ഗഗന്യാന് ദൗത്യത്തിന്റെ ഭാഗമായി സുപ്രധാന പരീക്ഷണത്തിന് ഒരുങ്ങുകയാണ് ഇസ്രോ (ഐഎസ്ആര്ഒ). ക്രൂ മോഡ്യൂളിന്റെ പാരച്യൂട്ട് സംവിധാനത്തിന്റെ പരീക്ഷണം ദിവസങ്ങള്ക്കുള്ളിൽ നടക്കുമെന്നാണ് വിവരം.
ഇന്റഗ്രേറ്റഡ് എയര് ഡ്രോപ്പ് ടെസ്റ്റ് (ഐ.എ.ഡി.ടി.) എന്ന് വിളിക്കുന്ന ഈ പരീക്ഷണത്തിന്റെ ഭാഗമായി ഒരു ചീനൂക് ഹെലികോപ്റ്ററില് നിന്ന് നിശ്ചിത ഉയരത്തില് വെച്ച് ക്രൂ മോഡ്യൂള് താഴേക്കിടുകയും പാരച്യൂട്ട് സംവിധാനം പ്രവര്ത്തിപ്പിച്ച് പരീക്ഷിക്കുകയും ചെയ്യും.
പാരച്യൂട്ടുകള് കൃത്യമായി നിവര്ത്തി പേടകം കടലില് സുരക്ഷിതവും സമയബന്ധിതമായും വീഴ്ത്തുന്നത് ഇതിൽ പരീക്ഷിക്കുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്ട്ടിൽ പറയുന്നു.
ഐ.എ.ഡി.ടി. പരീക്ഷണങ്ങളിൽ ആദ്യത്തേതാണിത്. പാരച്യൂട്ട് ഒട്ടും തുറക്കാതിരിക്കുക, ഏതെങ്കിലും ഒന്ന് തുറക്കുക തുടങ്ങിയ സാഹചര്യങ്ങള് ഐ.എ.ഡി.ടി. പരീക്ഷണങ്ങളുടെ ഭാഗമായി നടത്തും.
സമുദ്രത്തില് വീഴുന്ന ക്രൂ മോഡ്യൂളിനെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ കണ്ടെത്തുകയും നേവിയുടെ സഹായ്തതോടെ വീണ്ടെടുത്ത് ചെന്നൈ തീരത്തെത്തിക്കുകയും ചെയ്യും. ക്രൂ മോഡ്യൂളിലാണ് ഗഗന്യാന് സഞ്ചാരികള് യാത്ര ചെയ്യുക.
ഒക്ടോബറില് നടത്തിയ ആദ്യ ടെസ്റ്റ് വെഹിക്കിള് ദൗത്യത്തില് സമുദ്രത്തില് വീണ പേടകം തലകീഴായാണ് കിടന്നിരുന്നത്. ഈ സാഹചര്യത്തില് പേടകം വീണ്ടെടുക്കുന്ന ജോലികളും പരിശീലിക്കേണ്ടതായുണ്ട്.
അതേസമയം, ഐഎസ്ആര്ഒ കൂടുതല് ടെസ്റ്റ് വെഹിക്കിള് ദൗത്യങ്ങള് നടത്തും. ഇതില് ഒരു സിംഗിള് സ്റ്റേജ് റോക്കറ്റില് ക്രൂ മോഡ്യൂളുകള് നിശ്ചിത ഉയരത്തിലെത്തിക്കുകയും വിവിധ സാങ്കേതിക വിദ്യകള് പരീക്ഷിക്കുകയും ചെയ്യും.