കേരളത്തിലുടനീളം ആവശ്യത്തിന് ഇന്ധനലഭ്യത ഉറപ്പാക്കിയതായി പൊതുമേഖലാ എണ്ണക്കമ്പനികൾപെട്രോൾ കയറ്റുമതിക്ക് വിൻഡ്ഫോൾ ടാക്സ് ഏർപ്പെടുത്തി കേന്ദ്രം; ഡീസൽ തീരുവ കുറച്ചുപ്ലാറ്റിനം ഇറക്കുമതി തീരുവ കുത്തനെ കൂട്ടി; രാജ്യത്ത് കാറുകളുടെയും വാണിജ്യ വാഹനങ്ങളുടെയും വില കൂടിയേക്കുംഏപ്രിലിൽ ഇന്ത്യയുടെ കയറ്റുമതി ഉയർന്നുറഷ്യൻ ക്രൂഡോയിൽ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ‘ഇളവ്’ പിൻവലിച്ച് യുഎസ്

ഇന്ത്യൻ മാമ്പഴ ഇറക്കുമതി വലിയ ചർച്ചയാക്കി യുഎസ് മാധ്യമങ്ങൾ‌

കൃത്യം ഒരുവർഷം മുൻപാണ് ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്ത മാമ്പഴങ്ങൾക്ക് യുഎസ് അധികൃതർ അനുമതി നിഷേധിച്ചത്. സാൻ ഫ്രാൻസിസ്കോ, അറ്റ്ലാന്റ, ലൊസാഞ്ചലസ് വിമാനത്താവളങ്ങളിൽ എത്തിയ മാമ്പഴങ്ങൾ നശിപ്പിക്കാനോ ഇന്ത്യയിലേക്ക് തന്നെ തിരിച്ചുകൊണ്ടുപോകാനോ അവർ ആവശ്യപ്പെട്ടു. മറ്റു മാർഗങ്ങളില്ലാതെ മാമ്പഴങ്ങളെല്ലാം നശിപ്പിക്കേണ്ടിയും വന്നു. 15 ലോഡ് മാമ്പഴങ്ങൾ നശിപ്പിച്ചതോടെ നഷ്ടം കോടികൾ.

ഇപ്പോഴിതാ, കൃത്യം ഒരുവർഷത്തിനുശേഷം ഇന്ത്യയിൽ നിന്ന് വീണ്ടും മാമ്പഴങ്ങൾ എത്തിയത് ആഘോഷിക്കുകയാണ് അമേരിക്ക. യുഎസ് മാധ്യമങ്ങൾ‌ ഇന്ത്യൻ മാമ്പഴ ഇറക്കുമതി വലിയ ചർച്ചയാക്കി. ചില ടെലിവിഷൻ ചാനലുകൾ പ്രഭാത ചർച്ചയ്ക്ക് പ്രധാന വിഷയമാക്കി. സിയാറ്റിലിലെ സ്റ്റോറുകളിലാണ് അൽഫോൻസോ, കേസർ മാമ്പഴങ്ങൾ എത്തിയത്.

ഇന്ത്യൻ മാമ്പഴങ്ങൾ സ്പെഷ്യൽ ആകാൻ ഒട്ടേറെ കാരണങ്ങളുണ്ടെന്ന് സിയാറ്റിലിലെ ഇന്ത്യൻ കോൺസുൽ ജനറൽ പ്രകാശ് ഗുപ്ത പ്രതികരിച്ചു. ഇത് ‘മാമ്പഴ നയതന്ത്രം’ ആണെന്ന് അഭിപ്രായപ്പെട്ട ഗുപ്ത, 2006ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് ഇന്ത്യയിലെത്തിയപ്പോൾ കഴിച്ച അൽഫോൻസോ മാമ്പഴത്തിന്റെ സ്വാദിനെ പ്രകീർത്തിച്ച കാര്യവും ഓർത്തെടുത്തു. ബുഷിന്റെ ഇന്ത്യാ സന്ദർശനത്തിന് ശേഷമാണ് ഇന്ത്യൻ മാമ്പഴങ്ങൾ അമേരിക്കയിലേക്ക് വൻതോതിൽ ഒഴുകിത്തുടങ്ങിയത്.

അതേസമയം, യുഎസ് അധികൃതർക്കുതന്നെ സംഭവിച്ച പിഴവായിരുന്നു കഴിഞ്ഞവർഷം ഇന്ത്യൻ മാമ്പഴങ്ങൾ ഏറ്റെടുക്കേണ്ടെന്ന യുഎസിന്റെ നിലപാടിന് വഴിവച്ചത്. മുംബൈയിൽ 2025 മേയ് 8, 9 തീയതികളിൽ ഇറേഡിയേഷൻ (irradiation) നടപടികൾ പൂർത്തിയാക്കിയശേഷമായിരുന്നു യുഎസിലേക്കുള്ള മാമ്പഴക്കയറ്റുമതി.

