തിരുവനന്തപുരം: ടൂറിസം വകുപ്പ് ടൂറിസം നിക്ഷേപക സംഗമം സംഘടിപ്പിക്കും. നവംബർ 16നു തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ടൂറിസം മേഖലയിൽ നിക്ഷേപം നടത്തുന്നതിനും പുതിയ ആശയങ്ങളും ഉൽപന്നങ്ങളും അവതരിപ്പിക്കുന്നതിനും സ്വകാര്യ നിക്ഷേപകരുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം പ്രയോജനപ്പെടുത്തുകയാണു നിക്ഷേപക സംഗമം ലക്ഷ്യമിടുന്നതെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
സംസ്ഥാനത്ത് ടൂറിസം നിക്ഷേപം നടത്താനാകുന്ന മേഖലകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് നിക്ഷേപക സംഗമത്തിൽ പരിചയപ്പെടുത്തും. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി 350ലധികം പ്രതിനിധികൾ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു.
സംരംഭകരെ സഹായിക്കാനായി ടൂറിസം ഡയറക്ടറേറ്റിൽ പ്രത്യേക സംവിധാനം ഒരുക്കും. സംസ്ഥാനത്തിന്റെ ജിഡിപിയിൽ ടൂറിസം മേഖലയുടെ സംഭാവന 10 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്താനുള്ള ശ്രമമാണു നിക്ഷേപക സംഗമമെന്ന് ടൂറിസം സെക്രട്ടറി കെ.ബിജു പറഞ്ഞു.
ഇക്കോ, സാഹസിക, ഉത്തരവാദിത്ത, സുസ്ഥിര ടൂറിസം പദ്ധതികൾ സമ്മേളനത്തിൽ പ്രദർശിപ്പിക്കും.