
കൊച്ചി: ഇന്ത്യയിൽ അസംഘടിത മേഖലയിൽ ഏറ്റവുമധികം ‘വേതനം’ കിട്ടുന്ന നഗരമേത്? മുംബൈയോ പുണെയോ ചെന്നൈയോ ബംഗളൂരുവോ ഡൽഹിയോ അല്ല. നമ്മുടെ കേരളത്തിലെ എറണാകുളം. വർഷം ശരാശരി 2.18 ലക്ഷം രൂപ എറണാകുളത്ത് ജോലി ചെയ്യുന്നവർ നേടുമ്പോൾ മുംബൈ സബർബനിൽ ഇതു 1.81 ലക്ഷം മാത്രം. കോട്ടയം, വയനാട്, തൃശൂർ, ഇടുക്കി, തിരുവനന്തപുരം എന്നിവയേക്കാളും പിന്നിലാണ് മുംബൈയും പുണെയും ഉൾപ്പെടെയുള്ള രാജ്യത്തെ വൻകിട നഗരങ്ങൾ.
2025ലെ ആനുവൽ സർവേ ഓഫ് അൺഇൻകോർപറേറ്റഡ് സെക്ടർ എന്റർപ്രൈസസ് (അസ്യൂസ്-2025) പ്രകാരമുള്ള പട്ടികയിലെ ടോപ്10ൽ എറണാകുളത്തിനാണ് ഒന്നാംസ്ഥാനം. 2.13 ലക്ഷം രൂപയുമായി തമിഴ്നാട്ടിലെ തിരുപ്പുർ രണ്ടാമതും ഏകദേശം ഇതേ തുകയുമായി തെലങ്കാനയിലെ രംഗറെഡ്ഡി മൂന്നാമതുമാണ്. 2.12 ലക്ഷം രൂപയുമായി കോട്ടയം നാലാംസ്ഥാനവും 2.09 ലക്ഷവുമായി തൃശൂർ 5-ാം സ്ഥാനവും നേടി.
ഇടുക്കിക്ക് എട്ടാം സ്ഥാനം
ആൻഡമാൻ നിക്കോബാറിനാണ് ആറാംസ്ഥാനം (2.08 ലക്ഷം). വയനാട് 2.02 ലക്ഷവുമായി 7-ാം സ്ഥാനം നേടിയപ്പോൾ തൊട്ടടുത്ത് 2.01 ലക്ഷവുമായി ഇടുക്കി എട്ടാമതാണ്. ജാർഖണ്ഡിലെ പലമു ആണ് 1.99 ലക്ഷവുമായി ഒൻപതാമത്. ഏകദേശം സമാനതുകയുമായി തിരുവനന്തപുരം 10-ാം സ്ഥാനത്തുമുണ്ട്. അതായത്, ടോപ്10ൽ ആറും കേരളത്തിൽ നിന്നുള്ളവ.
പുണെയിൽ ശരാശരി വേതനം 1.75 ലക്ഷം രൂപയാണ്. മറ്റു സംസ്ഥാനങ്ങളിലെ ചെറു നഗരങ്ങളും വലിയ നഗരങ്ങളെ കടത്തിവെട്ടിയിട്ടുണ്ട്. ഉദാഹരണത്തിന്, കർണാടകയിൽ മൈസൂരുവിൽ 1.84 ലക്ഷമാണെങ്കിൽ ബംഗളൂരുവിൽ 1.57 ലക്ഷമേയുള്ളൂ. ചെന്നൈയിൽ 1.73 ലക്ഷം രൂപയാണ്; തിരുപ്പുരിൽ 2.13 ലക്ഷം. കോയമ്പത്തൂരിൽ 1.88 ലക്ഷം.
വജ്രനഗരം പിന്നിൽ
ഗുജറാത്തിലെ വജ്രഗനരമായ സൂറത്തിൽ 1.86 ലക്ഷം രൂപ. അതേസമയം അഹമ്മദാബാദിൽ 1.73 ലക്ഷം മാത്രം. തലസ്ഥാനമായ ഗാന്ധിനഗറിൽ 1.63 ലക്ഷവും. ഹരിയാനയിൽ രാജ്യതലസ്ഥാനമായ ന്യൂഡൽഹിയോട് ചേർന്നുള്ള ഗുരുഗ്രാമിൽ 1.46 ലക്ഷം രൂപയാണ്. എന്നാൽ, ഇതിനേക്കാളും കൂടുതലാണ് സംസ്ഥാനത്തെ റോഹ്തക്കിൽ; 1.82 ലക്ഷം.
ഉത്തർപ്രദേശിലെ ലക്നൗവിൽ 1.17 ലക്ഷം രൂപയേയുള്ളൂ. അതേസമയം, ഷാമ്ലിയിൽ 1.48 ലക്ഷമാണ്. പഞ്ചാബിലെ ഭട്ടിൻഡയിൽ 1.62 ലക്ഷം; അമൃത്സറിൽ 1.17 ലക്ഷം മാത്രം.