ഇന്ത്യൻ മാമ്പഴങ്ങളുടെ ഏറ്റവും വലിയ വിപണിയുമാണ് യുഎസ്. കീടങ്ങളെ തടയുന്നതിന് പ്രത്യേക ഡോസിലുള്ള റേഡിയേഷൻ നടത്തുന്ന പ്രക്രിയയാണ് ഇറേഡിയേഷൻ. യുഎസ് കാർഷിക വകുപ്പിലെ (USDA) ഒരു ഓഫിസറുടെ സാന്നിധ്യത്തിലായിരുന്നു ഈ നടപടി.

ഈ ഓഫിസറാണ് കയറ്റുമതിക്ക് ആവശ്യമായ പിപിക്യു203 ഫോം സർട്ടിഫൈ ചെയ്തു നൽകേണ്ടിയിരുന്നത്. ഓഫിസർ തെറ്റായ പിപിക്യു203 ആണ് നൽകിയതെന്നും ഇതാണ് മാമ്പഴങ്ങൾക്ക് അനുമതി നിഷേധിക്കാനിടയാക്കിയതെന്നും കയറ്റുമതിക്കാർ പ്രതികരിച്ചിരുന്നു.

ഏകദേശം 5 ലക്ഷം ഡോളറിന്റെ (4.25 കോടി രൂപ) നഷ്ടമാണ് കയറ്റുമതിക്കാർ നേരിട്ടത്. ചരക്കുകൂലി ഉൾപ്പെടെ നൽകി ഇന്ത്യയിലേക്ക് തിരികെക്കൊണ്ടുപോവുന്നത് വൻ സാമ്പത്തിക നഷ്ടം കൂടിയുണ്ടാക്കുമെന്നതിനാൽ നശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

രോഗക്കിടക്കയിൽ പാക്കിസ്ഥാനി മാമ്പഴം
ലോകത്തെ ഏറ്റവും വലിയ മാമ്പഴ ഉൽപാദക രാജ്യമാണ് ഇന്ത്യ. ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്താൻ ശ്രമിച്ച പാക്കിസ്ഥാൻ പക്ഷേ, ‘രോഗം’ മൂലം വെട്ടിലായിരിക്കുകയാണ്. കീടങ്ങളുടെ ആക്രമണം മൂലം സിന്ധ്രി, സരോലി തുടങ്ങിയ ഇനം മാമ്പഴങ്ങൾ ഏറ്റെടുക്കുന്നതിൽ നിന്ന് ഇടനിലക്കാർ പിൻവാങ്ങിയത് കർഷകർക്ക് തിരിച്ചടിയായി.

ഉൽപാദനം 15% കുറഞ്ഞതും ആഘാതമാണ്. ഹോർമുസ് പ്രതിസന്ധിയും അതിർത്തി സംഘർഷം മൂലം അഫ്ഗാനിസ്ഥാൻ അതിർത്തി മാസങ്ങളായി അടഞ്ഞുകിടക്കുന്നതും കയറ്റുമതിയെ ബാധിച്ചു. പാക്കിസ്ഥാനിലെ പ്രമുഖ മാമ്പഴ ഉൽപാദന കേന്ദ്രമായ സിന്ധ് പ്രവിശ്യയിലാണ് പ്രതിസന്ധി ഏറെ.

1500ലേറെ ഇനം മാമ്പഴം
ഇന്ത്യയിൽ ഏതാണ്ട് 1500ലേറെ ഇനം മാമ്പങ്ങൾ ഉൽപാദിപ്പിക്കുന്നുണ്ട്. 140 കോടി ജനങ്ങളിൽ നിന്ന് വലിയ ഡിമാൻഡ് തന്നെയുള്ളതിനാൽ ഉൽപാദനത്തിന്റെ സിംഹഭാഗവും ഒഴുകുന്നത് ആഭ്യന്തര വിപണിയിലേക്കാണ്. നിലവിൽ ഏതാണ്ട് 27,800 കോടി രൂപയാണ് ആഭ്യന്തര മാമ്പഴ വിപണിയുടെ മൂല്യം. 2030ഓടെ ഇത് 40,000 കോടി കടക്കുമെന്നാണ് വിലയിരുത്തൽ.

ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഒഡീഷ, ബംഗാൾ, ഛത്തീസ്ഗഡ്, ജാർഖണ്ഡ് എന്നിവയാണ് പ്രധാന ഉൽപാദക സംസ്ഥാനങ്ങൾ.
∙ മാമ്പഴ ഉൽപാദനത്തിൽ ഒന്നാമതാണെങ്കിലും കയറ്റുമതിയിൽ ഇന്ത്യ പിന്നിലാണ്.

മെക്സിക്കോയാണ് ഏറ്റവും വലിയ കയറ്റുമതിക്കാർ.
∙ ബ്രസീൽ, നെതർലൻഡ്സ്, യുഎസ്, ജർമനി, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാൻ എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.

∙ ഇന്ത്യ പ്രതിവർഷം ശരാശരി 32,000 മെട്രിക് ടൺ മാമ്പഴം കയറ്റുമതി ചെയ്യുന്നുണ്ട്. മൊത്തം ഉൽപാദനത്തിന്റെ ഒരു ശതമാനത്തോളം മാത്രമാണിത്.

X
Top