
20 ശതമാനം എഥനോൾ കലർത്തിയ ഇ20 പെട്രോൾ ഉപയോഗിക്കുന്നതിൽ രാജ്യത്തെ പെട്രോൾ വാഹന ഉടമകൾക്കിടയിൽ വ്യാപകമായ അസംതൃപ്തിയുണ്ടെന്ന് പുതിയ സർവേ. പ്രത്യേകിച്ച് 2023-ന് മുമ്പ് നിർമ്മിച്ച വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കാണ് കൂടുതൽ ആശങ്കകളുള്ളത്.
രാജ്യത്തെ 316 ജില്ലകളിലെ 22,567 പെട്രോൾ വാഹന ഉടമകളെ ഉൾപ്പെടുത്തി ലോക്കൽ സർക്കിൾസ് നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. പ്രതികരിച്ചവരിൽ 53 ശതമാനം പേരും ഇ20 വിഷയത്തിൽ റോഡ് ഗതാഗത മന്ത്രാലയത്തിന്റെയും പെട്രോളിയം മന്ത്രാലയത്തിന്റെയും ഇടപെടൽ ‘ദുരന്തപൂർണമോ’ ‘അപര്യാപ്തമോ’ ആണെന്ന് വിലയിരുത്തി. ഇതിൽ 42 ശതമാനം പേർ നടപടിയെ ‘ദുരന്തപൂർണം’ എന്നാണ് വിശേഷിപ്പിച്ചത്. അതേസമയം, 13 ശതമാനം പേർ മാത്രമാണ് കേന്ദ്രത്തിന്റെ നിലപാടിനെ അനുകൂലിച്ചത്.
ഇന്ധനക്ഷമതയും വാഹനങ്ങളുടെ പരിപാലനച്ചെലവും സംബന്ധിച്ച ആശങ്കകളാണ് സർവേയിൽ പ്രധാനമായും ഉയർന്നത്. 2023-ന് മുമ്പ് നിർമ്മിച്ച പെട്രോൾ വാഹനങ്ങളുടെ 66 ശതമാനം ഉടമകളും ഇ20 ഉപയോഗിച്ചതിന് ശേഷം വാഹനത്തിന്റെ മൈലേജ് കുറഞ്ഞതായി അഭിപ്രായപ്പെട്ടു. ശരാശരി 10 ശതമാനം വരെ മൈലേജ് കുറഞ്ഞുവെന്നാണ് ഇവർ പറയുന്നത്.
അതേസമയം, 45 ശതമാനം പേർ വാഹനത്തിലെ യന്ത്രഭാഗങ്ങളുടെ തേയ്മാനം വർധിച്ചതായും അറ്റകുറ്റപ്പണി ചെലവ് ഉയർന്നതായും വ്യക്തമാക്കി. കൂടുതൽ വില നൽകേണ്ടിവന്നാലും ഇ0 അല്ലെങ്കിൽ ഇ10 പെട്രോൾ ലഭ്യമാക്കിയാൽ അത് തിരഞ്ഞെടുക്കുമെന്നാണ് 2023-ന് മുമ്പുള്ള വാഹന ഉടമകളിൽ ഏകദേശം 31 ശതമാനം പേരുടെ നിലപാട്.
പെട്രോളിൽ എഥനോൾ കലർത്തുന്ന പദ്ധതിയെ കേന്ദ്ര സർക്കാർ തുടർച്ചയായി ന്യായീകരിച്ചുവരുന്നതിനിടെയാണ് ഈ സർവേ ഫലം പുറത്തുവന്നിരിക്കുന്നത്. പദ്ധതിയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ 2027-ഓടെ മാത്രമേ വ്യക്തമായി വിലയിരുത്താൻ കഴിയൂവെന്ന് കേന്ദ്ര സർക്കാർ അടുത്തിടെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
2023 ഏപ്രിലിന് മുമ്പ് നിർമ്മിച്ച വാഹനങ്ങൾ ഇ10 ഇന്ധനത്തിനനുസരിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2025 ഏപ്രിൽ മുതൽ നിർമ്മിക്കുന്ന വാഹനങ്ങളെയാണ് പൂർണമായും ഇ20-അനുയോജ്യമെന്ന് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ പഴയ പെട്രോൾ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കിടയിൽ ഇ20 സംബന്ധിച്ച ആശങ്കകൾ തുടരുകയാണ്.






