽ ഇന്ത്യ ലിമിറ്റഡ് സ്ഥാപിക്കുന്ന പ്രകൃതിവാതക പൈപ്പ്‍ലൈൻ പദ്ധതി 2025 മാർച്ച്-ഏപ്രിലിൽ പൂർത്തിയായേക്കും.

നിലവിലെ കരാർ പ്രകാരം മാർച്ചിലാണ് പദ്ധതി പൂർത്തിയാക്കേണ്ടതെങ്കിലും നിർമാണപ്രവർത്തനങ്ങൾ ഏപ്രിൽവരെ നീണ്ടേക്കാമെന്ന് ഗെയിൽ അധികൃതർ പറഞ്ഞു. പൈപ്പ്‍ലൈൻ പദ്ധതി പൂർത്തിയാക്കി, കമ്മിഷൻ ചെയ്യുന്നതോടെ കൊച്ചി ദേശീയ ഗ്രിഡിൽ ഇടംനേടും.

എറണാകുളം വല്ലാർപാടത്തിന് സമീപം പുതുവൈപ്പിൽ പെട്രോനെറ്റ് എൽഎൻജി സ്ഥാപിച്ച എൽഎൻജി ടെർമിനലിൽ നിന്നുള്ള പ്രകൃതിവാതകമാണ് പൈപ്പ്‍ലൈൻ വഴി വിതരണം ചെയ്യുക. നിലവിൽ കൊച്ചിയിൽ നിന്ന് പാലക്കാട് കൂറ്റനാട് വഴി, മലബാർ ജില്ലകളിലൂടെ മംഗലാപുരത്തേക്ക് പൈപ്പ്‍ലൈനുണ്ട്.

മൂന്നുവർഷത്തോളം മുമ്പ് കമ്മിഷൻ ചെയ്ത ഈ പദ്ധതി വഴിയാണ് മലബാർ ജില്ലകളിൽ സിറ്റി ഗ്യാസ് (പാചകാവശ്യത്തിനുള്ള പ്രകൃതിവാതകം അഥവാ പിഎൻജി) വിതരണവും വാഹന ഇന്ധനമായ സിഎൻജിയുടെ വിതരണവും. മംഗലാപുരത്തെ നിരവധി വ്യവസായശാലകളും പെട്രോനെറ്റ് എൽഎൻജിയുടെ ഉപഭോക്താക്കളാണ്.

കൊച്ചി-ബെംഗളൂരു പൈപ്പ്‍ലൈനിന്റെ കോയമ്പത്തൂർ വരെയുള്ള നിർമാണം പൂർത്തിയാകുകയും നിലവിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) കോയമ്പത്തൂർ മേഖലയിൽ സിറ്റി ഗ്യാസ് വിതരണം നടത്തുകയും ചെയ്യുന്നുണ്ട്.

ദേശീയപാതയ്ക്ക് അനുബന്ധമായാണ് കോയമ്പത്തൂർ മുതൽ ബെംഗളൂരു വരെയുള്ള പൈപ്പ്‍ലൈൻ തമിഴ്നാടിന്റെ പരിധിയിൽ പ്രധാനമായും സ്ഥാപിക്കുന്നത്.

X
Top